വാഷിങ്ങ്ടൺ : യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നും തങ്ങളുടെ പൗരൻമാരെ ഒഴിപ്പിക്കാൻ തുടങ്ങി അമേരിക്ക. സൈനിക, ചാർട്ടർ വിമാനങ്ങൾ വഴിയാണ് അമേരിക്ക തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്നത്.
മിഡിൽ ഈസ്റ്റിൽ നിന്ന് അമേരിക്കക്കാരെ ഒഴിപ്പിക്കുന്നതിനായി യുഎസ് സൈനിക, ചാർട്ടർ വിമാനങ്ങൾ ക്രമീകരിക്കുന്നുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത ഒരു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥൻ പറഞ്ഞു. വിദേശത്തുള്ള ഏകദേശം 3,000 യുഎസ് പൗരന്മാരുമായി സർക്കാർ ബന്ധപ്പെട്ടിട്ടുണ്ട്.
ഇസ്രായേലിൽ നിന്ന് പോകാൻ ആഗ്രഹിക്കുന്ന ഏകദേശം 500 അമേരിക്കക്കാരുമായി യുഎസ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടിട്ടുണ്ടെന്ന് വകുപ്പ് പ്രത്യേക പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ130 ൽ അധികം പൗരന്മാർ ഇതിനകം പോയിട്ടുണ്ട്. ചൊവ്വാഴ്ച 100 പേർ കൂടി പോകുമെന്ന് പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
അതേ സമയം അന്തിമ ലക്ഷ്യം കൈവരിക്കുന്നതുവരെ ഇറാനെതിരായ ആക്രമണങ്ങൾ തുടരുമെന്നും ട്രംപ് പറഞ്ഞു. യുഎസ് സെൻട്രൽ കമാൻഡിന്റെ കണക്കനുസരിച്ച് ഇറാനിലെ 1,700-ലധികം കേന്ദ്രങ്ങളിൽ യുഎസ് സൈന്യം ഇതുവരെ ആക്രമങ്ങൾ നടത്തിയെന്നാണ് വിവരം.
















