തിരുവനന്തപുരം: ഭാരതത്തിൽ സമ്പൂർണ്ണ ഗോവധ നിരോധനം നടത്താൻ ലക്ഷ്യമിട്ട് സംന്യാസി സംഘം നടത്തുന്ന പ്രചാരണ പരിപാടികൾ മാർച്ച് 12 മുതൽ മൂന്നു ദിവസം കേരളത്തിൽ. ഗോവിന് ശ്രേഷ്ഠപദവി നൽകുക, ഗോവധ നിരോധനം സമ്പൂർണ്ണമായി നടപ്പാക്കുക എന്നിവയാണ് ലക്ഷ്യം. ഇതിനായി ഏപ്രിൽ 27 ന് ഗോ ബഹുമാനദിനം ആഘോഷിക്കും. അന്ന് ഭാരതത്തിലെ എല്ലാ പൗരന്മാരെയും വിദ്യാർത്ഥികളേയും കൊണ്ട് സംഘടിതമായി പ്രധാനമന്ത്രിക്ക് ട്വീറ്റ് ചെയ്യുന്നതുൾപ്പെടെയുള്ള പ്രചാരണ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
ഇതിന്റെ ഭാഗമായി പ്രചാരണവും ആസൂത്രണവും നടത്താൻ കേരളത്തിൽ മൂന്നിടത്താണ് സംന്യാസി സംഘത്തിന്റെ യോഗം സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് കോട്ടയ്‌ക്കകത്തുള്ള ശൃംഗേരി ശങ്കരമഠത്തിൽ മാർച്ച് 12 ന് കാലത്ത് 9 മുതൽ 12 വരെ ഗോമഹിമാ സത്സംഗം നടക്കും. 13 ന് എറണാകുളത്താണ്. കലൂർ പാവക്കുളം ശിവക്ഷേത്രത്തിലാണ് സത്സംഗം. 14 ന് കണ്ണൂർ തളാപ്പിലെ സുന്ദരേശ്വര ക്ഷേത്രത്തിലെ നവതി ഹാളിലാണ് സത്സംഗം. ഭാരതത്തിലെ പ്രമുഖ സംന്യാസിമാർ പങ്കെടുക്കും.
ഈ പ്രചാരണ പരിപാടികളിൽ മൈക്ക് ഉപയോഗിക്കില്ല, വേദികളോ, പ്രസംഗമോ ഉണ്ടാവില്ല. ആർക്കെങ്കിലും എതിരേയോ അനുകൂലിച്ചോ ആയിരിക്കില്ല പരിപാടികൾ, ഗോ മഹിമ പ്രചരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.
പ്രചാരണ പരിപാടികളുടെ രീതി ഇങ്ങനെയാണ്: 2026 ഏപ്രിൽ 27 ന് കാലത്ത് 10 മുതൽ രണ്ടുമണിക്കൂർ സംന്യാസിമാർ, ഗോഭക്തർ, പ്രമുഖർ അതത് പ്രദേശത്തെ റവന്യൂവകുപ്പ് ഓഫീസുകളിൽ പോയി രാഷ്‌ട്രപതി, പ്രധാനമന്ത്രി, ഗവർണർ, മുഖ്യമന്ത്രി എന്നിവരുടെ പേരിൽ ഗോസേവനം, ഗോ സംരക്ഷണം, ഗോ ബഹുമാനം എന്നിവയ്‌ക്കായി അപേക്ഷകൾ നൽകും.
ഇതിന് ഫലം കണ്ടില്ലെങ്കിൽ ജൂലൈ 27ന് അതത് ജില്ലാ കേന്ദ്രങ്ങളിലും ഒക്‌ടോബർ 17ന് സംസ്ഥാന തലസ്ഥാനങ്ങളിലും അപേക്ഷ സമർപ്പിക്കും. 2027 ജനുവരിവരെ പ്രതികരണം ഒന്നും ഉണ്ടായില്ലെങ്കിൽ ഫെബ്രുവരി 27 ന് ദൽഹിയിലെത്തി സങ്കീർത്തനം പാടി, ആവശ്യങ്ങൾ ആവർത്തിക്കും. പിന്നെയും ഫലം കണ്ടില്ലെങ്കിൽ ആഗസ്ത് 15 മുതൽ ആയിരക്കണക്കിന് ദേശഭക്തരും സംന്യാസിമാരും ചേർന്ന് തപസ്യ ആരംഭിക്കുമെന്നാണ് ഗോ സമ്മാൻ ആഹ്വാൻ കമ്പയിന്റെ പദ്ധതി.











