എമ്മെസ്
ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയ നോവലിസ്റ്റ് ശ്രീജിത്ത് മൂത്തേടത്തിനെ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ ഫോണില്‍ തെറി വിളിച്ചുവെന്നതാണ് വാര്‍ത്ത. സംഗതി വിവാദമായപ്പോള്‍ മാപ്പ് പറച്ചിലായി. വയോധികനെന്ന ആനുകൂല്യം നല്കി ശ്രീജിത്ത് മൂത്തേടത്ത് ആ മാപ്പ് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അതെന്തായാലും അത്തരത്തിലൊരാള്‍ക്ക് ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയെന്നല്ല പൊതുഇടത്തില്‍ ഒരു സംവിധാനത്തിന്റെയും ചുമതലയില്‍ ഇരിക്കാന്‍ യോഗ്യതയില്ലാത്തതാണ്. എന്നിട്ടും ഇങ്ങനെയൊക്കെ സംഭവിക്കുന്നതിന് ഒറ്റ കാരണമേ ഉള്ളൂ. കേരളാ സാര്‍…. ഹണ്ട്രഡ് പെര്‍സെന്റ് ലിറ്ററസി സാര്‍…
തരാതരം പോലെ വാലാട്ടാനും കാല് നക്കാനും കുരയ്‌ക്കാനുമൊക്കെയാണ് പണ്ടും പള്ളിയറകളില്‍ തമ്പ്രാന്‍ വാല്യക്കാരെ വയ്‌ക്കാറുള്ളത്. ഇന്‍സ്റ്റിറ്റ്യൂട്ട്, അക്കാദമി, മിഷന്‍ തുടങ്ങി വിവിധയിനം വാലുകളില്‍ അറിയപ്പെടുന്ന സര്‍ക്കാര്‍ വിലാസം സ്ഥാപനങ്ങളില്‍ സെക്രട്ടറി, ഡയറക്ടര്‍, ചെയര്‍മാന്‍ തുടങ്ങിയ വേഷം കെട്ടലുകളായാണ് ഇത്തരക്കാരെ നിയോഗിക്കാറ്. എഴുത്തും വായനയും കണക്കുകൂട്ടലുമൊക്കെ കാര്യമായി ഉണ്ടെന്ന് വരുത്തുകയും പള്ളിക്കൂടങ്ങളില്‍ ക്വിസ് എന്ന പേരില്‍ പാര്‍ട്ടി റിക്രൂട്ട്മെന്റിന് വഴിയൊരുക്കുകയുമാണ് പള്ളിയറ വാഴുന്നോരുടെ ദാസ്യവൃത്തിയെന്ന് അറിഞ്ഞാല്‍ പിന്നെ ഇപ്പോള്‍ കേള്‍ക്കുന്ന പുലയാട്ടില്‍ വലിയ പ്രശ്നമില്ല. അത്രയ്‌ക്കേ വളര്‍ച്ചയുള്ളൂ. അപ്പോള്‍പ്പിന്നെ പള്ളിയറയില്‍ നിന്ന് ഉയരുന്ന കുരയുടെ പിന്നിലിരിപ്പ് എല്ലോര്‍ക്കും മനസിലാകും.
കാലങ്ങള്‍ക്ക് ശേഷമാണ് കേരളത്തിലെ ഏതെങ്കിലും സര്‍ക്കാര്‍ വിലാസം അവാര്‍ഡില്‍ നിന്ന് ഭരണക്കാരുടെ പിന്നണിപ്പാട്ടുകാര്‍ ഒഴിവാക്കപ്പെടുന്നത്. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഇത്തവണത്തെ പുരസ്‌കാരങ്ങളിലൊന്ന് അങ്ങനെയാണ് മാര്‍ക്സിസ്റ്റ് കൊലക്കത്തിക്കിരയായ ഭാസ്‌കരന്‍ മാഷുടെ മകന്‍ ശ്രീജിത്ത് മൂത്തേടത്തിന് ലഭിക്കുന്നത്. പക്ഷമില്ലാത്ത ഈ വിധി നിര്‍ണയം പക്ഷേ ഇന്‍സ്റ്റിറ്റ്യൂട്ട് കാക്കാന്‍ സര്‍ക്കാര്‍ എല്ലും ചെലവും കൊടുത്തിരുത്തിയിട്ടുള്ള ശ്രീധരന്‍ സഖാവ് അറിഞ്ഞില്ലെന്ന് വേണം ഒടുവില്‍ കേട്ട കുരയില്‍ നിന്ന് മനസിലാക്കേണ്ടത്. അവാര്‍ഡ് നേടിയ ശ്രീജിത്ത് മൂത്തേടത്തിന്റെ എഴുത്തല്ല, അയാളുടെ കണ്ണിലിടം പിടിച്ചത്, ആശയമാണ്. സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ദിവ്യ. എസ്. അയ്യരുടെ അടുത്ത് നിന്ന് ഫോട്ടം പിടിക്കാന്‍ അവസരം ലഭിച്ചില്ലെന്ന് പറഞ്ഞാണ് ശ്രീധരന്‍ ശ്രീജിത്തിനോട് കുരച്ചുചാടിയത്. യഥാര്‍ത്ഥത്തില്‍ ഈ കുര ശ്രീജിത്ത് അവാര്‍ഡിന് അര്‍ഹനാണെന്ന് കണ്ടെത്തിയ ജൂറിക്ക് നേരെയാണ്. വാല്യക്കാരും അടിച്ചുതളിക്കാരും അടുക്കളവയ്‌പുകാരുമൊക്കെയായി എമ്പാടും എഴുത്താളര്‍ പാര്‍ട്ടിപ്പരിപാടികളുടെ പിന്നാമ്പുറത്ത് വാലുമാട്ടി നടക്കുന്നതിനിടെയാണ് അവരെയെല്ലാം ഒഴിവാക്കി ഇങ്ങനെയൊരു ജൂറി തീരുമാനം. അരിശം കുരച്ച് തീര്‍ക്കാതെന്ത് ചെയ്യും?
