മുന്നിലെ എതിരാളികള്‍ ആരായാലും ബ്രിഗേഡിയര്‍ സൗരഭ് സിങ് ശെഖാവത്തിന് ഒരു ലക്ഷ്യം കീഴടക്കുക. നേതൃത്വത്തിന്റെയും ധൈര്യത്തിന്റെയും. സാഹസികതയോടുള്ള അഭിനിവേശത്തിന്റെയും സാക്ഷ്യമായ ജീവിതത്തിനുടമയാണ് സൗരഭ്.
ഭാരത സൈന്യത്തിലെ ഈ ഉദ്യോഗസ്ഥന്‍ സൈനികര്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ മാതൃകയാണ്. രണ്ടാമത്തെ ഉയര്‍ന്ന ധീരതാ അവാര്‍ഡായ കീര്‍ത്തി ചക്രയും മൂന്നാമത്തെ ഉയര്‍ന്ന ധീരതാ അവാര്‍ഡായ ശൗര്യ ചക്രയും ഉള്‍പ്പെടെ നിരവധി സേവാ മെഡലുകള്‍ നേടിയ ബ്രിഗേഡിയര്‍ കഴിഞ്ഞ ദിവസം ഗവര്‍ണറുടെ അതിഥിയായി ലോക് ഭവനില്‍ എത്തി.
സൈനികരാകാന്‍ കൊതിക്കുന്ന വിദ്യാര്‍ഥികളുമായി സംവദിക്കാനായിരുന്നു സൗരഭ് എത്തിയത്.
യുദ്ധഭൂമിയിലും പര്‍വതശിഖരങ്ങളിലും ആകാശത്തിലുമായ മൂന്ന് പതിറ്റാണ്ടിന്റെ അനുഭവങ്ങള്‍ പങ്കുവച്ചു. ധൈര്യവും ആത്മനിയന്ത്രണവും ചേര്‍ന്ന സമര്‍പ്പണമാണ് ഇന്ത്യന്‍ സൈനിക ജീവിതത്തിന്റെ അടിസ്ഥാനം എന്ന സന്ദേശമാണ് സൗരഭ് സിംഗ് ശെഖാവത്ത് നല്‍കിയത്.
സൗരഭ് സിങ് ഷെഖാവത്ത് 1994 ലാണ് ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്നത്. 17-ാം മറാത്ത ലൈറ്റ് ഇന്‍ഫന്‍ട്രിയിലേക്കാണ് കമ്മീഷന്‍ ലഭിച്ചത്. പ്രൊബേഷന്‍ കാലം 21-ാം മറാത്ത ലൈറ്റ് ഇന്‍ഫന്‍ട്രിയിലായിരുന്നു; പിന്നീട് അത് 21 പാരാ സ്പെഷ്യല്‍ ഫോഴ്സസായി മാറി.
യൂണിറ്റില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ പ്രൊബേഷന്‍ നടത്തിയത് നോണ്‍-കമ്മീഷന്‍ഡ് ഓഫീസര്‍മാരായിരുന്നു. ഒരു എന്‍സിഒ എന്നോട് ഞാന്‍ ഏത് പ്രദേശത്തുനിന്നുള്ളവനാണ്, എന്റെ ജാതി എന്താണ്, മതം എന്താണ് എന്നൊക്കെ ചോദിച്ചു. ഞാന്‍ ഹിന്ദുവും രജപുത്രനുമാണെന്ന് പറഞ്ഞു.
അത് കേട്ടതോടെ അദ്ദേഹം എന്നോട് ഏറെ അഴുക്കുള്ള പരിശീലന കുളത്തില്‍ പോയി വീണുരുണ്ട് തിരികെ വരാന്‍ നിര്‍ദേശിച്ചു. രണ്ടുതവണ അത് ചെയ്തു. ദേഹം മുഴുവന്‍ അഴുക്ക് പുരണ്ടു. കുളത്തിന്റെ മതിലില്‍ എഴുതിയിരുന്ന ഒരു വരി എന്റെ ശ്രദ്ധയില്‍പെട്ടു:
“My religion is Special Forces, my caste is Special Forces.”
അദ്ദേഹം പിന്നെ വിശദീകരിച്ചു: ഒരു ഓഫീസറായി നീ എല്ലാ മതങ്ങളിലെയും ജാതികളിലെയും വിശ്വാസങ്ങളിലെയും പശ്ചാത്തലങ്ങളിലെയും ആളുകളെ നയിക്കേണ്ടിവരും. അതിനാല്‍ നീ ഒരൊറ്റ ഐഡന്റിറ്റിയില്‍ പാടില്ല. ഒരു ഓഫീസറായി നീ എല്ലാവരുടേതുമായിരിക്കണം. നിന്റെ സൈനികര്‍ ഏത് മതത്തിലോ ജാതിയിലോ പെട്ടവരായാലും, അവരുടെ നേതൃത്വം നീ സ്വയം ഏറ്റെടുക്കണം.
