തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റ് ഘടകകക്ഷിയായ സിഎംപിക്ക് നല്‍കുന്നതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. സിഎംപിയുടെ സി പി ജോണിനെ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ മത്സരിപ്പിച്ചാല്‍ രാജി വയ്‌ക്കുമെന്നാണ് പത്തോളം ഡിസിസി ഭാരവാഹികള്‍ ഭീഷണി മുഴക്കിയത്.ഇവര്‍ ഇതുസംബന്ധിച്ച് അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തയച്ചു. ഘടകകക്ഷി മത്സരിച്ചാല്‍ നേട്ടം ബിജെപിക്കായിരിക്കുമെന്നും കത്തില്‍ പറയുന്നു.
സീറ്റ് ഘടകകക്ഷിക്ക് നല്‍കിയാല്‍ നേമം ആവര്‍ത്തിക്കുമെന്നുമാണ് നേതാക്കളുടെ മുന്നറിയിപ്പ്. സീറ്റ് സിഎംപിക്ക് നല്‍കരുതെന്ന് 12 മണ്ഡലം പ്രസിഡന്റുമാരും ആവശ്യപ്പെട്ടിട്ടുണ്ട്.മുന്‍ മന്ത്രി വിഎസ് ശിവകുമാര്‍ തിരുവനന്തപുരം സെന്‍ട്രലില്‍ മത്സരിക്കാനുളള കരുക്കള്‍ നീക്കുന്നുണ്ട്.
വിഡി സതീശന്‍ നയിച്ച പുതുയുഗയാത്രയുടെ പര്യടനം പൂര്‍ത്തിയായതോടെ സീറ്റ് വിഭജന ചര്‍ച്ച വീണ്ടും യുഡിഎഫ് തുടങ്ങാനിരിക്കെയാണ് തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റിനെ ചൊല്ലി തര്‍ക്കം ഉടലെടുത്തത്. സിപി ജോണിന് തിരുവനന്തപുരം സെന്‍ട്രലാണോ തിരുവമ്പാടിയാണോയെന്ന് യുഡിഎഫില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.
















