ന്യൂഡൽഹി: ഡൽഹിയിൽ മന്നത്ത് പദ്‌മനാഭന് സ്മാരകം നിർമിക്കുന്നു. കേരളത്തിലെ എൻ.എസ്.എസുമായി നേരിട്ടുബന്ധമില്ലാത്ത, ഡൽഹിയിൽ രജിസ്റ്റർചെയ്ത നായർ കൂട്ടായ്‌മയായ, എൻ.എസ്.എസ്. ഡൽഹിയാണ് നീക്കത്തിനുപിന്നിൽ. മാർച്ച് 25-ന് തറക്കല്ലിടും. ജാതിമതഭേദമെന്യേ ആർക്കും വരാവുന്ന കേന്ദ്രമാകും ഇതെന്ന് ഡൽഹി എൻ.എസ്.എസ്. നേതൃത്വം വ്യക്തമാക്കി.
എൻ.എസ്.എസ്. ഡൽഹിയുടെ ദ്വാരകയിലെ ‘മന്നം ഇന്റർനാഷണൽ സെന്ററി’ലാണ് സ്മാരകം നിർമിക്കുക. രൂപകല്പന നിർവഹിച്ചിരിക്കുന്നത് ശില്പി ജോൺ ഫിലിപ്പോസാണ്. മന്നത്തിന്റെ പ്രതിമ നിർമിക്കുന്നതും അദ്ദേഹമാണ്. എൻ.എസ്.എസ്. ഡൽഹിയാണ് നിർമാണച്ചെലവ് വഹിക്കുന്നത്.
കഴിഞ്ഞ ജനുവരിയിൽ ഡൽഹിയിലെ മന്നംജയന്തി ആഘോഷത്തിൽ സംസാരിക്കവേ, പെരുന്നയിലെ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ തന്നെ അനുവദിച്ചില്ലെന്ന് മുൻ ബംഗാൾ ഗവർണർ ആനന്ദബോസ് വെളിപ്പെടുത്തിയത് ചർച്ചയായിരുന്നു. പെരുന്നയിൽ പുഷ്പാർച്ചനയ്‌ക്കുള്ള അവസരം കിട്ടുന്നില്ലെന്നും നിയന്ത്രണങ്ങളില്ലാതെ ആദരമർപ്പിക്കാൻ ഡൽഹിയിൽ മന്നത്തിന് സ്മാരകം വേണമെന്നും അന്ന് ആനന്ദബോസ് പറഞ്ഞിരുന്നു












