ദുബായ്: ദുബായിലെ അമേരിക്കൻ കോൺസുലേറ്റിനു നേരേ ഡ്രോൺ ആക്രമണം. ചൊവ്വാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. കോൺസുലേറ്റിനു സമീപം ഡ്രോൺ പതിച്ചെന്നും, കോൺസുലേറ്റിലെ എല്ലാ അമേരിക്കൻ ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.ഡ്രോൺ പതിച്ചതിനെ തുടർന്ന് കോൺസുലേറ്റിന് സമീപം തീപിടുത്തമുണ്ടായെങ്കിലും അത് പൂർണമായി നിയന്ത്രിച്ചതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. അടിയന്തര രക്ഷാസംഘങ്ങൾ ഉടൻ സ്ഥലത്തെത്തുകയും സ്ഥിതി നിയന്ത്രണവിധേയമാക്കുകയും ചെയ്തു.
സംഭവത്തിൽ ആളപായമില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.വലിയ ശബ്ദം കേട്ടതായും തുടർന്ന് തീയും പുകയും കണ്ടതായും പ്രദേശവാസികൾ വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പൊലീസ് പ്രദേശം ഒഴിപ്പിക്കുകയും സുരക്ഷാവലയം തീർക്കുകയും ചെയ്തു. ഇറാനെതിരായ യുഎസ്–ഇസ്രായേൽ നീക്കങ്ങളും അതിനെത്തുടർന്നുള്ള പ്രത്യാക്രമണങ്ങളും ശക്തമായ പശ്ചാത്തലത്തിൽ, ദുബായ് ഉൾപ്പെടെ ഗൾഫ് മേഖലയിലെ നഗരങ്ങൾ ഉയർന്ന സുരക്ഷാ ജാഗ്രതയിലാണ്. അതേസമയം, ഇറാനിലെ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള ഇസ്രയേൽ വ്യോമാക്രമണം കടുപ്പിച്ചു.
ടെഹ്റാന് പുറമേ ക്വോമിലും വൻ നാശനഷ്ടമുണ്ടായി. ഒഴിഞ്ഞുപോകാനുള്ള നിർദേശത്തിന് പിന്നാലെ ലബനോനിലും ഇസ്രയേൽ കടുത്ത ആക്രമണം നടത്തി. ഇറാനിൽ ഇതുവരെ ആയിരത്തിലേറെ പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്. പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാൻ ഇറാൻ നേതാക്കൾ യോഗം ചേർന്ന ക്വോമിലെ കെട്ടിടം തകർത്തെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. കെട്ടിടത്തിൽ ആളില്ലായിരുന്നുവെന്നാണ് ഇറാന്റെ പ്രതികരണം. തന്ത്രപ്രധാന ഓഫീസുകളും സൈനിക പരിശീലന കേന്ദ്രവും ഉൾപ്പെടുന്ന പ്രസിഡന്‍ഷ്യൽ കെട്ടിടം ഇസ്രയേൽ നിലംപരിശാക്കി. ഭക്ഷ്യക്ഷാമം മുന്നിൽ കണ്ട് ഇറാൻ ഭക്ഷ്യോത്പന്ന കയറ്റുമതി നിർത്തി. എന്നാൽ, ഇറാന്റെ ആക്രമണത്തിൽ ഇസ്രയേലിലെ റമത് ഗനിൽ നാശനഷ്ടമുണ്ടായി.
