ഇന്ത്യന്‍ സൈന്യത്തില്‍ സൈനികര്‍ സമൂഹാടിസ്ഥാനത്തിലുള്ള റെജിമെന്റുകളിലാണല്ലോ രജ്പുത്, ജാട്ട്, സിഖ്… എന്നാല്‍ ഓഫീസര്‍മാര്‍ ഈ തിരിച്ചറിവുകള്‍ക്കപ്പുറത്തേക്ക് ഉയരുന്നു. ഒരു രജ്പുത് ഓഫീസര്‍ ജാട്ട് റെജിമെന്റില്‍ സേവനം ചെയ്താല്‍, അവന്‍ ജാട്ടുകളേക്കാള്‍ കൂടുതല്‍ ജാട്ടായി മാറും; മറിച്ചും അതുപോലെ. ”ഒരാള്‍ എല്ലാവര്‍ക്കുമായി, എല്ലാവരും ഒരാളിനായി” എന്ന ഈ ഐക്യമാണ് ഇന്ത്യന്‍ സൈന്യത്തിന്റെ അടിസ്ഥാനം. അതാണ് എനിക്ക് ലഭിച്ച ആദ്യവും പ്രധാനപ്പെട്ടതുമായ പാഠം.
ധൈര്യം ജനിക്കുന്ന നിമിഷം
1997-ല്‍ അസമില്‍ ഉള്‍ഫ തീവ്രവാദികള്‍ക്കെതിരായ ഒരു ഓപ്പറേഷനിലായിരുന്നു എന്റെ ജീവിതത്തിലെ ആദ്യ യഥാര്‍ഥ വെടിവെപ്പ് അനുഭവം. ഒരു ഉച്ചസമയത്ത് എന്റെ സീനിയര്‍ എന്നെ വിളിച്ചു. അവധിയില്‍ നിന്ന് മടങ്ങിവരികയായിരുന്നു അദ്ദേഹം. ”ഞാന്‍ ഇപ്പോള്‍ റെയില്‍വേ സ്റ്റേഷനിലുണ്ട്. നീ ട്രൂപ്പുമായി ഉടന്‍ വരണം” എന്നായിരുന്നു സന്ദേശം. പോലീസ് സൂപ്രണ്ടിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും അദ്ദേഹം അറിയിച്ചു. ഒരു നിമിഷം പോലും വൈകാതെ ഞാന്‍ സംഘത്തെ തയ്യാറാക്കി പുറപ്പെട്ടു.
പാതിവഴിയില്‍ ഞങ്ങള്‍ കണ്ടുമുട്ടി. ടി-ഷര്‍ട്ടും ജീന്‍സും ധരിച്ച സിവിലിയന്‍ വേഷത്തിലായിരുന്നു അദ്ദേഹം. ഒപ്പമുണ്ടായിരുന്ന ഒരാളെ കാണിച്ച് അദ്ദേഹം പറഞ്ഞു: ”ഇയാളാണ് വിവരം നല്‍കിയ ആള്‍. ഒരു ഗ്രാമത്തില്‍ വലിയൊരു ഉള്‍ഫ സംഘം ഒളിച്ചിരിക്കുന്നതായി ഇയാള്‍ക്ക് കൃത്യമായി അറിയാം.”
ഉച്ചയ്‌ക്ക് ഏകദേശം ഒരു മണി. ഞങ്ങള്‍ ഒരു സിവില്‍ ബസിലായിരുന്നു. അന്ന് സൈന്യത്തിന് നിസ്സാന്‍ ജോംഗാ വാഹനങ്ങളായിരുന്നു. വിവരം നല്‍കിയ ആള്‍ പറഞ്ഞത്, സംശയിക്കുന്ന വീട്ടില്‍ നിന്ന് ഏകദേശം 500 മീറ്റര്‍ മുന്‍പ് വാഹനം നിര്‍ത്തണമെന്നായിരുന്നു. എന്നാല്‍ ഭയം കൊണ്ടോ ആശയക്കുഴപ്പത്തിലോ അവന്‍ അത് മറന്നു. ബസ് നേരെ ആ വീടിന്റെ മുന്‍പില്‍ തന്നെ നിര്‍ത്തി.
മേജര്‍ ദീപേന്ദ്ര സിംഗ് സെന്‍ഗര്‍ ചോദിച്ചു: ”വീട് ഏതാണ്?” അയാള്‍ മറുപടി പറഞ്ഞു: ”സോറി സാര്‍, ഇതാണ് ആ വീട്.” അത് ഭീകരര്‍ ഒളിച്ചിരുന്ന വീടായിരുന്നു. ഒരു നിമിഷം പോലും പാഴാക്കാതെ, ടി-ഷര്‍ട്ടും ജീന്‍സും ധരിച്ച മേജര്‍ സെന്‍ഗര്‍ റൈഫിളുമായി ബസില്‍ നിന്ന് ഇറങ്ങി. ഭീകരര്‍ പൂര്‍ണമായും തയ്യാറല്ലാത്ത അവസ്ഥയിലായിരുന്നു; മതിലിനരികില്‍ ആയുധങ്ങളുമായി ഇരിക്കുകയായിരുന്നു അവര്‍.
