മലപ്പുറം: മഞ്ചേരിയില്‍ എംഎല്‍എക്കെതിരെ ഫേസ്ബുക്കില്‍ അസഭ്യ കമന്റിട്ട യുവാവിന് മര്‍ദനം. എംഎല്‍എ യു എ ലത്തീഫിനെതിരെ അസഭ്യ കമന്റിട്ട യുവാവിനെ എംഎല്‍എയുടെ മകന്‍ അമീറും സംഘവും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.മഞ്ചേരി മുള്ളമ്പാറ സ്വദേശി കൂളിയോടന്‍ ലത്തീഫിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ മഞ്ചേരി പൊലീസ് കേസെടുത്തു.
പൊതുമരാമത്ത് റോഡുകള്‍ക്കായി 34 കോടിയുടെ വികസനം എന്ന മഞ്ചേരി എംഎല്‍എ യു എ ലത്തീഫിന്റെ ഫേസ് ബുക്ക് പോസ്റ്റിന് അസഭ്യ കമന്റ് എഴുതി എന്നാരോപിച്ചായിരുന്നു മര്‍ദനം. മാര്‍ച്ച് മൂന്നിന് രാത്രിയാണ് സംഭവം ഉണ്ടായത്. സ്വന്തം കൂള്‍ബാറിന് മുന്നിലിരിക്കുകയായിരുന്ന കൂളിയോടന്‍ ലത്തീഫിനെ വാഹനത്തില്‍ എത്തിയ എംഎല്‍എയുടെ മകനും സംഘവും മര്‍ദ്ദിച്ചു.
എംഎല്‍എയുടെ മകന്‍ അമീര്‍ അടക്കം ആറുപേരെ പ്രതികളാക്കി മഞ്ചേരി പൊലീസ് കേസ് എടുത്തു. തടഞ്ഞു വെച്ച് കൂട്ടംകൂടി മര്‍ദിക്കല്‍, കടയ്‌ക്ക് നാശം വരുത്തല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. ഭീഷണി തുടരുന്നുണ്ടെന്നും ലത്തീഫ് പറഞ്ഞു. ഫേസ്ബുക്ക് കമന്റ് വിഷയം ചോദിക്കാന്‍ ചെന്നപ്പോള്‍ മര്‍ദനമേറ്റ ലത്തീഫ് കത്തിവീശിയെന്ന് കാട്ടി അക്രമികളില്‍ ഒരാളായ നിസാര്‍ നല്‍കിയ പരാതിയിലും മഞ്ചേരി പൊലീസ് കേസെടുത്തു. കൊലക്കുറ്റം ഉള്‍പ്പെടെ ചുമത്തിയാണ് എഫ്‌ഐആര്‍.
















