ആലപ്പുഴ:യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍. കൊല്ലം ഇരവിപുരം വാളത്തുംഗല്‍ സ്വദേശി മെന്റല്‍ അപ്പു എന്ന അല്‍ത്താഫ് (27), ഇരവിപുരം വടക്കേവിള സ്വദേശി തൗഫീഖ് (22) എന്നിവരാണ് അറസ്റ്റിലായത്.
ഇരവിപുരത്ത് നിന്നാണ് കായംകുളം പൊലീസ് ഇരുവരെയും പിടികൂടിയത്. മാര്‍ച്ച് അഞ്ചിന് രാവിലെ 6.15 ഓടെ ആയിരുന്നു കേസിന് ആധാരമായ സംഭവം. കരീലക്കുളങ്ങര സ്പിന്നിംഗ് മില്ലിലെ ജീവനക്കാരിയും കൃഷ്ണപുരം കാപ്പില്‍ സ്വദേശിനിയുമായ യുവതിയെ ആണ് ആക്രമിച്ച് മാല പിടിച്ചു പറിക്കാന്‍ ശ്രമിച്ചത്.
നമ്പര്‍ പ്ലേറ്റില്ലാത്ത ഇരുചക്ര വാഹനത്തില്‍ യുവതിയെ പിന്തുടര്‍ന്ന പ്രതികള്‍ കായംകുളം സെന്റ് മേരീസ് സ്‌കൂളിന് മുന്‍വശം വച്ച് യുവതിയെ തലയ്‌ക്കും കഴുത്തിനും ആക്രമിച്ച് മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ സ്‌കൂട്ടര്‍ മറിഞ്ഞ് യുവതി വീണതോടെ പ്രതികള്‍ കടന്നുകളഞ്ഞു. തുടര്‍ന്ന് പൊലീസ് 250ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഹെല്‍മെറ്റ് ധരിച്ചെത്തിയ പ്രതികളെ തിരിച്ചറിഞ്ഞത്.
















