കെ.പി.ശശിധരന്‍/ എം. ശ്രീഹര്‍ഷന്‍
സമകാലിക കേരളീയ സമൂഹത്തെ കാര്‍ക്കോടകനെപ്പോലെ ചുറ്റിവരിഞ്ഞ വിധ്വംസകശക്തികളില്‍നിന്ന് സംസ്‌കാരശരീരത്തിനേറ്റ സര്‍പ്പധ്വംസനത്തിന്റെ വിഷം നിര്‍വീര്യമാക്കാനുള്ള പ്രത്യൗഷധമായി പ്രവര്‍ത്തിക്കാന്‍ ‘തപസ്യ’യെപ്പോലുള്ള സാംസ്‌കാരികപ്രസ്ഥാനങ്ങള്‍ നേതൃത്വം നല്‍കാത്തതിലുള്ള അമര്‍ഷം ശശിധരന്‍ മാസ്റ്ററുടെ വാക്കുകളെ പരുപരുപ്പുള്ളതാക്കുന്നു.
”സംസ്‌കാരം, മൂല്യം തുടങ്ങിയ പദങ്ങളുടെ അര്‍ഥം വല്ലാതെ ചോര്‍ന്നുപോയിട്ടുണ്ട്. മൂല്യം എന്ന വാക്കിന് അങ്ങാടിവില എന്നാണിപ്പോഴത്തെ വിവക്ഷ. ഒരുകാലത്ത് മനുഷ്യര്‍ക്ക് അവരുടെ കാലുകള്‍ മണ്ണിലേക്ക് ആണ്ടിറങ്ങുന്നതിനുള്ള വേരുകളായിരുന്നു അത്. ക്ഷമ ദുര്‍ബലതയായും, നിയമം ചതിയായും, സമയം ധനമായും, അന്നം ഈശ്വരനായും, പ്രേമം ഉമിനീരായും കരുതുന്ന മനുഷ്യരെക്കുറിച്ച് വൈലോപ്പിള്ളി പണ്ടേ എഴുതിയിട്ടുണ്ട്. അപ്രകാരമുള്ള മനുഷ്യരുടെ എണ്ണം പെരുകുന്നു എന്നതാണ് ഇന്ന് നമ്മുടെ സാംസ്‌കാരികമേഖല നേരിടുന്ന ഏറ്റവും വലിയ ഭീഷണി. യുവതലമുറ മയക്കുമരുന്നിന് അടിമയായി മാറുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകളില്ലാതെ ഒരു പത്രവും ഇന്നിറങ്ങാറില്ല. ലോകമത്സര വേദികളില്‍ ഭാരതത്തെ നയിച്ച 260 പേരെയാണ് ഉത്തേജകമരുന്ന് കഴിച്ചതിന്റെ പേരില്‍ ഏറ്റവും ഒടുവില്‍ പിടിച്ചിറക്കിയിരിക്കുന്നത്. ത്രിവര്‍ണപതാകയുമായി പോകുന്നവര്‍ ചെയ്ത പാതകം. സിനിമാനടന്മാരും കലാകാരന്മാരും എഴുത്തുകാരും പ്രൊഫഷണല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിക്കുന്നവരും അവരുടേതായ രീതിയില്‍ ഇത് ആവര്‍ത്തിക്കുന്നു. ബോധമറ്റുകിടക്കുമവസ്ഥക്കു മീതെ മറ്റെന്തു വിപത്താണ് ഭൂമിയിലുള്ളതെന്നു നമ്മുടെ ഒരു കവി വിലപിച്ചിട്ടുണ്ട്. ബോധത്തിന്റെ നാനാര്‍ഥങ്ങള്‍ നാം മറന്നുപോയി. ബോധത്തെ മയക്കുന്നതും, ശരീരത്തെ ഉത്തേജിപ്പിക്കുന്നതും വൈകല്യത്തിലാക്കാണ് വഴി തുറക്കുന്നത്. ഇത്തരമൊരു സാംസ്‌കാരികാവസ്ഥയില്‍ എങ്ങനെയൊണ് പ്രവര്‍ത്തിക്കേണ്ടത് എന്ന വിചാരത്തിലേക്ക് ഉണര്‍ന്നെങ്കില്‍ മാത്രമേ പുതിയ കാലത്ത് ‘തപസ്യ’യെപ്പോലുള്ള പ്രസ്ഥാനത്തിന് പ്രസക്തിയുള്ളൂ.”
