തിരുവനന്തപുരം: അതിവേഗ റെയില്‍പദ്ധതി നടപ്പാക്കുന്നതോടെ പ്രതിദിനം 3.3 കോടി ലാഭം ഉണ്ടാകുമെന്നും പ്രതിവര്‍ഷം 1000 കോടിയുടെ പെട്രോളും ഡീസലും ലാഭിക്കാനാകുമെന്നും മെട്രോമാന്‍ ഇ. ശ്രീധരന്‍. പ്രതിദിനം അഞ്ച് ലക്ഷം യാത്രക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. റോഡിലെ ഗതാഗതക്കുരുക്ക് വന്‍തോതില്‍ കുറയ്‌ക്കാനാകും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയേഴ്‌സ് ഹാളില്‍ ഹൈസ്പീഡ് റെയില്‍ ലൈന്‍ കേരള എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിവേഗ റെയില്‍ വഴി ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിക്കാനും ഓരോ അഞ്ചു മിനിട്ടിലും സര്‍വീസ് നടത്താനും സാധിക്കും. 70 സീറ്റുകളുള്ള ട്രെയിനില്‍ ഇരുന്നുമാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. ഡ്രൈവര്‍മാര്‍ ഇല്ലാതെ ഓട്ടോമാറ്റിക് സംവിധാനമായിരിക്കും. പദ്ധതിയുടെ ആദ്യഘട്ടത്തിന് 4.5 ലക്ഷം കോടിയും രണ്ടാം ഘട്ടത്തിന് 6.5 ലക്ഷം കോടിയും ചെലവുവരും. സൗരോര്‍ജത്തിലൂടെയാണ് മുഴുവന്‍ ഊര്‍ജവും കണ്ടെത്തുക. ഇതിനായി ട്രാക്കിന് ഇരുവശങ്ങളിലും റെയില്‍വേ സ്റ്റേഷനു മുകളിലും സൗരോര്‍ജ പാനല്‍ സ്ഥാപിക്കും. പാത കടന്നുപോകുന്ന സ്ഥലങ്ങളില്‍ 15 മുതല്‍ 25 മീറ്റര്‍ വരെ വീതിയിലേ സ്ഥലം ഏറ്റെടുക്കുകയുള്ളു. തൂണുകള്‍ നിര്‍മ്മിക്കുന്ന ഭാഗങ്ങളില്‍ 5 മീറ്റര്‍ സര്‍വീസ് റോഡിന് ഉപയോഗിക്കും. ബാക്കിയുള്ള സ്ഥലം ഉടമകള്‍ക്ക് കൃഷിക്കോ മറ്റ് ആവശ്യങ്ങള്‍ക്കോ വിട്ടുകൊടുക്കും.
തിരുവനന്തപുരം-കാസര്‍കോട് യാത്രയ്‌ക്ക് 3.50 മണിക്കൂറാണ് വേണ്ട സമയം. തിരുവനന്തപുരം കൊല്ലം 48 മിനിട്ട്, കോട്ടയം 1.10 മണിക്കൂര്‍, എറണാകുളം 1.25 മണിക്കൂര്‍, കോഴിക്കോട് 2.40 മണിക്കൂറുമാണെടുക്കുക. അതിവേഗ ട്രെയിനിലൂടെ 660 ടണ്‍ കാര്‍ബണ്‍ എമിഷന്‍ കുറയ്‌ക്കാനാകും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ 12.500 കോടിയുടെ ഇന്ധനലാഭം രാജ്യത്തിനുണ്ടാകും. രണ്ടാം ഘട്ടത്തില്‍ മെയിന്‍ ലൈനുമായി ബന്ധിപ്പിക്കുന്ന മറ്റ് ബ്രാഞ്ച് ലൈനുകളും വികസിപ്പിക്കാനാകും.
51 ശതമാനം തുക കേന്ദ്രസര്‍ക്കാര്‍ നല്‍കും. സംസ്ഥാനം മുടക്കേണ്ടത് 49 ശതമാനം മാത്രമാണെന്നും സംസ്ഥാനത്തെ യാത്രാക്ലേശവും റോഡപകടങ്ങളും ഗണ്യമായി കുറയ്‌ക്കാനും വന്‍ സാമ്പത്തിക നേട്ടത്തിനും അതിവേഗ പാത ഗുണകരമാകുമെന്നും ഇ. ശ്രീധരന്‍ പറഞ്ഞു. സാമ്പത്തിക വിദഗ്ധരും സാങ്കേതിക വിദഗ്ധരുമടക്കം നിറഞ്ഞസദസിന്റെ ചോദ്യങ്ങള്‍ക്കും അദ്ദേഹം വ്യക്തമായ മറുപടി നല്‍കി.











