യുദ്ധങ്ങളില്ലാത്ത ലോകമേ!നീയെത്ര
ശാന്തം! മനോഹരം!ധന്യധന്യം!
ദുഃഖങ്ങളില്ലാത്ത കാലമേ!നീയെത്ര
മോഹനം സുന്ദരം സൗമ്യദീപ്തം!
ഞെട്ടിത്തെറിക്കുന്നൊരോര്‍മ്മകള്‍
മാത്രമായ്,
ഞെട്ടറ്റടര്‍ന്നതാമിന്നലെകള്‍.
വെട്ടിപ്പിടിച്ചിങ്ങു കൂട്ടിയതൊക്കെയും,
പട്ടടയോളം ചെന്നെത്തിനില്ക്കും.
കാലറ്റുപോയവര്‍, കൈയറ്റവര്‍, നിണം
വാര്‍ന്നുമരവിച്ച മൂകദൃശ്യം
കാണ്മതില്ലേ നമ്മള്‍
കേള്‍പ്പതില്ലേയെന്നും
ദീനവിലാപത്തിന്‍ മാറ്റൊലികള്‍?
നാളെതന്‍ വാഗ്ദാനമായവര്‍ക്കേകുവാ-
നെന്തുണ്ടുനേടിക്കരുതിവച്ചൂ?
നഷ്ടസ്വപ്‌നങ്ങള്‍തന്നൂഷരഭൂമിയില്‍,
നട്ടാല്‍ വിളയുമോ സൗഭാഗ്യങ്ങള്‍?
പൊട്ടിച്ചിതറുംവറുതിക്കലങ്ങളില്‍,
കെട്ടിയടയ്‌ക്കാമോ പുണ്യതീര്‍ത്ഥം?
മാനവധര്‍മ്മം പുലര്‍ത്തുവാന്‍ വൈകാതെ,
മാനസം ശാന്തിവനങ്ങളാക്കാം.
വര്‍ണ്ണവും ജാതിയും പോയിത്തുലയട്ടേ
വര്‍ണ്ണിച്ചുവാഴാം വസുന്ധരയെ!
അന്യദേശങ്ങളില്‍ക്കാണാത്ത
സൗരഭംപൂക്കും മരങ്ങളീ മണ്ണിലല്ലേ?
ഈ വഴിപോയ മഹത്തുക്കള്‍തന്നുടെ
കാലടിപ്പാടുകള്‍ പിന്‍തുടരാം.
അമ്മതന്‍ നൊമ്പരക്കണ്ണീര്‍തുടയ്‌ക്കുവാ –
നൊന്നിച്ചണിചേര്‍ന്നു മുന്നേറിടാം.
പോരുക പോരുക ജീവജാലങ്ങളേ!
ഈ കര്‍മ്മമണ്ഡലം ധന്യമാക്കാം!
വിത്തമോഹങ്ങളുപേക്ഷിച്ചു മുന്നേറാം,
ചിത്തത്തില്‍ നന്മ നിറച്ചുവയ്‌ക്കാം.
ഈ ദുഃഖസാഗരം നീന്തിക്കരേറുവാ –
നുത്തമമത്രേയീ സൂത്രവാക്യം!
കൊണ്ടുംകൊടുത്തും നാം
നേടുന്നതൊക്കെയും
മണ്ണില്‍വിരിയും കുമിളമാത്രം
മിന്നല്‍പ്പിണരിന്റെ കാന്തിയില്‍മോഹിച്ചു
പാറിപ്പറന്നെത്തുമീയലുപോല്‍.
മോഹമാണീദുഃഖകാരണമൂഴിയില്‍,
ദേഹം വെറുംപിണ്ഡം സത്യമത്രേ !
ജീവിതമാമലയാഴിയില്‍മുങ്ങീടില്‍,
മുഗ്‌ദ്ധമാം സ്‌നേഹത്തിന്‍മുത്തുവാരാം.
സദ് വൃത്തരാകാം സമദര്‍ശനം ചെയ്യാം !
ശസ്ത്രം വെടിയാം നിവൃത്തരാകാം !
സത്യമാര്‍ഗ്ഗത്തിന്‍തിരികള്‍ തെളിച്ചിടാം
വിശ്വത്തില്‍ ശാന്തി പകര്‍ന്നുനല്കാം !
















