ന്യൂദല്‍ഹി: ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച് ദക്ഷിണാഫ്രിക്ക ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ മുന്നോട്ട്. ഏറ്റവും ഒടുവില്‍ സൂപ്പര്‍ 8ല്‍ സിംബാബ്‌വെയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു. അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തിക്കൊണ്ട് ദക്ഷിണാഫ്രിക്ക ഈ ലക്ഷ്യം 17.5 ഓവറില്‍ മറികടന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സിംബാബ്‌വെ നായകന്‍ സിക്കന്ദര്‍ റാസ ഓള്‍റൗണ്ട് പ്രകടനവുമായി നന്നായി പൊരുതി. പക്ഷെ വിജയം മാത്രം അകന്നുപോയി. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ സിക്കന്ദറിന്റെ വെടിക്കെട്ട് പ്രകടന മികവിലാണ് പൊരുതാവുന്ന ടോട്ടലില്‍ എത്തിചേര്‍ന്നത്. 43 പന്തുകള്‍ നേരിട്ട ക്യാപ്റ്റന്‍ എട്ട് ബൗണ്ടറികളും നാല് സിക്‌സറും സഹിതം 73 റണ്‍സെടുത്തു. ക്യാപ്റ്റന് സ്വന്തം കൂട്ടാളികളില്‍ നിന്ന് മികച്ചൊരു പിന്തുണ ലഭിച്ചത് ക്ലൈവ് മഡാന്‍ഡെ(പുറത്താകാതെ 26)യില്‍ നിന്ന് മാത്രം. ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്താണ് സിംബാബ്‌വെ ദക്ഷിണാഫ്രിക്കയ്‌ക്ക് മുന്നില്‍ 154 റണ്‍സിന്റെ ലക്ഷ്യം വച്ചത്.
മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയെ തുടക്കത്തിലേ ഞെട്ടിക്കാന്‍ സിക്കന്ദര്‍ റാസയ്‌ക്ക് സാധിച്ചു. 14 റണ്‍സിനിടെ രണ്ട് പേരെ പുറത്താക്കി. പിന്നീട് തകര്‍പ്പന്‍ ബാറ്റിങ് കാഴ്‌ച്ചവച്ച ഡെവാള്‍ഡ് ബ്രെവിസി(42)ന്റെ വിക്കറ്റ് നേടിയും റാസയാണ്. പക്ഷെ ബൗളിങ്ങിലും മറ്റ് താരങ്ങള്‍ അവസരത്തിനൊത്ത് ഉയരാതെ വന്നതോടെ ദക്ഷിണാഫ്രിക്ക ജയത്തിലേക്ക് അടുക്കുകയായിരുന്നു. റയന്‍ റിക്കിള്‍ട്ടണും(31) ഡേവിഡ് മില്ലറും(22) മികവ് കാട്ടിയ മത്സരത്തില്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സും(21) ജോര്‍ജ് ലിന്‍ഡെയും പുറത്താകാതെ നിന്ന് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു.
ലോകകപ്പിന്റെ രണ്ട് ഘട്ടങ്ങള്‍ പിന്നിടുമ്പോള്‍ ഒരു മത്സരം പോലും തോല്‍ക്കാത്ത ഏക ടീം ആയാണ് ദക്ഷിണാഫ്രിക്ക സെമി പോരാട്ടത്തിനൊരുങ്ങുന്നത്. ഇതുവരെ ആകെ കളിച്ച ഏഴ് മത്സരങ്ങൡ ഏഴും വിജയിച്ചു.
സൂപ്പര്‍ 8ല്‍ പുറത്തായവര്‍
ശ്രീലങ്ക, പാകിസ്ഥാന്‍, സിംബാബ്‌വെ, വെസ്റ്റിന്‍ഡീസ്
സെമി പോരാട്ടങ്ങള്‍
ഒന്നാം സെമി. മാര്‍ച്ച് 4-ബുധന്‍ (ഈഡന്‍ ഗാര്‍ഡന്‍)
ന്യൂസിലന്‍ഡ്-ദക്ഷിണാഫ്രിക്ക
രണ്ടാം സെമി. മാര്‍ച്ച് 5- വ്യാഴം (വാംഖഡെ)
ഇംഗ്ലണ്ട്- ഭാരതം
















