ടെഹ്‌റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ(ഐആർജിസി) അവകാശവാദം. കടലിടുക്ക് കടക്കാൻ ശ്രമിക്കുന്ന ഏത് കപ്പലും തകർക്കുമെന്ന് ഐആർജിസി കമാൻഡർ ഇൻ ചീഫിന്റെ സീനിയർ അഡൈ്വസറായ ബ്രിഗേഡിയർ ജനറൽ സർദാർ ഇബ്രാഹിം ജബാരി മുന്നറിയിപ്പ് നൽകി.
ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ എണ്ണവില കുതിക്കാനാണ് സാധ്യത. പ്രത്യേകിച്ച് ഖത്തറിലെ വാതക സെക്ടറിനെ ഇറാൻ ലക്ഷ്യമിടുന്നത് ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെ നേരിട്ട് ബാധിക്കും. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ ഏകദേശം 20-25 ശതമാനവും നടക്കുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. സൗദി അറേബ്യ, ഇറാഖ്, യു എ ഇ, കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണക്കപ്പലുകൾക്ക് അന്താരാഷ്‌ട്ര വിപണിയിലെത്താനുള്ള ഏക മാർഗ്ഗമാണിത്. കടലിടുക്ക് അടഞ്ഞതോടെ പ്രതിദിനം ഏകദേശം 20 ദശലക്ഷം ബാരൽ എണ്ണയുടെ കുറവാണ് ആഗോള വിപണിയിൽ അനുഭവപ്പെടുന്നത്. ഇത് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിനും മുകളിലേക്ക് ഉയരാൻ കാരണമായി.
ലോകത്തെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക (LNG) കയറ്റുമതിക്കാരായ ഖത്തറിൽ നിന്നുള്ള വിതരണം പൂർണ്ണമായും നിലച്ചു. യൂറോപ്പിലെയും ഏഷ്യയിലെയും പല രാജ്യങ്ങളും തങ്ങളുടെ ഊർജ്ജ ആവശ്യങ്ങൾക്കായി ഖത്തറിനെയാണ് ആശ്രയിക്കുന്നത്. ഖത്തർ എനർജി ഉൽപ്പാദനം നിർത്തിവെച്ചതോടെ യൂറോപ്പിലെ ഗ്യാസ് വിലയിൽ 50 ശതമാനത്തോളം വർധനവാണുണ്ടായത്. ഇത് വരും മാസങ്ങളിൽ യൂറോപ്പിൽ കനത്ത വൈദ്യുതി പ്രതിസന്ധിക്കും വിലക്കയറ്റത്തിനും കാരണമാകും.
അതേസമയം, ഹോർമുസ് കടലിടുക്ക് അടച്ചുവെന്ന ഇറാന്റെ അവകാശവാദം യുഎസ് സെൻട്രൽ കമാൻഡ് തള്ളി. ജലപാത ഇപ്പോഴും തുറന്നുതന്നെയാണെന്നും കപ്പൽ ഗതാഗതം തടസ്സപ്പെട്ടിട്ടില്ലെന്നുമാണ് അമേരിക്കൻ വൃത്തങ്ങൾ അവകാശപ്പെടുന്നത്.
