ഭൂമിവാതുക്കലില്‍ നിന്നാണ് ശ്രീജിത്തിന്റെ വരവ്. പെന്‍ഗ്വിനുകളുടെ വന്‍കരയില്‍ നിന്നുള്ള ബാലശാസ്ത്ര നോവലാണ് പുരസ്‌കൃതമായത്. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്
മുമ്പ് ഇതേ പുസ്തകം കേന്ദ്രസാഹിത്യ അക്കാദമിയും അംഗീകരിച്ചതാണ്. 2022ല്‍ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് തന്നെയാണ് പെന്‍ഗ്വിനുകളുടെ വന്‍കരയില്‍ പ്രസിദ്ധീകരിച്ചത്. കുട്ടികളില്‍ ശാസ്ത്രചിന്തയും പാരിസ്ഥിതിക അവബോധവും വളര്‍ത്തുന്നതാണ് പുസ്തകമെന്ന് ജൂറി വിലയിരുത്തിയിട്ടുണ്ട്. കുരുവികളുടെ ലോകം, ആഫ്രിക്കന്‍ തുമ്പികള്‍, ചക്കരപ്പാടം, സൂര്യയാത്രയുടെ വിസ്മയച്ചെപ്പ്, തൂവല്‍ത്തൊട്ടില്‍ തുടങ്ങി പിന്നെയുമുണ്ട് പാരിസ്ഥിതിക അവബോധം വളര്‍ത്തുന്ന ശ്രീജിത്തിന്റെ ബാലനോവലുകള്‍. നിണവഴി താണ്ടിയാണ് ശ്രീജിത്ത് എന്ന കൗമാരക്കാരന്‍ അറിവിന്റെയും എഴുത്തിന്റെയും വഴിയില്‍ ചുവടുറപ്പിച്ചത്. കണ്‍മുന്നില്‍ കൊല്ലപ്പെട്ട അച്ഛന്റെ ഓര്‍മ്മകള്‍ക്കാണ് തന്റെ ഓരോ എഴുത്തും ശ്രീജിത്ത് സമര്‍പ്പിച്ചത്. ശ്രീധരന്റെ വഴിയല്ല ശ്രീജിത്തിന്റെ വഴിയെന്ന് സാരം.
ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ സ്ഥാനത്ത് ശ്രീധരന്‍ കയറിയിരിപ്പായിട്ട് ഒരു പതിറ്റാണ്ടാവുന്നു. പിണറായി സര്‍ക്കാരിന്റെ പ്രായത്തോളമുണ്ട് പദവിയുടെ ആയുസ്. ശുനകനോ അതോ ശുംഭനോ എന്ന് നാട്ടുകാരെക്കൊണ്ട് പാടിക്കുന്ന പരുവത്തിലാണ് കനകസിംഹാസനത്തിന്റെയൊക്കെ അവസ്ഥ. കൂടാളി പള്ളിക്കൂടത്തില്‍ നിന്ന് വിആര്‍എസ് എടുത്ത് കണക്കുപുസ്തകം എഴുത്തായിരുന്നു പണി. ശാസ്ത്രസാഹിത്യ പരിഷത്തും ദേശാഭിമാനിയും കൂട്ടിനുള്ളപ്പോള്‍ പള്ളിക്കൂടം വാധ്യാരുടെ പണിയേക്കാള്‍ മെച്ചം പുസ്തകമെഴുതി പുസ്തകമെഴുതി ഡയറക്ടറാകാമെന്ന് കരുതിയതാണ് ശ്രീധരന്റെ ബുദ്ധി. പാര്‍ട്ടിയെ ചാരിയാല്‍ പാര്‍ട്ടിയല്ലാതെ വേറെ വല്ലതും മണക്കുമെന്ന് കരുതുന്നതാണ് അപകടം. ചുരുളി മോഡല്‍ മലയാളം ഭാഷാ വൈദഗ്ധ്യം കൈമുതലായുള്ള ഇമ്മാതിരി മുതലുകളാണ് കുട്ടികള്‍ക്കായി പ്രസിദ്ധീകരിക്കുന്ന തളിരിന്റെ പത്രാധിപരെന്ന് കൂടി അറിയുമ്പോഴേ അപകടം എത്ര ഭീകരമാണെന്ന് മനസിലാകൂ.














