നാട്ടിക: സിപിഐയിൽ പേയ്‌മെന്റ് സീറ്റ് വിവാദം വീണ്ടും. ഇത്തവണ തൃശൂരിലെ നാട്ടികയിലാണ് പുതിയ വിവാദം. നിലവിലെ എംഎൽഎയും സിപിഐ നേതാവുമായ സി.സി. മുകുന്ദന് പാർട്ടി നേതൃത്വം സീറ്റ് നിഷേധിക്കുകയും പകരം മുൻ എംഎൽഎ ഗീതാ ഗോപിയെയാണ് പാർട്ടി സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്.
പാർട്ടിക്കുവേണ്ടി പണം സരൂപിക്കാൻ താൻ അത്ര സമർത്ഥനല്ലെന്നും ഗീതാ ഗോപി സ്ഥാനാർത്ഥിത്വത്തിന് കോടികൾ കൊടുത്തുവെന്നും അതിനൊപ്പം നിൽക്കാൻ തനിക്ക് കഴിയില്ലെന്നും മുകുന്ദൻ പറഞ്ഞു.
സി.സി. മുകുന്ദൻ പരസ്യമായി പ്രതിഷേധം അറിയിച്ചു. മുകുന്ദനൊപ്പം പാർട്ടിയിലെ വലിയൊരു വിഭാഗം ഉണ്ട്. തനിക്കെതിരേ പ്രവർത്തിച്ചവരെക്കുറിച്ച് വാർത്താ സമ്മേളനം നടത്തി വെളിപ്പെടുത്തുമെന്ന് മുകുന്ദൻ പ്രസ്താവിച്ചു. എന്നാൽ, സ്ഥാനാർത്ഥിത്വം നിശ്ചയിക്കുന്നത് പാർട്ടിയാണ്. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും ഗീതാ ഗോപി പ്രതികരിച്ചു.
2014 ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് സിപിഐ സ്ഥാനാർത്ഥിയായി ബെന്നറ്റ് എബ്രഹാമിനെ നിയോഗിച്ചതിനെ തുടർന്ന് പേയ്‌മെന്റ് സീറ്റുവിവാദം ഉണ്ടായിരുന്നു. സിപിഐ നേതാക്കളും സ്ഥാനാർത്ഥിയും ഇടതുപക്ഷ മുന്നണിയും ഈ ആരോപണം നിഷേധിച്ചെങ്കിലും പിന്നീട് അന്വേഷണം നടത്തി ഈ ഇടപാടിലെ കുറ്റക്കാരായി കണ്ടെത്തി സിപിഐ നേതാക്കളായ സി.ദിവാകരൻ, വെഞ്ഞാറമൂട് ശശി, പി.രാമചന്ദ്രൻ നായർ, ആർ. സുശീലൻ എന്നിവരെ സിപിഐയുടെ പദവിയിൽ തരം താഴ്‌ത്തിയിരുന്നു.















