മധുര: മുരുകഭഗവാന്റെ ഭക്തര്‍ക്ക് ഒപ്പമുണ്ടെന്ന് പ്രഖ്യാപിച്ച് തിരുപ്രംകുണ്ഡ്രം അരുള്‍മിഗു സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദര്‍ശനം നടത്തി. ഇന്നലെ വൈകിട്ട് നാലിന് ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ പൂര്‍ണകുംഭത്തോടെ സ്വീകരിച്ചു. തുടര്‍ന്ന് ദര്‍ശനവും പൂജയും നടത്തി.

തിരുപ്രംകുണ്ഡ്രത്തെ കല്‍ത്തൂണില്‍ ദീപം തെളിയിക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് ജീവത്യാഗം ചെയ്ത പി. പൂര്‍ണചന്ദ്രന്റെ ഭാര്യ ഇന്ദുമതിയും മക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഡിഎംകെ സര്‍ക്കാരിന്റെ നിരുത്തരവാദപരമായ നടപടി മൂലമാണ് പൂര്‍ണ്ണചന്ദ്രനെ നഷ്ടമായത്. അവര്‍ എന്ത് ചെയ്താലും സത്യം വിജയിക്കും. മുരുകഭക്തര്‍ വിജയിക്കും, പ്രധാനമന്ത്രി പറഞ്ഞു. തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി, കേന്ദ്രമന്ത്രി എല്‍. മുരുകന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് നൈനാര്‍ നാഗേന്ദ്രന്‍ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
















