തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് എത്തിയ നടി അന്നാരാജന്റെ പെരുമാറ്റ രീതികളും അവിടെയെത്തിയ യൂട്യൂബര്‍മാര്‍ അതിന് സമൂഹമാധ്യമങ്ങളില്‍ നല്‍കിയ പ്രചാരണത്തിനും എതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം. ഇതോടെ നടി ഗത്യന്തരമില്ലാതെ നടി മാപ്പ് പറഞ്ഞിരിക്കുകയാണ്. പ്രഹസനത്തിനും പ്രശസ്തിക്കും വേണ്ടി എത്തിയ പലരുടെയും കൂട്ടത്തില്‍ അന്നാ രാജനെയും ഉള്‍പ്പെടുത്തി പലരും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു.
പൊങ്കാല ഇടുന്നതിന് മുന്‍പ് അതില്‍ നേദിക്കേണ്ട സാധനങ്ങളൊക്കെ ചുറ്റും കൂടിനില്‍ക്കുന്നവര്‍ക്ക് അന്നാ രാജന്‍ കൊടുക്കുന്നത് കാണാമായിരുന്നു. ഇതാണ് വലിയ വിമര്‍ശനത്തിന് ഇടയാക്കിയത്. അപ്പോള്‍ പൊങ്കാലയില്‍ നേദിക്കേണ്ട സാധനങ്ങളെല്ലാം ചുറ്റുപാടുമുള്ളവര്‍ക്ക് കൊടുത്ത് തീര്‍ത്തുകഴിഞ്ഞ് അതിന്റെ ഉച്ഛിഷ്ടമാണോ ദേവിക്ക് നേദിക്കുന്നത് എന്ന ചോദ്യവും ഉയര്‍ന്നിരുന്നു. പൊങ്കാലയിടാനല്ല, പ്രദര്‍ശനത്തിനാണ് അന്നാ രാജന്‍ വന്നത് എന്ന രീതിയില്‍ ഈ സംഭവം ഉയര്‍ത്തിക്കാട്ടി പലരും വിമര്‍ശിച്ചു. ഇതോടെയാണ് ഗത്യന്തരമില്ലാതെ അന്നാ രാജന് മാപ്പ് പറയേണ്ടി വന്നത്.
പ്രാര്‍ത്ഥനകളും ആത്മസമര്‍പ്പണത്തിന്റെ കണ്ണുനീരും ഉയരുന്ന ഒരു ഇടമാണ് ആറ്റുകാല്‍ പൊങ്കാല ദിനം. വ്രതശുദ്ധിയോടെയും മനശ്ശുദ്ധിയോടെയും വരേണ്ട ഇടമാണത്. നടി ചിപ്പിയെ പൊങ്കാലയിടാന്‍ പോലും സമ്മതിക്കാത്ത രീതിയില്‍ യൂട്യൂബര്‍മാര്‍ പൊതിഞ്ഞത് വലിയ പ്രശ്നമുണ്ടാക്കിയിരുന്നു. ഒടുവില്‍ പൊങ്കാലയിടാന്‍ എത്തിയ സാധാരണക്കാരിയായ മറ്റൊരു സ്ത്രീ എല്ലാ യൂട്യുബര്‍മാരെയും ചീത്തപറഞ്ഞ് ഓടിച്ചതോടെയാണ് ചിപ്പിയ്‌ക്കും സമാധാനത്തോടെ പൊങ്കാലയിടാന്‍ കഴിഞ്ഞത്.
















