ടെഹ്റാൻ: ഇറാൻ–ഇസ്രയേൽ സംഘർഷം തുടരുന്നതിനിടെ, ഗൾഫ് രാജ്യങ്ങളുമായി സന്ധി സംഭാഷണത്തിനുള്ള തയ്യാറെടുപ്പുകൾ ശക്തമാക്കി ഇറാൻ. ഗൾഫ് രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കുന്നുവെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ പറഞ്ഞു. അമേരിക്ക–ഇസ്രയേൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ തങ്ങൾക്കു മുന്നിൽ മറ്റ് മാർഗങ്ങൾ ഇല്ലായിരുന്നുവെന്നും ഇറാൻ പ്രസിഡന്റ് വ്യക്തമാക്കി. മേഖലയുടെ സ്ഥിരതയ്‌ക്കായി എല്ലാ രാജ്യങ്ങളും കൈകോർക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഇതിനിടെ, ഇറാൻ വിദേശകാര്യ മന്ത്രി ഖത്തർ പ്രധാനമന്ത്രിയുമായി ഫോണിൽ ആശയവിനിമയം നടത്തി. തങ്ങളുടെ ആക്രമണം ഖത്തറിനെ ലക്ഷ്യമിട്ടതല്ലെന്ന് ഇറാൻ വിശദീകരിച്ചെങ്കിലും, ഈ വാദങ്ങൾ ഖത്തർ തള്ളി. ഇറാൻ ആക്രമണം ജനങ്ങളെ ബാധിച്ചതായും, തങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാൻ ശ്രമമുണ്ടായതായും ഖത്തർ പ്രതികരിച്ചു. മേഖലയിൽ തുടരുന്ന ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ഖത്തർ ആവശ്യപ്പെട്ടു.
ഇതിനിടെയാണ് മറ്റ് ഗൾഫ് രാജ്യങ്ങളുമായും ഇറാൻ സമവായ ശ്രമങ്ങൾ ആരംഭിച്ചതെന്ന വിവരം പുറത്തുവരുന്നത്. നേരത്തെ ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയിരുന്നു. ദിവസങ്ങളായി ഗൾഫ് മേഖലയാകെ അസ്ഥിരത തുടരുന്നതിനിടെയാണ്, സമവായ നീക്കങ്ങളുമായി ഇറാൻ രംഗത്തെത്തുന്നത്.
















