പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിന് ജനപിന്തുണയ്‌ക്ക് പുറമെ പാര്‍ട്ടി അണികളുടെ പിന്തുണയും നഷ്ടമാകുന്നു. കണ്ണൂരിലെ നാടകങ്ങള്‍ക്ക് ശേഷം പത്തനംതിട്ടയില്‍ പങ്കെടുത്ത ആദ്യപരിപാടിയില്‍ മന്ത്രി പ്രസംഗിച്ചത് ഒഴിഞ്ഞ കസേരകളെ സാക്ഷിയാക്കി. പത്തനംതിട്ട നന്നുവക്കാട്ടെ ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രിയുടെ നിര്‍മ്മാണ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിയോടുള്ള എതിര്‍പ്പുമൂലം സദസ് ശൂന്യമായിരുന്നത്.
കണ്ണൂരിലെ പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്കേറ്റെന്ന് പറഞ്ഞ് നാടകം കളിച്ച മന്ത്രി പത്തനംതിട്ടയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. അതിനു ശേഷം പങ്കെടുത്ത ആദ്യപൊതുപരിപാടിയായിരുന്നു നന്നുവക്കാട്ടിലേത്. സ്വന്തം തട്ടകത്തിലെ പരിപാടിക്കു പോലും ആളെത്തിയില്ല.
ചൊവ്വാഴ്ച വൈകിട്ട് പത്തനംതിട്ട കണ്ണംപുത്തൂര്‍ ഗ്രൗണ്ടിലായിരുന്നു ആരോഗ്യ വകുപ്പ് ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചത്. സിപിഎം പ്രവര്‍ത്തകര്‍ പോലും പങ്കെടുത്തില്ലെന്നത് മന്ത്രിക്ക് നാണക്കേടായി. പത്തില്‍ താഴെ പേരാണ് ഉണ്ടായിരുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കുറെ പോലീസുകാരും സ്ഥലത്ത് ഉണ്ടായിരുന്നു. ഇതിന് ശേഷം നടന്ന കലാപരിപാടി ആസ്വദിക്കാന്‍ ധാരാളം പേര്‍ എത്തുകയും ചെയ്തു. മന്ത്രിയോടുള്ള പ്രതിഷേധം മാത്രമാണ് വിട്ടുനില്‍ക്കലിനു പിന്നിലെന്ന് വ്യക്തം.
സംഭവം വിവാദമായതോടെ കലാപരിപാടിക്ക് എത്തിയവരുടെ ചിത്രങ്ങള്‍ പങ്കുവെച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രതിരോധിക്കാന്‍ സിപിഎം ശ്രമം തുടങ്ങിയിട്ടുണ്ട്. ഉച്ചക്ക് ശേഷം ഇലന്തൂരില്‍ നടന്ന ഗവ. ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളജ് കെട്ടിട ശിലാസ്ഥാപനത്തിലും പ്രതീക്ഷിച്ചത്ര ആളുകളെത്തിയില്ല. ഇവിടെ മന്ത്രി വീണ ആയിരുന്നു അധ്യക്ഷ. കോളജ് കുട്ടികള്‍ പങ്കെടുത്തതിനാല്‍ ആളില്ലാക്കസേരകളെ അഭിസംബോധന ചെയ്യേണ്ടിവന്നില്ല. നെക്ക് കോളര്‍ ധരിച്ചാണ് മന്ത്രി പരിപാടികളില്‍ പങ്കെടുത്തത്.
ആറന്മുള മണ്ഡലത്തില്‍ സജീവമാകാന്‍ പാര്‍ട്ടി വീണയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിപിഎം ജില്ലാ നേതൃത്വം മന്ത്രിക്ക് എതിരാണ്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം മന്ത്രിയുടെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ് വീണ മൂന്നാമതും മത്സരിക്കുന്നതില്‍ എതിര്‍പ്പ് അറിയിച്ചത്.
