സിവിലിയന്‍ വേഷത്തിലുള്ള മേജറെ കണ്ടപ്പോള്‍ അവര്‍ക്ക് ആശയക്കുഴപ്പം ഉണ്ടായി. തിരിച്ചറിയുന്നതിന് മുന്‍പേ വെടിവെപ്പ് ആരംഭിച്ചു. അടുത്ത ദൂരത്തില്‍ പരസ്പര വെടിവെപ്പ്. മേജര്‍ സെന്‍ഗര്‍ ഒരാളെ അവിടെത്തന്നെ വീഴ്‌ത്തി. ഞങ്ങളുടെ സൈനികര്‍ ബസില്‍ നിന്ന് ഇറങ്ങുമ്പോള്‍ വെടിയുണ്ടകള്‍ തലങ്ങും വിലങ്ങും പറന്നു. സ്പെഷ്യല്‍ ഫോഴ്സസില്‍ ഞങ്ങള്‍ ലക്ഷ്യം തെറ്റാതെ വെടിവെക്കാന്‍ പരിശീലനം നേടിയവരാണ്. ഞാന്‍ മറ്റൊരു സൈനിക വാഹനത്തില്‍ ഗ്രാമത്തിലേക്ക് പാഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ആ വെടിവെപ്പിന്റെ കിടുകിടാ ശബ്ദം കേട്ടത്. വാഹനത്തില്‍ നിന്ന് ചാടി ഞാന്‍ ഓടിത്തുടങ്ങി.
ആദ്യമായാണ് എന്റെ മുന്നിലൂടെ ആയുധങ്ങളുമായി ആളുകള്‍ നീണ്ട നിരയായി ഓടുന്നത് കാണുന്നത്. ആദ്യമായാണ് ഞാന്‍ ശത്രുവിനെ നേരില്‍ കാണുന്നത്. ഞാന്‍ വെടിവെക്കാന്‍ തുടങ്ങി. മണ്ണ് ചിതറാന്‍ തുടങ്ങി. എനിക്കെതിരെയും വെടിവെപ്പ്. അപ്പോള്‍ ബോധ്യമായി എന്റെ റേഞ്ച് കുറവാണ്. റൈഫിളിന്റെ റേഞ്ച് 200 മീറ്ററാക്കി, നിയന്ത്രിതമായ ഒറ്റ ഷോട്ടുകള്‍ എടുക്കുകയും ചെയ്തു. എന്റെ സൈനികരും പുതുമുഖങ്ങളായിരുന്നു. ഞങ്ങള്‍ക്കുമുമ്പ് ഒരിക്കലും യഥാര്‍ഥ ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നില്ല. അന്നാണ് ഞാന്‍ ആദ്യമായി ശത്രുവിനെ വീഴ്‌ത്തിയത്. ആദ്യമായി രക്തം ചൊരിഞ്ഞത്.
അതിനിടെ റേഡിയോ സന്ദേശം എത്തി: ”സെന്‍ഗറിന് വെടിയേറ്റു.” അല്‍പസമയം കഴിഞ്ഞ് അദ്ദേഹത്തിന്റെ ശബ്ദം തന്നെ: ”എനിക്ക് വെടിയേറ്റു.” ഞങ്ങളുടെ എന്‍സിഒ ഭന്‍വര്‍ സിംഗിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഞാന്‍ ഗ്രാമത്തിലേക്ക് തിരിച്ചു. അവിടെ രക്തക്കുളത്തില്‍ കിടക്കുന്ന ദീപേന്ദ്ര സിംഗ് സെന്‍ഗര്‍. വയറ്റിലൂടെ കയറിയ ബുള്ളറ്റ് ഇടുപ്പിലൂടെ പുറത്തുകടന്നിരുന്നു. മറ്റൊരു സൈനികന്റെ മുട്ടിന് താഴെ കാല്‍ പൂര്‍ണമായും അറ്റുപോയ അവസ്ഥ.
ആദ്യമായാണ് ഇത്ര ഗുരുതരമായി പരിക്കേറ്റ മനുഷ്യരെ ഇത്ര അടുത്ത് ഞാന്‍ കാണുന്നത്. ക്രോസ്ഫയറില്‍ ഏഴോ എട്ടോ സാധാരണക്കാര്‍ക്കും പരിക്കേറ്റിരുന്നു. ഒരു ചെറിയ പെണ്‍കുട്ടിക്കും. പൂര്‍ണ കലാപാവസ്ഥ. ഞാന്‍ നിയന്ത്രണം ഏറ്റെടുത്തു. സൈനിക വാഹനങ്ങള്‍ എത്തിച്ചു. ആദ്യം സാധാരണക്കാരെ ഒഴിപ്പിച്ചു. പിന്നീട് ദീപേന്ദ്ര സിംഗ് സെന്‍ഗറെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി. അവസാനം അദ്ദേഹം ജീവിച്ചു.
തിരിച്ചുവരവിന്റെ, പോരാട്ടത്തിന്റെ കഥ
ഒരു സൈനികനെ പരിക്കുകള്‍ തകര്‍ക്കാം. പക്ഷേ അവന്റെ ദൃഢനിശ്ചയം തകര്‍ക്കാനാവില്ല. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ മേജര്‍ ദീപേന്ദ്ര സിങ് ഗുരുതരമായ പരിക്കുകളില്‍ നിന്ന് തിരിച്ചുവന്നു. വീണ്ടും ഫിറ്റായി. വീണ്ടും യൂണിഫോം ധരിച്ചു. വീണ്ടും ഡ്യൂട്ടിയിലേക്ക്. 1999-ലാണ് കാര്‍ഗില്‍ യുദ്ധം ആരംഭിച്ചത്. രാജ്യം മുഴുവന്‍ ഉണര്‍ന്ന നിമിഷം. ഓപ്പറേഷന്‍ വിജയ് കാലത്ത് ഏറ്റവും രൂക്ഷമായ പോരാട്ടങ്ങള്‍ നടന്ന കാക്‌സര്‍, ഡ്രാസ് മേഖലകളിലാണ് ഞങ്ങള്‍ പോരാടിയത്. യുദ്ധം യഥാര്‍ഥത്തില്‍ തീപ്പൊരി പടര്‍ന്നത് കാക്‌സറില്‍ നിന്നായിരുന്നു.
