ഗുരുവായൂര്‍: ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ തിരുവുത്സവത്തിന്റെ ആറാം വിളക്ക് ദിനമായ ഇന്ന് മുതല്‍ ഗുരുവായൂരപ്പന്‍ സ്വര്‍ണക്കോലത്തിലെഴുന്നെള്ളും. ഇന്ന് ഉച്ചയ്‌ക്ക് 3 ന് ഗുരുവായൂര്‍ ദേവസ്വത്തിലെ ഏറ്റവും തലയെടുപ്പുള്ള കൊമ്പന്‍ ഇന്ദ്രസെന്‍, ഭഗവാന്റെ തങ്കതിടമ്പേറ്റിയുള്ള പ്രൗഢഗംഭീരമായ കാഴ്‌ച്ചശീവേലിക്ക് പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തിലുള്ള മേളപെരുക്കത്തോടെ ഭഗവാന്‍ സ്വര്‍ണക്കോലത്തിലെഴുന്നെള്ളുമ്പോള്‍, കൊമ്പന്മാരായ കൃഷ്ണനാരായണനും, അക്ഷയ്‌കൃഷ്ണയും പറ്റാനകളാകും. ഇനി തുടര്‍ന്നുള്ള അഞ്ച് ദിവസവും ഭഗവാന്റെ എഴുന്നെള്ളത്ത് സ്വര്‍ണക്കോലത്തിലാണ്.
പഞ്ചാരിമേളം ‘അടന്ത’യിലേയ്‌ക്ക് മാറുന്ന സമയത്തെ മേള തനിയാവര്‍ത്തന രീതിയായ ‘വകകൊട്ടലും’ ഉത്സവം ആറാം വിളക്കെഴുന്നെള്ളിപ്പിലെ മേളത്തിന്റെ സവിശേഷതയാണ്. മേളപ്രമാണി പെരുവനം കുട്ടന്‍മാരാരാണ് വകകൊട്ടിപ്പക.
വെള്ളികൊണ്ട് പൊതിഞ്ഞ പീഠത്തിലാണ് ഭഗവാന്റെ തിടമ്പ് വെച്ചുള്ള സ്വര്‍ണക്കോലം എഴുന്നെള്ളിപ്പ്. 35-ഇഞ്ച് വീതിയും, അമ്പത്തിയേഴര ഇഞ്ച് ഉയരവുമുള്ള സ്വര്‍ണക്കോലത്തിലാണ് ഇന്നുമുതല്‍ ശ്രീഗുരുവായൂരപ്പന്റെ എഴുന്നെള്ളത്ത്.
സ്വര്‍ണക്കോലം വര്‍ഷത്തില്‍ ഉത്സവം, അഷ്ടമിരോഹിണി, ഏകാദശി എന്നീ ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള ദിവസങ്ങളില്‍ മാത്രമേ പുറത്തെടുത്ത് എഴുന്നെള്ളിക്കാറുള്ളു. ഞായറാഴ്‌ച്ച ഭഗവാന്റെ പള്ളിവേട്ടയും, തിങ്കളാഴച്ചത്തെ ആറാട്ടും കഴിഞ്ഞ് ഭഗവാന്‍ പിടിയാനപുറമേറി 11 ഓട്ടപ്രദക്ഷിണം പൂര്‍ത്തിയാക്കിയ ശേഷം, ക്ഷേത്രം തന്ത്രി സ്വര്‍ണക്കൊടിമരത്തിലെ സപ്തവര്‍ണക്കൊടി ഇറക്കുന്നതോടെ 10 ദിവസം നീണ്ടുനിന്ന ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് പരിസമാപ്തിയാകും.
















