ന്യൂദല്‍ഹി: മുംബൈ ആസ്ഥാനമായുള്ള റൈസിംഗ് സൂപ്പര്‍സ്റ്റാര്‍സ് എന്റര്‍പ്രൈസസിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി 8 ലക്ഷം രൂപ പിഴ ചുമത്തി. തങ്ങളുടെ ‘പ്രോഡിജി ഫ്രെയിംവര്‍ക്ക് പ്രോഗ്രാം’ കുഞ്ഞുങ്ങളെ മൂന്നാം മാസത്തില്‍ ഇഴയാനും എട്ടാം മാസത്തില്‍ നടക്കാനും 18 മാസത്തിനുള്ളില്‍ 200 വാക്കുകളില്‍ കൂടുതല്‍ പറയാനും സഹായിക്കുമെന്ന് അവകാശപ്പെട്ടുള്ള തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ പേരിലാണിത്. ഇവരുടെ അവകാശവാദം ശാസ്ത്രീയ പഠനത്തിന്റെയോ ക്ലിനിക്കല്‍ തെളിവിന്റെയോ പിന്തുണയുള്ളതല്ലെന്ന് അതോറിറ്റി കണ്ടെത്തി.
കമ്പനിയുടെ ഇടപാടുകള്‍ ഉപഭോക്തൃ അവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് ചീഫ് കമ്മീഷണര്‍ നിധി ഖരെയും കമ്മീഷണര്‍ അനുപം മിശ്രയും ഉത്തരവില്‍ വ്യക്തമാക്കി.
പ്രോഡിജി ഫ്രെയിംവര്‍ക്ക് പ്രോഗ്രാമുമായി ബന്ധപ്പെട്ട് കമ്പനിയുടെ വെബ്സൈറ്റില്‍ പ്രാധാന്യത്തോടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന അവകാശവാദങ്ങളെ പരസ്യ സ്റ്റാന്‍ഡേര്‍ഡ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (ASCI) പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ആരംഭിച്ചത്.
















