ന്യൂദല്‍ഹി: ഇന്ദ്രപ്രസ്ഥത്തിന് വീണ്ടും ഡബിള്‍ ഡെക്കര്‍ ബസുകളുടെ പ്രൗഢി. 40 വര്‍ഷത്തെ ഇടവേളക്ക് ശേഷം ദല്‍ഹിയില്‍ വീണ്ടും ഡബിള്‍ ഡെക്കര്‍ ബസുകള്‍ സര്‍വ്വീസ് ആരംഭിച്ചു. അത്യാധുനിക സൗകര്യങ്ങളുള്ള ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസുകള്‍ ദല്‍ഹി സംസ്ഥാന സര്‍ക്കാരാണ് നിരത്തിലിറക്കിയത്. മുഖ്യമന്ത്രി രേഖാ ഗുപ്ത ഫ്ളാഗ് ഓഫ് നിര്‍വ്വഹിച്ചു. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കപില്‍ മിശ്ര അടക്കമുള്ളവരും ചടങ്ങില്‍ പങ്കെടുത്തു.
ഹിന്ദുജ ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. 63 സീറ്റുകളാണ് ലോഫ്ളോര്‍ ഇലക്ട്രിക് ബസ്സുകളില്‍ ഉള്ളത്. എല്ലാ ദിവസവും രാവിലെ ഒന്‍പതിന് ദില്ലി ഹാട്ടില്‍ നിന്ന് യാത്ര ആരംഭിക്കും. വിജയ് ചൗക്ക്, രാഷ്‌ട്രപതിഭവന്‍, നാഷണല്‍ മ്യൂസിയം, ഇന്ത്യാ ഗേറ്റ്, പ്രധാനമന്ത്രി സംഗ്രഹാലയ, ദേശീയ യുദ്ധസ്മാരകം തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ ബസ് കടന്നുപോകും. മുതിര്‍ന്നവര്‍ക്ക് 500 രൂപയും കുട്ടികള്‍ക്ക് (5 – 10 വയസ്സ്) 300 രൂപയുമാണ് ഈടാക്കുക. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് യാത്ര സൗജന്യമാണ്. ദല്‍ഹി ടൂറിസം വെബ്സൈറ്റ് വഴിയോ ദല്‍ഹി വിമാനത്താവളം, ദില്ലി ഹാട്ട് എന്നിവിടങ്ങളിലെ വിവിധ കൗണ്ടറുകള്‍ വഴിയോ ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യാം.














