ന്യൂദൽഹി: ടി20 ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ ഇന്ത്യൻ ടീമിന് 131 കോടി രൂപ സമ്മാനത്തുക ബിസിസിഐ പ്രഖ്യാപിച്ചു. ടൂർണമെന്റിന്റെ ചരിത്രത്തിൽ ആദ്യമായി ടി20 ലോകകപ്പ് നിലനിർത്തുന്ന ആദ്യ ടീമായി ഇന്ത്യൻ ടീം മാറിയെന്ന് ബിസിസിഐ പ്രസ്താവനയിൽ പറഞ്ഞു. ചരിത്ര നേട്ടത്തിന് കളിക്കാരെയും സപ്പോർട്ട് സ്റ്റാഫുകളെയും സെലക്ടർമാരെയും ബോർഡ് ഒരിക്കൽ കൂടി അഭിനന്ദിക്കുകയും ഭാവിയിൽ അവർക്ക് തുടർച്ചയായ വിജയം ആശംസിക്കുകയും ചെയ്യുന്നു.
പ്രഖ്യാപിച്ച 131 കോടി രൂപ ടീമിലെ താരങ്ങള്‍ക്കും പരിശീലകര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും വീതിച്ചു നല്‍കുമെന്ന് ബിസിസിഐ അറിയിച്ചു. വ്യക്തിഗത മികവിനേക്കാളുപരി ടീമിന്റെ ഒത്തൊരുമയ്‌ക്കും തയ്യാറെടുപ്പുകള്‍ക്കുമുള്ള അംഗീകാരമാണിതെന്ന് ബിസിസിഐ ഭാരവാഹികള്‍ വ്യക്തമാക്കി. ഓരോ അംഗത്തിന്റെയും കഠിനാധ്വാനമാണ് ഈ ചരിത്ര വിജയത്തിന് പിന്നിലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2024 ൽ ബാർബഡോസിൽ നടന്ന വിജയത്തിന് ബിസിസിഐ ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചത്. ഇത്തവണ ആറ് കോടി രൂപയുടെ വർധനയാണ് ഉണ്ടായത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ 96 റണ്ണിന് തകർത്താണ് ഇന്ത്യ തുടർച്ചയായ രണ്ടാം തവണയും ജേതാക്കളാകുന്നത്.
ഗൗതം ഗംഭീറിന്റെ പരിശീലനത്തിന് കീഴില്‍ ഇത്തവണ യുവനിരയുമായിട്ടാണ് ഇന്ത്യ എത്തിയത്. മലയാളി താരം സഞ്ജു സാംസണായിരുന്നു ടൂര്‍ണമെന്റിലെ താരം. സഞ്‌ജു സാംസൺ (321 റൺ), ഇഷാൻ കിഷൻ (317 റൺ), ജസ്‌പ്രീത് ബുമ്ര (14 വിക്കറ്റ്), അക്‌സർ പട്ടേൽ (11 വിക്കറ്റ്), ഹാർദിക് പാണ്ഡ്യ (217 റൺ, 9 വിക്കറ്റ്), ശിവം ദുബെ (235 റൺ, 5 വിക്കറ്റ്) എന്നിവരാണ് ഇൗ ലോകകപ്പിൽ ഇന്ത്യയുടെ കിരീടനേട്ടത്തിന് ചുക്കാൻ പിടിച്ചത്.
ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് സമ്മാനത്തുകയായി 27.48 കോടി രൂപയും ലഭിക്കും. റണ്ണറപ്പിന് 14.65 കോടിയാണ്. സെമിയിൽ പുറത്തായവർക്ക് 7.24 കോടിയുണ്ട്. സൂപ്പർ എട്ടിലെത്തിയവർക്ക് 3.48 കോടി. ഗ്രൂപ്പ്‌ഘട്ടത്തിൽ പുറത്തായവർക്ക് 2.29 കോടിയാണ്. ഇത്തവണ ആകെ സമ്മാനത്തുക 120 കോടിയാണ്. ഇത് കഴിഞ്ഞ തവണത്തേക്കാൾ 20 ശതമാനം കൂടുതലാണ്.
















