തിരുവനന്തപുരം: ബാലപീഡകള്‍ അകറ്റി കുട്ടികളെ ഉയരങ്ങളിലേക്കെത്തിക്കാന്‍ ഉള്ള സവിശേഷമായ ഒരു വഴിപാടാണ് തൊടുപുഴയിലെ ഇടവെട്ടിയിലുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ‘തിരുവോണ ഊട്ട്’. സാക്ഷാല്‍ വൈകുണ്ഠനാഥന്‍ അരുളിചെയ്തതാണ് ഈ വഴിപാടെന്നാണ് വിശ്വാസം. നിരവധി ദമ്പതികളാണ് ഇവിടെ ഈ വഴിപാടിനെത്തുന്നത്.
ഐതിഹ്യവും വിശ്വാസവും
5000 വര്‍ഷങ്ങള്‍ക്കപ്പുറം ദ്വാപരയുഗത്തില്‍ ആണ് ഇവിടെ പ്രതിഷ്ഠ നടന്നതത്രെ. ദേവവൈദ്യന്മാരായി അറിയപ്പെടുന്നു അശ്വിനീദേവന്മാരുടെ പുത്രന്‍ നകുലന്‍ ആണ് തൊടുപുഴയിലെ ഇടിവെട്ടിയിലെ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയത്. പ്രതിഷ്ഠയ്‌ക്ക് ശേഷം നകുലന്‍ ആദ്യമായി ഭഗവാന് നിവേദ്യം നല്‍കി പ്രാര്‍ത്ഥിച്ചത് ഒരു തിരുവോണ നാളിലാണെന്നും വിശ്വാസമുണ്ട്.
പിന്നീട് പുനപ്രതിഷ്ഠ നടത്തിയത് വടക്കുംകൂര്‍ രാജാവ്
ഈ ക്ഷേത്രം പിന്നീട് പുനപ്രതിഷ്ഠ നടത്തിയത് വടക്കുംകൂര്‍ രാജാവാണ്. അദ്ദേഹം സന്താനഭാഗ്യമില്ലാത്തതിനാല്‍ ദുഃഖിതനായിരുന്നു. സ്വപ്നത്തില്‍ ദര്‍ശനം നല്‍കിയ ഭഗവാന്‍, തനിക്ക് പ്രിയപ്പെട്ട ‘തിരുവോണ ഊട്ട്’ നടത്താന്‍ അരുളിചെയ്തു. വഴിപാട് നടത്തിയ രാജാവിന് ഭഗവാന്‍ സല്‍സന്തതികളെ നല്‍കി അനുഗ്രഹിക്കുകയും, ആ കുട്ടികള്‍ ബാലപീഡകള്‍ ഒഴിഞ്ഞവരും കര്‍മ്മമണ്ഡലങ്ങളില്‍ ശോഭിക്കുന്നവരുമായി മാറി.
എല്ലാ മാസവും തിരുവോണനാളില്‍ നടത്തുന്ന ഈ വഴിപാട് ഇന്ന് ആയിരക്കണക്കിന് ഭക്തരുടെ ആശ്രയമാണ്. സല്‍സന്താന ലബ്ധി: കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്ക് അനുഗ്രഹമായും ഈ വഴിപാട് മാറുന്നു.
















