ആലപ്പുഴ: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറഞ്ഞ വേമ്പനാട് കായലിലെ മല്‍സ്യങ്ങള്‍ കഴിക്കുന്നത് മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് മുന്നറിയിപ്പ്. കായലിലെയും മറ്റും പ്‌ളാസ്റ്റിക് മാലിന്യം മൈക്രോ പ്ലാസ്റ്റിക്കുകളായി മാറി മത്സ്യങ്ങളിലൂടെ മനുഷ്യശരീരത്തില്‍ എത്തുന്നുണ്ട്. ഇത് കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നു. അതിനാല്‍ കായല്‍ ശുചീകരണം അതീവ പ്രാധാന്യമുള്ളതാണെന്നും ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് പറഞ്ഞു. വേമ്പനാട് കായല്‍ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനും കായല്‍ ആവാസവ്യവസ്ഥ വീണ്ടെടുക്കുന്നതിനും 1700 കോടി രൂപയുടെ ബൃഹത് പദ്ധതി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വേമ്പനാട് കായല്‍ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് ‘പ്ലാസ്റ്റിക് മുക്ത മെഗാ കാമ്പയിന്‍’ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനവും മാലിന്യ ശേഖരണത്തിന് സജ്ജമാക്കിയ വള്ളത്തിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിയുടെ ഭാഗമായി ഫിഷറീസ്, കൃഷി, ഇറിഗേഷന്‍ വകുപ്പുകള്‍ക്കായി തയ്യാറാക്കിയ 702 കോടിയുടെ പദ്ധതികള്‍ നിലവില്‍ സജീവ പരിഗണനയിലാണ്. 1000 കോടി രൂപയുടെ അധിക പ്രൊജക്റ്റുകള്‍ ഉടന്‍ സമര്‍പ്പിക്കും. കായലിന്റെ അടുത്തപ്രദേശങ്ങളിലുള്ള 28 പഞ്ചായത്തുകളില്‍നിന്നും മുന്‍സിപ്പാലിറ്റികളില്‍ നിന്നും ഇതിനോടകം 28 ടണ്‍ മാലിന്യങ്ങള്‍ നീക്കം ചെയ്തു. ഇതിന്റെ രണ്ടാം ഘട്ടമെന്ന നിലയില്‍ കൂടുതല്‍ ശാസ്ത്രീയമായ ഇടപെടലുകള്‍ നടത്തും. ഇതിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം കോര്‍പ്പറേറ്റുകളെയും ജനങ്ങളെയും പങ്കാളികളാക്കുന്ന രീതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്.
