ഒടുവില്‍ ഇന്ത്യന്‍ സൈന്യം വിജയിച്ചു. കാര്‍ഗിലിന് ശേഷം ഞങ്ങളെ വടക്കന്‍ കശ്മീരിലെ ലോലാബ് താഴ്‌വരയിലേക്ക് നിയോഗിച്ചു. അതീവ മനോഹരമായ പ്രദേശം. പക്ഷേ അന്ന് അത് സുന്ദരമല്ലായിരുന്നു. വലിയ തോതില്‍ നുഴഞ്ഞുകയറ്റക്കാര്‍. മരണം പതിയിരുന്ന ഭൂമി. ‘റെഡ് നാഗ്’ പോസ്റ്റിലായിരുന്നു ഞങ്ങളുടെ താവളം. അവിടെ ഒരു രാഷ്‌ട്രീയ റൈഫിള്‍സ് കമ്പനി ഉണ്ടായിരുന്നു. അവിടെ നിന്നായിരുന്നു അംബുഷ് ഓപ്പറേഷനുകള്‍. പതിയിരുന്ന് നടത്തുന്ന മാരകമായ ആക്രമണങ്ങള്‍. ഏകദേശം ഓരോ രണ്ടാം ദിവസവും ഏറ്റുമുട്ടല്‍.
നാലാം രാത്രി മേജര്‍ സിങ്ങിന്റെ അംബുഷിലേക്ക് വിദേശ ഭീകരരുടെ സംഘം നേരെ കയറി. അപ്പോള്‍ ഞാന്‍ ഏഴോ എട്ടോ സൈനികരോടൊപ്പം ഒരു ചെറിയ സംഘമായി ഏകദേശം അഞ്ച് കിലോമീറ്റര്‍ അകലെയായിരുന്നു.
പെട്ടെന്ന് അതീവ ശക്തമായ വെടിവെപ്പ്. റേഡിയോയില്‍ മേജര്‍ സിംഗിന്റെ ശബ്ദം: ”അവര്‍ അംബുഷില്‍ കയറിയിട്ടുണ്ട്. ഞങ്ങള്‍ വെടിവെച്ചു. തീര്‍ച്ചയായും അവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പക്ഷേ കൂരിരുട്ടാണ്… ഒന്നും കാണുന്നില്ല.” പുലര്‍ച്ചെ നാലരയോടെ വീണ്ടും ശബ്ദം: ”വലിയ തോതില്‍ രക്തം കാണുന്നു. ട്രാക്കര്‍ നായയെ വിളിപ്പിക്കൂ.”
നായ രക്തത്തിന്റെ ഗന്ധം പിടിച്ച് മുന്നോട്ട് നീങ്ങി. മേജര്‍ സിംഗ് പറഞ്ഞു: ”ഞാന്‍ രക്തപ്പാത പിന്തുടരുകയാണ്. നീ അവിടെ തന്നെ നില്‍ക്കൂ.” ഞാന്‍ മുന്നറിയിപ്പ് നല്‍കി: ”ശ്രദ്ധിക്കണം. അവര്‍ എവിടെയെങ്കിലും ഒളിച്ചിരിക്കും.” ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീണ്ടും വെടിവെപ്പ്. അല്‍പ്പനേരം കൊണ്ട് റേഡിയോയില്‍ വന്ന ശബ്ദം: ”വളരെ ഗുരുതരമായി പരിക്കേറ്റു. ഉടന്‍ വരണം. ഞാന്‍ ജീവനോടെ ഉണ്ടാകുമോ എന്നറിയില്ല.”
അത് കേട്ട നിമിഷം ഞാന്‍ ഓടി. റേഡിയോയില്‍ മേജര്‍ സിങ്ങിന്റെ ശബ്ദം മങ്ങി. പകരം അദ്ദേഹത്തിന്റെ ചെറുപ്പക്കാരനായ ഗുര്‍ഖ സഹായി. ചുറ്റും വെടിവെപ്പ്. കലാപം.
ആരും എവിടെയെന്ന് തിരിച്ചറിയാനാവില്ല. ഞങ്ങള്‍ 84 എംഎം റോക്കറ്റ് ലോഞ്ചറുകള്‍ ഉപയോഗിച്ചു. 10-12 റൗണ്ടുകള്‍. ഭീകരരുടെ വെടിവെപ്പ് തുടര്‍ന്നു. മുകളിലേക്ക് കയറിയപ്പോള്‍ വീണ്ടും ആ കാഴ്ച, മേജര്‍ ദീപേന്ദ്ര സിംഗ്ര രക്തക്കുളത്തില്‍, ബോധരഹിതനായി. ശരീരം ചിതറിക്കിടക്കുന്നു. ഡെക്‌സാമെഥാസോണ്‍ നല്‍കി. ഹെലികോപ്റ്റര്‍ എത്തി. അദ്ദേഹത്തെ ഒഴിപ്പിച്ചു.
