അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ഭാരതത്തിന്റെ ഫൈനല്‍. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ കുട്ടിക്രിക്കറ്റിന്റെ കലാശപ്പോരില്‍ ഭാരതത്തിന്റെ എതിരാളി മുമ്പ് രണ്ട് വട്ടം ഫൈനലിലെത്തിയ ചരിത്രമുള്ള ന്യൂസിലന്‍ഡാണ്. രാത്രി ഏഴിന് മത്സരം ആരംഭിക്കും.
സെമി ഫൈനലില്‍ മലയാളി താരം സഞ്ജു സാംസണിന്റെ ചിറകിലേറി ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഭാരതം ഫൈനലിലെത്തിയത്. ടൂര്‍ണമെന്റിലെ എല്ലാ മത്സരവും ജയിച്ചു മുന്നേറിയ ദക്ഷിണാഫ്രിക്കയെ തുരത്തിയാണ് ന്യൂസിലന്‍ഡ് കലാശപ്പോരിന് ടിക്കറ്റെടുത്തത്. 1.39 ലക്ഷത്തോളം കാണികള്‍ ഒരു സ്റ്റേഡിയത്തിലെത്തി കളി കാണുകയെന്ന അപൂര്‍വതയാണ് ഈ മത്സരത്തെ ശ്രദ്ധേയമാക്കുന്നത്. ക്രിക്കറ്റ് പ്രേമികളുടെ കണ്ണും കാതും മനസുമൊക്കെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലേക്കായിക്കഴിഞ്ഞു. ടീമുകള്‍ ഇന്നലെ സ്‌റ്റേഡിയത്തിലെത്തി പരിശീലനം നടത്തി. ഫൈനലില്‍ കിവികളെ നേരിടാന്‍ തയാറായതായി ഭാരത നായകന്‍ സൂര്യകുമാര്‍ യാദവും ഏതു പ്രതികൂല സാഹചര്യത്തെയും നേരിട്ട് കിരീടം സ്വന്തമാക്കുമെന്ന് ന്യൂസിലന്‍ഡ് നായകന്‍ മിച്ചല്‍ സാന്റ്‌നറും പറഞ്ഞു.
ടി20 ക്രിക്കറ്റ് ലോകകപ്പില്‍ ഇതിനുമുമ്പ് ഭാരതം മൂന്നു തവണ ഫൈനലിലെത്തിയപ്പോള്‍ രണ്ട് വട്ടം കിരീടം ചൂടി. 2007ലും 2024ലുമായിരുന്നു ഇത്. 2014ല്‍ ശ്രീലങ്കയോട് ഫൈനലില്‍ തോറ്റു. ഇന്ന് കിരീടമുയര്‍ത്തിയാല്‍ തുടര്‍ച്ചയായ രണ്ട് ടി20 ലോകകപ്പുകളില്‍ കിരീടം നേടുന്ന ഏക ടീമായി ഭാരതം മാറും.
















