പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിക്ക് കത്തയച്ചുവെന്ന വാര്‍ത്ത ശരിയല്ലെന്ന വിശദീകരണവുമായി ഭര്‍ത്താവ് ജോര്‍ജ് ജോസഫ്. എന്നാല്‍ കുട്ടികളുടെ പ്രയാസം കണക്കിലെടുത്ത് വീണയെ ഇത്തവണ ഒഴിവാക്കണമെന്ന് ജില്ലാ സെക്രട്ടറിയോട് അഭ്യര്‍ത്ഥിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. നിലവില്‍ വീണയെ മത്സരിപ്പിക്കുന്നത് പാര്‍ട്ടി തീരുമാനമാണ്. ഒരു പാര്‍ട്ടി അംഗത്തിന്റെ കടമ അത് അംഗീകരിക്കുക എന്നതാണ്. ജോര്‍ജ് ജോസഫ് പറഞ്ഞു.
വീണയ്‌ക്കു നേരെയുണ്ടായ ആക്രമണങ്ങള്‍ കണ്ട് ഭയന്ന കുഞ്ഞുങ്ങളുടെ ആശങ്ക മാറ്റാനാണ് താന്‍ ശ്രമിച്ചത്. കുഞ്ഞുങ്ങള്‍ ഒന്ന് വലുതാകുന്നത് വരെ വീണയെ പാര്‍ലമെന്ററി രംഗത്ത് നിന്ന് മാറ്റിനിര്‍ത്തണമെന്നാണ് ഒരു പിതാവിന്റെ വികാരത്തോടെ ജില്ലാ സെക്രട്ടറിയോട് പറയുകയായിരുന്നു. സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിയുടെ നയപരമായ തീരുമാനമാണ്. അത് അനുസരിക്കാന്‍ വീണയും കുടുംബവും ബാധ്യസ്ഥരാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം പാര്‍ട്ടി നേതൃത്വം ഇടപെട്ട് ജോര്‍ജ് ജോസഫിനെക്കൊണ്ട് തിരുത്തിപ്പറയിക്കുകയായിരുന്നുവെന്ന് അറിയുന്നു.















