ശാസ്താംകോട്ട: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയെത്തിയ പെണ്‍കുട്ടിക്ക് ആളുമാറി പേവിഷ വാക്‌സിന്‍ എടുത്ത സംഭവത്തില്‍ നഴ്‌സിനെ ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ സാധ്യത. എച്ച്എംസി വഴി കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച നഴ്‌സാണ് ഗുരുതര കൃത്യവിലോപം കാട്ടിയത്.
സംഭവ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഹെഡ് നഴ്‌സിനെതിരെയും നടപടി ഉണ്ടാകാന്‍ സാധ്യതയുണ്ട്. സസ്‌പെന്‍ഷന്‍ നടപടിയാകും ഇവര്‍ക്കെതിരെ സ്വീകരിക്കുക എന്നാണ് സൂചന. സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ ഇരുവര്‍ക്കും ഡിഎംഒയും ബ്ലോക്ക് പഞ്ചായത്ത് അധികൃതരും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിശദീകരണം ലഭിച്ച ശേഷം എച്ച്എംസി ചേര്‍ന്ന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രശ്മി രഞ്ജിത്ത് പറഞ്ഞു.
അതിനിടെ മരുന്ന് മാറി ഇന്‍ഞ്ചക്ഷന്‍ എടുത്ത വേങ്ങ സ്വദേശിനിയായ 18കാരിയെ താലൂക്ക് ആശുപത്രിയില്‍ ആരോഗ്യ പരിശോധനയ്‌ക്ക് വിധേയയാക്കി. പെണ്‍കുട്ടിക്ക് ഇന്‍ജക്ഷന്‍ എടുത്തതു മൂലം മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. കഴിഞ്ഞ ദിവസമാണ് കടുത്ത ശ്വാസംമുട്ടലുമായി ചികിത്സയ്‌ക്ക് എത്തിയ 18കാരിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് പേവിഷ വാക്‌സിന്‍ എടുത്തത്. ഇന്‍ജക്ഷന്‍ എടുക്കാന്‍ നിര്‍ദേശിച്ച് ഡോക്ടര്‍ നല്‍കിയ കുറിപ്പടി നഴ്‌സിങ് റൂമില്‍ ഹാജരാക്കിയപ്പോഴാണ് തെരുവ്‌നായ കടിച്ച് പരിക്കേറ്റ് എത്തിയയാള്‍ക്ക് എടുക്കാന്‍ വച്ചിരുന്ന പേവിഷ വാക്‌സിന്‍ യുവതിക്ക് എടുത്തത്.
എന്നാല്‍ ഗുരുതരമായ കൃത്യവിലോപം കാട്ടിയ നഴ്‌സിനെതിരെ നടപടിയെടുക്കാതെ സംഭവം നിസാരവത്ക്കരിക്കാനാണ് ആശുപത്രി അധികൃതര്‍ ശ്രമിച്ചതെന്നാണ് ഉയര്‍ന്ന ആരോപണം. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു.












