വാഷിങ്ടണ്‍: ഇറാനെതിരെയുള്ള യുദ്ധം അനിശ്ചിത കാലം നീണ്ടുപോയാല്‍ യുഎസ് സൈന്യത്തില്‍ ആയുധ പ്രതിസന്ധിയുണ്ടാകുമെന്ന് പെന്റഗണ്‍ മുന്നറിയിപ്പ്. യുദ്ധം സമാനരീതിയില്‍ 10 ദിവസം കൂടി നീണ്ടുപോയാല്‍ മിസൈലുകളുടെ ശേഖരം കുറയാന്‍ സാധ്യതയുള്ളതായി പെന്റഗണ്‍ അധികൃതരെ അറിയിച്ചതായി അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു.
യുദ്ധം ദീര്‍ഘകാലം നീണ്ടുപോയാല്‍ മിസൈലുകളെ തകര്‍ക്കാന്‍ ഉപയോഗിക്കുന്ന താഡ്, എസ്എം-3 തുടങ്ങിയ നിര്‍ണായക പ്രതിരോധ മിസൈലുകളുടെ ലഭ്യതയില്‍ വലിയ കുറവുണ്ടാകും. ആയുധ ഉത്പാദനത്തിന്റെ കാര്യത്തില്‍ ഇറാന്‍ വലിയ വേഗത കൈവരിച്ചിട്ടുണ്ട്. അത്രയും വേഗത യുഎസിനില്ലെന്നത് വലിയ വെല്ലുവിളിയാണ്.
ഇറാന്‍ പ്രതിമാസം നൂറിലധികം മിസൈലുകള്‍ നിര്‍മിക്കുമ്പോള്‍, അമേരിക്ക പ്രതിമാസം ആറോ ഏഴോ പ്രതിരോധ മിസൈലുകള്‍ മാത്രമാണ് ഉത്പാദിപ്പിക്കുന്നതെന്ന് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചു. കൂടാതെ റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാനായി രൂപകല്‍പ്പന ചെയ്ത മിസൈല്‍ കവചങ്ങളാണ് യുഎസിന്റെ പക്കലുള്ളത്. ഇറാന്റെ തുടര്‍ച്ചയായ റോക്കറ്റ് ആക്രമണങ്ങളെ ചെറുക്കാന്‍ ഇവയ്‌ക്ക് സാധിക്കില്ല. ഇറാനുമായി താരതമ്യം ചെയ്യുമ്പോള്‍ യുഎസിന് ആയുധ ശേഖരം കുറവാണെന്നും പെന്റഗണ്‍ വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം ഈ വാദങ്ങളെല്ലാം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളി. യുഎസിന്റെ പക്കല്‍ എണ്ണിയാല്‍ തീരാത്ത അത്ര ആയുധങ്ങളുണ്ട്. ഇവ ഉപയോഗിച്ച് എത്രനാള്‍ വേണമെങ്കിലും യുദ്ധം ചെയ്യാമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.












