തിരുവനന്തപുരം: 11 വര്‍ഷംമുന്‍പുള്ള ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ട്യൂഷന്‍മാസ്റ്റര്‍ക്ക് 18 വര്‍ഷം കഠിന തടവ്.മെഡിക്കല്‍ കോളജ് സ്വദേശിയായ 57 കാരനെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി കഠിനതടവിനും 35,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. 2013 മുതല്‍ 2014 വരെയായിരുന്നു കേസിനാസ്പദമായ സംഭവം. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ട്യൂഷന്‍മാസ്റ്റര്‍ പലദിവസങ്ങളിലും വിദ്യാര്‍ത്ഥിനിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പിടിച്ച് പീഡിപ്പിക്കുമായിരുന്നു. ഇതേത്തുടര്‍ന്ന് ഒരു വര്‍ഷം കഴിഞ്ഞ് ട്യൂഷന്‍ പഠനം നിര്‍ത്തേണ്ടിവന്നു. പ്രതി ഭീഷണിപ്പെടുത്തിയതിനാല്‍ വിവരം പുറത്ത് പറഞ്ഞില്ല. പിന്നീട് പ്ലസ്ടു പഠന കാലത്ത് അമിത ഭയവും മാനസികാവിഭ്രാന്തിയും പ്രകടിപ്പിച്ചതോടെ വീട്ടുകാര്‍ സൈക്കോളജിസ്റ്റിനെ കാണിച്ചു. മരുന്നുകള്‍ കഴിച്ചതോടെ മനോനില വീണ്ടെടുക്കാനായി. തുടര്‍ന്ന് എംബിബിഎസ് അഡ്മിഷന്‍ ലഭിച്ച് ഹോസ്റ്റലില്‍ താമസിക്കവെ 2024 ല്‍ പ്രതിയുമായി രൂപ സാദൃശ്യമുള്ള ഒരാളെ കണ്ടതോടെ മനോവിഭ്രാന്തി ആവര്‍ത്തിച്ചു. അന്ന് ഡോക്ടറെ കണ്ടപ്പോഴാണ് പീഡന വിവരം പറയുന്നതും ഡോക്ടര്‍ വഴി പോലീസില്‍ അറിയിക്കുന്നതും.
