അതിനുശേഷം ഞാന്‍ ചുറ്റും നോക്കി. എല്ലായിടത്തും രക്തം. ഒരു സൈനികന്‍ മരിച്ചു കിടക്കുന്നു. അവന്റെ അടുത്ത് അവനെ വിട്ടുപോകാതെ നിന്ന മറ്റൊരു ചെറുപ്പക്കാരന്‍. എന്നെ കണ്ടയുടന്‍ തിരിച്ചറിയാതെ അവന്‍ വെടിവെക്കാന്‍ ശ്രമിച്ചു. മുഖം മൂടിയിരിക്കുന്നു. ആരും ആരാണെന്ന് തിരിച്ചറിയാനാവില്ല. എന്റെ സ്വന്തം സൈനികനുമായിഎനിക്ക് മല്ലിടേണ്ടിവന്നു. ഞാന്‍ അവന്റെ തോക്കിന്റെ നാളം പിടിച്ചു. അവനെ ശാന്തമാക്കി: ”ഞാനാണ്…ഞാനാണ് ഷെഖാവത്ത്.”
അപ്പോള്‍ മുകളില്‍നിന്ന് ഒരാള്‍ വെടിവെക്കാന്‍ തുടങ്ങി. ഞങ്ങള്‍ മരത്തിന്റെ പി
ന്നിലേക്ക് നീങ്ങി. വീണ്ടും നിശ്ശബ്ദം. എന്റെ സഹായി നാരായണ്‍ ലിയു പറഞ്ഞു: ”സാര്‍, ഒരു റൈഫിളിന്റെ നാളം കാണുന്നു. മേജര്‍ സിംഗിന്റേതാകാം.” അവന്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ വീണ്ടും വെടിവെപ്പ്.
ഭീകരന്‍ വെറും അഞ്ച് മീറ്റര്‍ അകലെയായിരുന്നു. പച്ചക്കാടിനുള്ളില്‍ മറഞ്ഞ്. അപ്പോള്‍ ഒരു വിചിത്രമായ സംഭാഷണം. ഞാന്‍ അവനെ”മുജാഹിദ് ഭായി” എന്ന് വിളിച്ചു. അവന്‍ എന്നെ”ജനാബ്” എന്ന്. ”ആയുധം വയ്‌ക്കൂ. നിന്നെ വളഞ്ഞിരിക്കുകയാണ്.” അവസാനം ഒരു ചലനം. ഒരു വെടി. അതിന് ശേഷം നിശ്ശബ്ദത. ബോധം നഷ്ടപ്പെടുന്നതിന് മുന്‍പ് വരെ മേജര്‍ ദീപേന്ദ്ര സിങ് എന്നെ നയിച്ചു: ”പോരാട്ടം വിടരുത്. പോരാട്ടം വിടരുത്.”
എതിര്‍പക്ഷത്തുനിന്നും പിന്മാറ്റമില്ലായിരുന്നു. അവരും പോരാടിക്കൊണ്ടാണ് മരിച്ചത്. ഇതാണ് യുദ്ധം. ഇത് വീരഗാഥയല്ല. ഇത് സിനിമയല്ല. ഇത് സോഷ്യല്‍ മീഡിയയിലെ സംഗീതവും ആഡംബരവും അല്ല. ഇവിടെ നിയമം ഒന്ന് മാത്രം: കൊല്ലുക അല്ലെങ്കില്‍ കൊല്ലപ്പെടുക.
മണിപ്പൂര്‍. അന്ന്, ദിനംപ്രതി ഏറ്റുമുട്ടലുകള്‍. മുപ്പത്തിയാറിലധികം തീവ്രവാദ ഗ്രൂപ്പുകള്‍ സജീവമായിരുന്ന കാലം. മണിപ്പൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ലോക്താക് തടാകം. 20 കിലോമീറ്റര്‍ ണ്മ 20 കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള, അതിവിശാലമായ ഒരു മധുരജല തടാകം. ഈ തടാകത്തിന്റെ ഏറ്റവും അപകടകരമായ പ്രത്യേകത തേങ്ങിമാറുന്ന ദ്വീപുകളായിരുന്നു. പുല്ലുകള്‍ തന്നെ ഭൂമിയായി മാറിയ പ്രദേശങ്ങള്‍. ചില ഭാഗങ്ങളില്‍ ആറടി, ചിലയിടങ്ങളില്‍ എഴുപത് മുതല്‍ എണ്‍പത് അടി വരെ ആഴം. ഈ തടാകത്തിനകത്ത് തന്നെ 2000-ലധികം കുടിലുകളും 6000-ത്തോളം സാധാരണ ജനങ്ങളും മത്‌സ്യബന്ധനം നടത്തി ജീവിതം നയിച്ചുകൊണ്ടിരുന്നു. തടാകത്തിനകത്ത് പത്ത് മുതല്‍ പതിനഞ്ച് വരെ തീവ്രവാദ ക്യാമ്പുകള്‍. ആര്‍മിക്കോ പോലീസിനോ സാധാരണ ബോട്ടുകള്‍ക്കോ അവിടെ എത്തിച്ചേരാന്‍ സാധ്യമല്ല. മോട്ടോര്‍ ബോട്ടുകള്‍ ഉപയോഗിച്ചാല്‍ വലകള്‍ പ്രൊപ്പല്ലറില്‍ കുടുങ്ങും. ശബ്ദം കേട്ടാല്‍ അപ്രതീക്ഷിതത്വം നഷ്ടപ്പെടും. ഒരേയൊരു മാര്‍ഗം. ചെറിയ, ശബ്ദമില്ലാത്ത കനോ ബോട്ടുകള്‍. പുല്ലിനിടയിലൂടെ രൂപപ്പെട്ട ഇടുങ്ങിയ വഴികളിലൂടെ മാത്രമുള്ള സഞ്ചാരം. നിന്ന് നോക്കിയാല്‍ ഒരു മീറ്റര്‍ പോലും ദൃശ്യമല്ല.
