തിരുവനന്തപുരം: യുദ്ധഭീതിയിൽ കുതിച്ചുയർന്ന് സംസ്ഥാനത്തെ സ്വർണവില. നിലവിൽ പവന് 1,26,920 നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഫെബ്രുവരി 28ന് രേഖപ്പെടുത്തിയ 120800 രൂപയിൽ നിന്ന് തൊട്ടടുത്ത ദിവസം റെക്കോർഡ് കുതിപ്പാണ് ഉണ്ടായത്. മണിക്കൂറുകളുടെ വ്യത്യാസത്തിൽ 6,120 രൂപയാണ് വർദ്ധിച്ചത്. അതേസമയം ഗ്രാമിന് 15,865 രൂപയാണ് നൽകേണ്ടത്. വെള്ളി വിലയും മുന്നേറുന്നുണ്ട്. ഗ്രാമിന് 325.10 രൂപയും കിലോഗ്രാമിന് 3,25,100 രൂപ നിരക്കിലുമാണ് വ്യാപാരം.
പവന് 1,26,920 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ സ്വർണവില ഏകദേശം 1.40 ലക്ഷത്തിന് അടുത്തെത്തും. യുഎസ്- ഇറാൻ- ഇസ്രായേൽ സംഘർഷമാണ് സ്വർണവിലയിലെ കുതിച്ച് ചാട്ടത്തിന് കാരണം. ഈ സാഹചര്യം തുടരുകയാണെങ്കിൽ വില ഇനിയും റെക്കോർഡ് ഭേദിക്കുമെന്നാണ് സൂചന.
ആഗോള അനിശ്ചിതത്വങ്ങൾ കണക്കിലെടുത്ത് കേന്ദ്ര ബാങ്കുകളും വൻകിട ഫണ്ടുകളും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തെ ആശ്രയിക്കുന്നതാണ് നിലവിലെ കുതിപ്പിന് പ്രധാനകാരണം. ഔൺസിന് 5,594 ഡോളറാണ് നിലവിൽ സ്വർണ വിലയിലെ റെക്കാർഡ്. എന്നാൽ ഈ സാഹചര്യം തുടരുകയാണെങ്കിൽ വില 6,000 ഡോളർ വരെ ഉയർന്നേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു.















