ന്യൂദൽഹി: ഇന്ത്യാ-പാക് അതിർത്തിയിൽ അക്രമത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് രാജ്യത്ത് ജാഗ്രത. പ്രധാന നഗരങ്ങളിലും സുരക്ഷ ശക്തമാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. മുംബൈ, ഡൽഹി, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് നിർദേശം.
അഫ്ഗാനുമായുള്ള സംഘര്‍ഷവും ബലൂചിസ്ഥാനിലെ പ്രശ്നങ്ങളില്‍നിന്നും ശ്രദ്ധ തിരിക്കാന്‍ പാക്കിസ്ഥാൻ ശ്രമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാന്റെ പടിഞ്ഞാറൻ അതിർത്തി മേഖലകൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാൻ ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. ഇതേത്തുടർന്ന് മുംബൈയിലെ കുർള, ഗോവണ്ടി മേഖലകളിൽ ഒരേസമയം മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സേന പരിശോധന നടത്തി. പരിശോധനകളിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ജമ്മു കശ്മീരിലെ വിവിധ അതിർത്തി മേഖലകളിൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിക്കാൻ തീരുമാനമായിട്ടുണ്ട്. നുഴഞ്ഞുകയറ്റ ശ്രമങ്ങൾ തടയുന്നതിനായി അതിർത്തിയിൽ ബിഎസ്എഫും സൈന്യവും നിരീക്ഷണം കർശനമാക്കി.
