ഒരു ദിവസം, പോലീസ് കമാന്‍ഡോകള്‍ ഞങ്ങളോടൊപ്പം എത്തി. ഒരു യുവാവ് പറഞ്ഞു: ”എന്റെ സഹോദരന്‍ ആ ഗ്രൂപ്പിലുണ്ട്. അവര്‍ അവനെ കൊല്ലാന്‍ തീരുമാനിച്ചു. ദയവായി സഹായിക്കണം.”
ജിപിഎസ് കൈയില്‍ നല്‍കി, ക്യാമ്പിന് സമീപം പോയി ഗ്രിഡ് റഫറന്‍സ് എടുക്കാന്‍ അവനെ പരിശീലിപ്പിച്ചു. ദൂരെയുള്ള അസം റൈഫിള്‍സ് പോസ്റ്റില്‍ നിന്ന് സ്പോട്ടര്‍ സ്‌കോപ്പിലൂടെ ക്യാമ്പ് സ്ഥിരീകരിച്ചു. അവരുടെ ആയുധങ്ങള്‍: എകെ 47, എം 16, എം 79, ആര്‍പിജി, ഭാരമേറിയ മെഷീന്‍ ഗണ്ണുകള്‍. ക്യാമ്പിന് ചുറ്റും പതിനാല് സാധാരണ കുടിലുകള്‍. ഇരുപതോളം സാധാരണക്കാര്‍. സ്ത്രീകളും കുട്ടികളും. ഒളിക്കാന്‍ ഭൂമിയില്ല. ലക്ഷ്യം കാണണമെങ്കില്‍ പുല്ലിനുമുകളിലേക്ക് ഉയര്‍ന്ന് നില്‍ക്കണം. ഹെലികോപ്
റ്റര്‍ അസാധ്യം. പൈലറ്റിന് ഒന്നും കാണാനാവില്ല. ക്യാഷ്വല്‍റ്റി എവാക്വേഷന്‍ അസാധ്യം. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെല്‍മറ്റും ധരിച്ച് വെള്ളത്തിലേക്ക് വീണാല്‍ മുങ്ങി മരണം ഉറപ്പ്.
ഞാന്‍ സംഘത്തോട് തുറന്നുപറഞ്ഞു: ”നെഞ്ചിലോ തലയിലോ വെടിയേറ്റു മരിച്ചാല്‍ പോരാട്ടത്തിലൂടെ സ്വര്‍ഗ്ഗം. പക്ഷേ മുങ്ങിമരിച്ചാല്‍ പോരാട്ടമില്ലാത്ത മരണം.” എല്ലാവരും ചിരിച്ചു. ഒരുമിച്ച് ഒരു തീരുമാനം എടുത്തു. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റില്ല. ഹെല്‍മറ്റില്ല. ഞാന്‍ മുന്നില്‍. അവരും ഒപ്പം. നേതാവ് ആവശ്യപ്പെടുന്ന അപകടം സ്വയം ഏറ്റെടുക്കുമ്പോഴാണ് സൈനികന്‍ മുന്നേറുന്നത്. ഒട്ടേറെ പരിശീലനം. നിരവധി റിഹേഴ്‌സലുകള്‍. അവസാനം ഓപ്പറേഷന്‍. വെടിവെപ്പ് ആരംഭിച്ചു. ശത്രുക്കള്‍ ശക്തമായി തിരിച്ചടിച്ചു. പക്ഷേ ഞങ്ങളുടെ വെടിവെപ്പ് കൂടുതല്‍ കൃത്യമായിരുന്നു. പതിനൊന്ന് തീവ്രവാദികള്‍. ഒമ്പത് പേര്‍ തല്‍ക്ഷണം വീണു.
വലിയ ആയുധങ്ങള്‍, റോക്കറ്റ് ലോഞ്ചറുകള്‍, മെഷീന്‍ ഗണ്ണുകള്‍. ഒരു സാധാരണ കുടിലിനും കേടുപാടില്ല. അടുത്തത് രണ്ട് മീറ്റര്‍ മാത്രം. ഒരു സ്ത്രീ ആയുധവുമായി മുന്നില്‍. എന്റെ വിരല്‍ ട്രിഗറിലായിരുന്നു. പക്ഷേ അമര്‍ത്തിയില്ല. ”ആയുധം താഴെയിടൂ.” അവള്‍ ആയുധം താഴെയിട്ടു. പരിക്കേറ്റ അവള്‍ക്ക് ഫസ്റ്റ് എയ്ഡ് നല്‍കി. ഏഴ് വെടിയുണ്ടകള്‍ ശരീരത്തില്‍ കയറിയിട്ടും ജീവിച്ച മറ്റൊരു യുവാവ്. ഞാന്‍ പറഞ്ഞു: ”ഏഴ് ബുള്ളറ്റുകള്‍ കൊണ്ടും ഇങ്ങനെ രക്ഷപ്പെടാന്‍ ധൈര്യമുണ്ടെങ്കില്‍, നിനക്ക് ജീവിക്കാം.”
