തിരുവനന്തപുരം: ശബരിമലയിൽ യുവതീ പ്രവേശനത്തിന് അനുമതി നൽകിയ നിലപാട് തിരുത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ. നിലവിലുള്ള ഉത്തരവിനെതിരെയുള്ള നിലപാട് സുപ്രീംകോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുവതീപ്രവേശന വിധിയെ എതിർക്കാനും ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യവും സംരക്ഷിക്കണമെന്ന നിലപാട് സുപ്രീം കോടതിയിൽ സ്വീകരിക്കാനും ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗം തീരുമാനിക്കുകയായിരുന്നു.
ശബരിമലയിലെ ആചാരം സംരക്ഷിക്കപ്പെടണമെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട് എന്നും കെ. ജയകുമാർ അറിയിച്ചു. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാരടക്കമുള്ള കക്ഷികൾ നിലപാട് അറിയിക്കാൻ സുപ്രീം കോടതി മാർച്ച് 14 വരെ സമയം നൽകിയിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, വിഷയം ഏപ്രിൽ 7-ന് വീണ്ടും പരിഗണിക്കുമെന്നും, മതാചാരങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച ഈ കേസിൽ വിശദമായ വാദം കേൾക്കുമെന്നും അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ദേവസ്വംബോർഡ് യോഗംചേർന്നത്.
വിശ്വാസികൾക്കൊപ്പം നിൽക്കുന്ന നിലപാട് സ്വീകരിച്ചാൽ മതിയെന്ന് ഇന്ന് ചേർന്ന ദേവസ്വംബോർഡ് യോഗം തീരുമാനിക്കുകയായിരുന്നു. യുവതി പ്രവേശന വിധി പുനഃപരിശോധിക്കേണ്ട ആവശ്യമില്ല എന്നായിരുന്നു 2020-ൽ സുപ്രീം കോടതി വിധി പുനഃപരിശോധിക്കാനുള്ള ഹർജി പരിഗണിക്കുമ്പോൾ ദേവസ്വം ബോർഡിന്റെ അഭിഭാഷകൻ സ്വീകരിച്ച നിലപാട്. അതിനെ സാധൂകരിക്കുന്ന വാദങ്ങളും നിരത്തിയിരുന്നു.
എന്നാൽ, അതിൽനിന്ന് മലക്കംമറിയുന്ന നിലപാടാണ് ഇപ്പോൾ സ്വീകരിക്കുന്നത്. ഫലത്തിൽ, വിധി പുനഃപരിശോധിക്കണം എന്നതിലേക്കാണ് സർക്കാരിന്റെ പുതിയ നിലപാട് നീങ്ങുന്നത്.
















