ന്യൂദൽഹി: ഫെബ്രുവരി 28 ന് ആരംഭിച്ച യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധത്തിനുശേഷം ആദ്യമായി പശ്ചിമേഷ്യൻ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള വിമാനങ്ങൾ മാർച്ച് 2 ന് രാത്രി മുതൽ ദൽഹി, മുംബൈ എന്നിവിടങ്ങളിലെയും മറ്റ് ഇന്ത്യൻ വിമാനത്താവളങ്ങളിലും എത്തിത്തുടങ്ങി. തിങ്കളാഴ്ച രാത്രിക്കും ചൊവ്വാഴ്ച വൈകുന്നേരത്തിനും ഇടയിൽ സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഏകദേശം 2,000 പേർ ഇന്ത്യയിൽ എത്തി. ഇതിൽ ഏറ്റവും കൂടുതൽ പേർ എത്തിയത് ദൽഹി വിമാനത്താവളത്തിലാണ്. 1,200-ലധികം പേരാണ് ഇവിടെ പറന്നിറങ്ങിയത്.
പശ്ചിമേഷ്യയിൽ കുടുങ്ങിയ ഇന്ത്യക്കാർ തിരിച്ചെത്തിത്തുടങ്ങി
ദുബായിൽ നിന്ന് ദൽഹിയിലേക്കുള്ള വിമാനങ്ങളിൽ രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ ഉൾപ്പെടുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ ദൽഹി വിമാനത്താവളത്തിൽ ഇറങ്ങിയ ഇവയിലെ ഒരു എയർ ഇന്ത്യ വിമാനത്തിൽ 143 യത്രക്കാരും ക്യാബിൻ ക്രൂ അംഗങ്ങളും രണ്ടാമത്തെ വിമാനത്തിൽ 149 പേരും ദൽഹിയിൽ ഇറങ്ങി. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള എയർ ഇന്ത്യയുടെ ആദ്യ വിമാനങ്ങളായിരുന്നു ഇവ. തിങ്കളാഴ്ച രാത്രി 8:40 ന് എത്തിഹാദ് എയർവേയ്‌സ് വിമാനം 310 യാത്രക്കാരുമായി ദൽഹിയിൽ ഇറങ്ങി. തിങ്കൾ-ചൊവ്വ ദിവസങ്ങളിൽ പുലർച്ചെ 2:40 ന് അർദ്ധരാത്രിക്ക് ശേഷം 325 യാത്രക്കാരുമായി എമിറേറ്റ്‌സ് വിമാനം ദൽഹിയിൽ എത്തി. ചൊവ്വാഴ്ച ഉച്ചയ്‌ക്ക് 1:20 ന് മസ്‌കറ്റിൽ നിന്ന് 300 യാത്രക്കാരുമായി ഒമാൻ എയർ വിമാനം ദൽഹിയിലെത്തിയിരുന്നു.
സാഹചര്യത്തെ ആശ്രയിച്ചിരിക്കും ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ
ദുബായിൽ നിന്നുള്ള രണ്ട് എമിറേറ്റ്സ് വിമാനങ്ങളിൽ ചൊവ്വാഴ്ച രാവിലെയും ഉച്ചയ്‌ക്കുമായി 700 പേരാണ് മുംബൈ വിമാനത്താവളത്തിൽ ഇറങ്ങിയത്. മറ്റൊരു വിമാനം ബെംഗളൂരുവിലും എത്തി. എയർ ഇന്ത്യ, സ്പൈസ് ജെറ്റ്, ഇൻഡിഗോ, സ്റ്റാർ എയർ, എമിറേറ്റ്സ്, റോയൽ ജോർദാനിയൻ, ഗൾഫ് എയർ എന്നീ കമ്പനികളുടെ വിമാനങ്ങൾ മാർച്ച് 3, 4 തീയതികളിൽ ദൽഹി, മുംബൈ വിമാനത്താവളങ്ങളിൽ ഇറങ്ങും. അതേ സമയം തന്നെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കഴിയുന്ന വിമാനങ്ങളുടെ എണ്ണം അടച്ച വ്യോമാതിർത്തി തുറക്കുന്നതിനുള്ള സ്ലോട്ടുകളെയും വ്യവസ്ഥകളെയും ആശ്രയിച്ചിരിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം ഉദ്യോഗസ്ഥർ പറയുന്നു.