അവന്‍ വഴിമാറി. ജീവിതം തിരിച്ചുപിടിച്ചു. ”ആരും നിങ്ങള്‍ക്കായി ജീവന്‍ പണയം വെക്കില്ല” എന്നതാണ് സാധാരണ ലോകത്തിന്റെ നിയമം. പക്ഷേ സൈന്യത്തില്‍ അത് സംഭവിക്കുന്നു. കാരണം ഞങ്ങള്‍ ഒരുമിച്ച് പരിശീലിക്കുന്നു. ഒരുമിച്ച് വേദനിക്കുന്നു. ഒരു ബന്ധം അവിടെ പിറക്കുന്നു. അതുകൊണ്ടാണ് വെള്ളത്തിനകത്തും യുദ്ധം ജയിക്കപ്പെടുന്നത്.
ഗാല്‍വാന്‍ : വെടിയുണ്ടകളില്ലാത്ത യുദ്ധം
2020 ജൂണ്‍ 15-ന്, ഗാല്‍വാന്‍ താഴ്‌വര. ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മില്‍ നേരിട്ടു ഏറ്റുമുട്ടി. ഒരു വെടിയുണ്ട പോലും പ്രയോഗിക്കപ്പെടാതെ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മില്‍ നടന്ന ഏറ്റുമുട്ടലായിരുന്നു ഗാല്‍വാനിലേത്. സൈനികര്‍ കല്ലുകളും കമ്പികളും ഉപയോഗിച്ചാണ് ഏറ്റുമുട്ടിയത്. തലയോട്ടികള്‍ തകര്‍ത്തു; മഞ്ഞുപൊതിഞ്ഞ തണുത്ത നദികളില്‍ പരസ്പരം തള്ളിവീഴ്‌ത്തി മുങ്ങിപ്പോകുന്ന സാഹചര്യങ്ങള്‍ വരെ ഉണ്ടായി. ഇതാണ് ‘കോണ്‍ടാക്റ്റ് ബാറ്റില്‍’ എന്ന യുദ്ധത്തിന്റെ യഥാര്‍ഥ രൂപം. അത്തരം ക്രൂരതയ്‌ക്ക് മനസും ശരീരവും തയ്യാറാക്കണം. ഇത്തരത്തിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ ഇനിയും ഉണ്ടാകും. യുദ്ധഭൂമി ഇന്‍സ്റ്റഗ്രാമല്ല, ഫേസ്ബുക്കല്ല, ഫോട്ടോഗ്രാഫുകളുമല്ല; യുദ്ധഭൂമി അത്യന്തം ക്രൂരമാണ് – സൗരഭ് സിംഗ് പറഞ്ഞു.
ഗാല്‍വാനിനുശേഷം അതീവ സംഘര്‍ഷപൂര്‍ണമായ സാഹചര്യമായിരുന്നു. വലിയ മാറ്റങ്ങളും മെച്ചപ്പെടുത്തലുകളും നടപ്പാക്കി. നിഷ്ഠയോടെയും അക്ഷീണമായും പരിശീലനം തുടര്‍ന്നു.
പാംഗോംഗ് സോ തടാകത്തിനരികെ, പതിനാറായിരം മുതല്‍ പതിനേഴായിരം അടി വരെ ഉയരത്തില്‍, ദിവസേന പത്ത് കിലോമീറ്റര്‍ വരെ ഓടിയായിരുന്നു പരിശീലനം. പകലും രാത്രിയും പരിശീലനം തുടര്‍ന്നു. പതിനെട്ടായിരം അടി ഉയരത്തില്‍ താപനില മൈനസ് 42 ഡിഗ്രി സെല്‍ഷ്യസിലേക്കും, കാറ്റിന്റെ വേഗം മണിക്കൂറില്‍ 70-80 കിലോമീറ്റര്‍ വരെയും എത്തിയിരുന്നു.
കരാക്കോറം പാസിന് സമീപമുള്ള തര്‍ക്കഭൂമികളായ പ്രദേശങ്ങളാണിത്. അത്തരമൊരു സാഹചര്യത്തില്‍ വെല്ലുവിളികളുടെ 99 ശതമാനവും ഭൂഭാഗവും കാലാവസ്ഥയുമാണ്; ശത്രു വെറും ഒരു ശതമാനം മാത്രമാണ്. ആദ്യകാലത്ത് എന്റെ ചൈനീസ് സഹപ്രവര്‍ത്തകനുമായുള്ള ബന്ധം ഏറെ സംഘര്‍ഷപൂര്‍ണമായിരുന്നു. ആക്രമണാത്മക പട്രോളുകളും ശക്തിപ്രദര്‍ശനങ്ങളും നേരിയ ഏറ്റുമുട്ടലുകളും ഉണ്ടായി. എന്നാല്‍ പരസ്പരം തയ്യാറെടുപ്പും ശക്തിയും വിലയിരുത്തിയതോടെ സ്ഥിതിഗതികള്‍ ക്രമേണ ശാന്തമായി. തയ്യാറെടുപ്പാണ് ബഹുമാനം സൃഷ്ടിക്കുന്നത് – സൗരഭ് സിംഗ് പറഞ്ഞു.
