തിരുവനന്തപുരം: മൃഗശാലയിലെ സിംഹകുഞ്ഞുങ്ങള്‍ ഉഷാര്‍. 40 ദിവസം പിന്നിടുമ്പോള്‍ ഓടാനും ചാടിക്കളിക്കാനുമുള്ള ശ്രമത്തിലാണ്. അതിനാല്‍ ക്വാറന്റൈന്‍ മുറിയില്‍ നിന്നു വലിയ മുറിയിലേക്ക് ഇവരെ മാറ്റാനാണ് അധികൃതരുടെ തീരുമാനം.
ജനുവരി 21നാണ് തിരുവനന്തപുരം മൃഗശാലയിലെ നൈല-ലിയോ സിംഹങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞും പെണ്‍കുഞ്ഞും ജനിച്ചത്. പ്രസവത്തിന് സാധാരണയില്‍ കൂടുതല്‍ സമയം എടുത്തതുകൊണ്ട് തന്നെ ജനിച്ചപ്പോള്‍ മുതല്‍ കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു. അമ്മ നൈല കുഞ്ഞുങ്ങള്‍ക്കു പാല്‍ നല്‍കാന്‍ തയ്യാറാവാത്തതും കുഞ്ഞുങ്ങളെ തിരിഞ്ഞു നോക്കാത്തതും പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി. എന്നാല്‍ അച്ഛന്‍ നൈല കുഞ്ഞുങ്ങളെ നക്കിത്തുടച്ച് കൂടെയുണ്ട്. എങ്കിലും ചിലപ്പോള്‍ കുഞ്ഞുങ്ങളെ കൊന്നുതിന്നാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമെന്ന ഡോക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വളരെ കരുതലോടെയാണ് അധികൃതര്‍ ഇവയെ നിരീക്ഷിക്കുന്നത്.
ജനനത്തിന് ദിവസങ്ങള്‍ക്ക് ശേഷവും ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു സിംഹ കുഞ്ഞുങ്ങള്‍. ഇപ്പോള്‍ പ്രത്യേക മുറയിലാണ് കഴിയുന്നത്. കുഞ്ഞുങ്ങള്‍ സ്വന്തമായി പാല്‍ കുടിക്കാന്‍ തുടങ്ങിയതോടെ ഇന്‍ക്യൂബേറ്ററില്‍ നിന്ന് പ്രത്യേക മുറികളിലേക്ക് മാറ്റി. എങ്കിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ആദ്യത്തെ കുറച്ചു നാളുകളില്‍ കണ്ണുകള്‍ തുറക്കാത്ത കുഞ്ഞുങ്ങള്‍ ഇപ്പോള്‍ കണ്ണുകള്‍ പൂര്‍ണ്ണമായും തുറന്നു, ഓടാനും ചാടനുമെല്ലാം ശ്രമങ്ങള്‍ നടത്തുണ്ട്.
അപകടകരമായ ആദ്യത്തെ 30 ദിവസം കടന്നെങ്കിലും ഇതിനിടയില്‍ ഒരിക്കല്‍ പെണ്‍കുഞ്ഞ് രക്തത്തിലെ പഞ്ചസാര കുറഞ്ഞതിനെ തുടര്‍ന്ന് അപകടവസ്ഥയില്‍ ആയിരുന്നു. സ്വന്തമായി ഇറച്ചി കഴിക്കാന്‍ തുടങ്ങുന്നതോടെ ഇവയെ തുറന്ന കൂടിലേക്ക് മാറ്റും. അതുവരെ ഏകദേശം മൂന്നു മാസത്തോളം ഇവയെ ഹോസ്പിറ്റലില്‍ സജീകരിച്ചിട്ടുള്ള നഴ്‌സറിയില്‍ തന്നെ പരിപാലിക്കും. സിംഹ കുഞ്ഞുങ്ങള്‍ക്ക് പേരിടാനുള്ള തീരുമാനത്തിലാണ് മൃഗശാല അധികൃതര്‍.