ഇൻഡിഗോ 10 പ്രത്യേക ദുരിതാശ്വാസ വിമാന സർവീസ് നടത്തുന്നു
മാർച്ച് 3 മുതൽ അടുത്ത കുറച്ച് ദിവസത്തേക്ക് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ഫുജൈറ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ദൽഹി, മുംബൈ, കൊച്ചി എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ഉൾപ്പെടെ ജിദ്ദയിൽ നിന്ന് ഇന്ത്യയിലേക്ക് 10 പ്രത്യേക ദുരിതാശ്വാസ വിമാനങ്ങൾ ഇൻഡിഗോ സർവീസ് നടത്തുന്നുണ്ട്.
അതേ സമയം തന്നെ മിഡിൽ ഈസ്റ്റിനു പുറമേ, യുഎസ്, കാനഡ, യുകെ, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചതായും എയർ ഇന്ത്യ അറിയിച്ചു. ചില വിമാനങ്ങൾ ഒഴികെ, ദീർഘദൂര ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ടെന്ന് എയർ ഇന്ത്യ അറിയിച്ചു.
കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമെന്ന് പ്രവാസികൾ
ഗൾഫിൽ യുദ്ധ സമാനമായ സാഹചര്യത്തിൽ ജീവിക്കുന്ന പ്രവാസികൾക്ക് വേണ്ടി കേന്ദ്രസർക്കാർ നടത്തുന്ന പ്രവർത്തനങ്ങളിൽ അതിയായ സന്തോഷമുണ്ടെന്ന് ദുബായ് നിവാസികൾ പറയുന്നു. അടിയന്തര ഘട്ടങ്ങളിൽ പ്രവാസികളെ തിരികെ നാട്ടിലെത്തിക്കുന്നതിൽ കേന്ദ്രം ഉചിതമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. തുടക്കം മുതൽ പശ്ചിമേഷ്യയിലെ പ്രശ്നം പരിഹരിക്കാൻ പ്രധാനമന്ത്രി അക്ഷീണം ശ്രമിക്കുന്നുണ്ടെന്ന് ദുബായിലെ മലയാളികൾ ഒന്നടങ്കം വ്യക്തമാക്കി.
ഇന്ത്യൻ പൗരന്മാരുമായി ആശയവിനിമയം നടത്തി ഇന്ത്യൻ എംബസി
ദുരിതബാധിത രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും ഇന്ത്യൻ പൗരന്മാരുമായും സമൂഹ സംഘടനകളുമായും നിരന്തരം സമ്പർക്കം പുലർത്തുകയും ആവശ്യമായ ഉപദേശങ്ങൾ സമയാസമയങ്ങളിൽ നൽകുകയും ചെയ്യുന്നുണ്ട്. സംഘർഷത്തിൽ കുടുങ്ങിക്കിടക്കുന്നവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും അവർ നൽകിയിട്ടുണ്ട്. ഈ സംഘർഷവുമായി ബന്ധപ്പെട്ട വിവിധ വാണിജ്യ, കോൺസുലാർ വിഷയങ്ങൾ പരിഹരിക്കുന്നതിൽ എംബസികളും കോൺസുലേറ്റുകളും സജീവമായി തുടരും. മേഖലയിലെ സർക്കാരുകളുമായും മറ്റ് പ്രധാന പങ്കാളികളുമായും ബന്ധപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ഗൾഫ് രാജ്യങ്ങളിലെ പ്രതിനിധികളുമായി ഈ വിഷയം ചർച്ച ചെയ്തു. കൂടാതെ ഇപ്പോഴത്തെ സാഹചര്യം സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുകയും ദേശീയ താൽപ്പര്യം കണക്കിലെടുത്ത് ആവശ്യമായ തീരുമാനങ്ങൾ എടുക്കുന്നത് തുടരുകയും ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
