സ്ഥാനമൊഴിയുന്നതിന് മുന്‍പ് ചൈനീസ് കമാന്‍ഡര്‍ എന്നെ കാണണമെന്ന് പ്രത്യേകമായി അഭ്യര്‍ഥിച്ചു. ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ അനുമതി ലഭിച്ചു. ആ കൂടിക്കാഴ്ചയില്‍ എന്നെ കാണാന്‍ പ്രത്യേകമായി എത്തിയ ഭാര്യയെയും മകളെയും പരിചയപ്പെടുത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യര്‍ഥന. അപ്പോഴാണ് ഒരു സത്യം വ്യക്തമായത് – ആശയധാരകള്‍ക്കും യൂണിഫോമുകള്‍ക്കും അതിര്‍ത്തികള്‍ക്കും അതീതമായി ലോകമെമ്പാടുമുള്ള സൈനികര്‍ മനുഷ്യരാണ്. തുടക്കത്തില്‍ കടുത്ത സംഘര്‍ഷമുണ്ടായിരുന്നുവെങ്കിലും, അവസാനത്തില്‍ പരസ്പര ബഹുമാനത്തിലാണ് അത് അവസാനിച്ചത്. ഞാന്‍ അവിടെ നിന്നു മാറുമ്പോള്‍ അതിര്‍ത്തികള്‍ ശാന്തമായിരുന്നു; ഇന്നും അവ ശാന്തമായിത്തന്നെയുണ്ട്.
ജീവിതത്തോട് അതിരുകടന്ന പ്രേമം വേണ്ട
സൈന്യത്തില്‍ ചേരുമ്പോള്‍ ”ഞാന്‍ വീരമൃത്യു വരിക്കും” എന്നു കരുതി ആരും വരുന്നില്ല. പക്ഷേ അങ്ങനെ സംഭവിച്ചാല്‍-അവര്‍ എന്നേക്കുമായി യുവാക്കളായിത്തന്നെ നില്‍ക്കും. സ്പെഷ്യല്‍ ഫോഴ്‌സസില്‍ എത്തുന്നവര്‍ പിന്നെ പിന്‍മാറില്ല. അവര്‍ മരിക്കാം, പക്ഷേ പിന്നോട്ട് പോകില്ല. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെല്‍മറ്റും ഏതാണ് നല്ലത് എന്ന് ചോദിക്കുന്ന തരത്തിലുള്ള മനോഭാവമുള്ളവരാണ് അവര്‍.
ടീം ഒന്നിച്ചാകുമ്പോള്‍, വ്യക്തിഗത ബുദ്ധിമുട്ടുകള്‍ അപ്രധാനമാകുന്നു. ഒരു സൈനികന്‍ താഴ്ന്ന മാനസികാവസ്ഥയിലായിരിക്കാം, ഭയം ഉണ്ടാകാം, പക്ഷേ ടീം അവനെ ഉയര്‍ത്തും. ടീമിനൊപ്പം ആയാല്‍ പ്രത്യേക മാനസികാവസ്ഥയിലേക്കാണ് സൈനികന്‍ കടക്കുന്നത്. എല്ലാവരും അത്യന്തം ഉത്സാഹത്തോടെ നിറഞ്ഞിരിക്കും. ആരും പിന്‍മാറില്ല. ആ അന്തരീക്ഷം അത്ര ശക്തമാണ്’ ”എന്റെ മനോബലം കുറഞ്ഞു” എന്ന് ആരും അനുഭവിക്കില്ല. ഈ അന്തരീക്ഷം യൂണിറ്റുകളില്‍ സൃഷ്ടിക്കുന്നതാണ്. ആ ആവേശം, ആ പോരാട്ടവികാരം എല്ലാം വളര്‍ത്തപ്പെടുന്നു. ജീവിതത്തോട് അതിരുകടന്ന പ്രേമം വേണ്ട. ഒരുനാള്‍ എല്ലാവരും പോകേണ്ടതാണ്.
യുദ്ധഭൂമിയിലെ മരണം. അതിനു മേലുള്ള മരണം മറ്റൊന്നില്ല. അത് നിങ്ങളെ എന്നും യുവാവാക്കി നിര്‍ത്തും. ഓരോ വീരന്റെയും കുടുംബത്തെ സൈന്യം സംരക്ഷിക്കുന്നു. യൂണിറ്റ് അവര്‍ക്ക് സ്ഥിരം കുടുംബമാണ്, സ്ഥിരം പിന്തുണയാണ്. അവര്‍ ആദരിക്കപ്പെടുന്നു, പരിപാലിക്കപ്പെടുന്നു. അതുകൊണ്ട് ഇത് ഒരു ജോലി മാത്രമല്ല. ഇത് ഒരു ദൗത്യമാണ്. സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്ന എല്ലാവരും ഒന്ന് മനസ്സിലാക്കണം: യുദ്ധഭൂമി ഇന്‍സ്റ്റഗ്രാമല്ല. യുദ്ധഭൂമി ഫേസ്ബുക്കല്ല. യുദ്ധഭൂമി ഫോട്ടോകളല്ല.
















