കൊച്ചി: വിദ്യാർഥിനിയായ ജസ്‍ലിയയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ഡോ.സിറിയക്ക് പോലീസ് പിടിയിൽ. വാഗമണ്ണിലെ റിസോർട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. പോലീസ് എത്തിയതിനെ തുടർന്ന് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. സിറിയക്കിനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
അപകടം നടന്നു ദിവസങ്ങൾ കഴിഞ്ഞിട്ടും ഡോ. സിറിയക്കിനെ പിടികൂടാത്തതില്‍ പോലീസിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിന് സിറിയക്കിന്റെ അച്ഛൻ ജോർജിനെ അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം സിറിയക് കോട്ടയം സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്നു പരിഗണിച്ചേക്കും.
ഫെബ്രുവരി 28ന് അങ്കമാലി ടെൽക്ക് ജംഗ്ഷന് സമീപം വച്ചാണ് ഡോ. സിറിയക്കിന്റെ കാറിടിച്ച് വൈപ്പിൻ എടവനക്കാട് കളത്തിപ്പറമ്പ് ജസ്‍ലിയ ജോൺസൺ കൊല്ലപ്പെട്ടത്. അങ്കമാലി മോണിങ് സ്റ്റാർ ഹോംസയൻസ് കോളജിലെ വിദ്യാർഥിയായിരുന്നു. പാർട്‍ടൈം ജോലി കഴിഞ്ഞ് കോളജ് ഹോസ്റ്റലിലേക്കു നടന്നു പോവുകയായിരുന്ന ജസ്‍ലിയയെ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ ജസ്‍ലിയ ഈ മാസം മൂന്നിന് മരണത്തിനു കീഴടങ്ങി. ജസ്‍ലിയയുടെ അവയവങ്ങൾ ദാനം ചെയ്തിരുന്നു.
















