കൊച്ചി: സമുദ്ര മത്സ്യബന്ധനത്തില്‍ കേരളം ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, കള്‍ച്ചര്‍ മത്സ്യബന്ധനവും മത്സ്യകൃഷിയും ശക്തിപ്പെടുത്തുന്നതിന് വലിയ സാധ്യതകളുണ്ടെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ട് സംബന്ധിച്ച അവലോകന യോഗത്തിലും ശില്‍പശാലയിലും സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിസ്ഥാനസൗകര്യ വികസനത്തില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കണം. പ്രത്യേകിച്ച് ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ടിന് കീഴില്‍ സംസ്ഥാന സര്‍ക്കാരിന്റെ വായ്‌പാ പരിധി അവസാനിച്ച സാഹചര്യത്തില്‍. ഈ മേഖലയിലെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് സര്‍ക്കാരിതര പങ്കാളികളില്‍ നിന്നുള്ള സഹകരണവും നിക്ഷേപവും ആവശ്യമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
ഏകദേശം 1,400 കോടിയുടെ വിഹിതത്തോടെ പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജനക്ക് കീഴില്‍ കേരളം രാജ്യത്തെ മുന്‍നിര സംസ്ഥാനമായി മാറിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
എറണാകുളത്തെ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആമകള്‍ ഉള്‍പ്പെടാതെ മത്സ്യബന്ധനം നടത്തുന്നതിനുള്ള ഉപകരണങ്ങളുടെ വിതരണവും നടന്നു. കൊച്ചിന്‍ കപ്പല്‍ശാലയുടെ സിഎസ്ആര്‍ ഗ്രാന്റ് ഉപയോഗിച്ചാണ് ഇവ വാങ്ങിയത്. കേന്ദ്ര ഫിഷറീസ് വകുപ്പ് കേരള സര്‍ക്കാരുമായും അനുബന്ധ സ്ഥാപനങ്ങളുമായും സഹകരിച്ചാണ് ശില്‍പശാല സംഘടിപ്പിച്ചത്.
ഹൈദരാബാദ് എന്‍എഫ്ഡിബി ചീഫ് എക്‌സിക്യൂട്ടീവ് ഡോ. ബിജയ് കുമാര്‍ ബെഹെറ, തിരുവനന്തപുരം എന്‍സിഡിസി റീജിയണല്‍ ഡയറക്ടര്‍ കെ.എന്‍. ശ്രീധരന്‍, എറണാകുളം-ലക്ഷദ്വീപ് നബാര്‍ഡ് ഡിജിഎം അജീഷ് ബാലു സി.ജെ., കേരളാ ഫിഷറീസ് വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി അബ്ദുള്‍ നാസര്‍ ബി, ഹൈദരാബാദ് എന്‍എഫ്ഡിബി എക്‌സി. ഡയറക്ടര്‍ സി.എച്ച്. ശ്രീനിവാസ്, മുംബൈ എന്‍എബി സംരക്ഷണ്‍ ട്രസ്റ്റ് ലിമിറ്റഡ് വൈസ് പ്രസിഡന്റും കമ്പനി സെക്രട്ടറിയുമായ പൂജ ഗുപ്ത, കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡ് ചെയര്‍മാന്‍ ജോസ് വി.ജെ., ഐസിഎആര്‍-സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ്, ഐസിഎആര്‍-സിഐഎഫ്ടി ഡയറക്ടര്‍ ഡോ. ജോര്‍ജ് നൈനാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