ഏതൊരു സാംസ്‌കാരികമായ സമസ്യയുടെയും നിര്‍ധാരണം സാധ്യമാകണമെങ്കില്‍ ശക്തി സംഭരിച്ച് ഉപയോഗിക്കുകയാണ് ചെയ്യേണ്ടത് എന്ന് പ്രൊഫ. ശശിധരന്‍ പറയുന്നു. 1975 ല്‍ അദ്ദേഹമെഴുതിയ ‘ഹിന്ദുവിന്റെ പരിണാമം’ എന്ന ലേഖനത്തില്‍ത്തന്നെ അത് പറഞ്ഞുവച്ചത് ഇപ്പോഴും ആവര്‍ത്തിക്കുന്നു.
”മേദസ്സു ബാധിച്ച ഒരു സമൂഹത്തിന് ശരീരം അലങ്കരിക്കാനുള്ള മേലങ്കിയല്ല വേദോപനിഷത്തുക്കള്‍. ഭഗവദ്ഗീത കുരുക്ഷേത്രഭൂമിയില്‍ വച്ചാണ് രൂപംകൊണ്ടതെന്ന് ഹിന്ദുക്കള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതിദീര്‍ഘമായ വിപരീതാവസ്ഥയുടെ അന്ധകാരാധിപ്രസരത്തിനിടയിലും, സ്ഫുടതാരങ്ങളും രജതരേഖകളും വഴിയമ്പലങ്ങളും നമുക്ക് കൂട്ടിനുണ്ടായിരിക്കെ ഓടിയൊളിക്കാന്‍ ശ്രമിക്കുന്നത് ഭീരുത്വമായിരിക്കും. നമുക്ക് കാലനെക്കൂടി ജയിച്ച മാര്‍ക്കണ്ഡേയന്മാരാവാം.”
മാരാരുടെ നേരുകളും ഇളയിടത്തിന്റെ നുണയും
ഭാരതീയമായ ഇതിഹാസങ്ങളെയും പുരാണങ്ങളെയും വികലമായി വായിച്ച് വക്രീകരിച്ച് അവതരിപ്പിക്കുന്ന പ്രവണത ആസൂത്രിതമായി നടത്തിക്കൊണ്ടിരിക്കുന്നുണ്ട് ചില ശക്തികള്‍ കേരളത്തില്‍. മാധ്യമങ്ങളുടെയും ഇടതുപക്ഷ-തീവ്രവാദശക്തികളുടെയും പിന്‍ബലത്തോടെ. ഇതിന്റെ പൊള്ളത്തരത്തെ ശശിമാസ്റ്റര്‍ ഇങ്ങനെ തുറന്നുകാട്ടുന്നു:
”മഹാഭാരതത്തില്‍ ഭീമന്‍ കല്യാണസൗഗന്ധികം തേടിപ്പോവുന്നു. ഇല്ലാത്ത ഒരു പൂവ് കൊണ്ടുവരാനാണ് പാഞ്ചാലി ആവശ്യപ്പെടുന്നത്. ഹനുമാന്‍ മൃതസഞ്ജീവിനി തേടിപ്പോവുന്നു. അങ്ങനെ ഒരു സസ്യമില്ല. അതായിരുന്നു നമ്മുടെ സാഹിത്യത്തിന്റെ കെല്‍പ്പ്. ഇല്ലാത്തതിനെ ഉണ്ടാക്കുക. റിയലിസത്തിന്റെ തോടുപൊട്ടിച്ച് ഭാവനയുടെ മറ്റൊരു ലോകം ഉണ്ടാക്കിയിരുന്നു ഭാരതത്തിലെ ഋഷികവികള്‍. ഈ ഭാവന തിരിച്ചറിയാന്‍ കഴിയാതിരിക്കുന്നതും, അത് മുറിഞ്ഞുപോകുന്നു എന്നതുമാണ് ഇന്നത്തെ സാഹിത്യവിചക്ഷണന്മാര്‍ക്ക് പറ്റുന്ന കുഴപ്പം.
”രാമായണം മിത്താണെന്നു പറയുന്നവര്‍തന്നെ രാമന്‍ സീതയെ ഉപേക്ഷിച്ചത് തെറ്റായിരുന്നു എന്ന് വാദിക്കുന്ന വൈരുധ്യം ഇന്നു കാണാം. രാമായണത്തിന്റെ ഭാഗമല്ലാത്ത ഉത്തരരാമായണത്തില്‍ പറഞ്ഞതൊക്കെ രാമായണത്തിലേതാണെന്ന് ആരോപിച്ച് അവര്‍ വിമര്‍ശിക്കും. എവിടെനിന്നെങ്കിലും കിട്ടുന്ന കല്ലെടുത്ത് അവര്‍ എറിയുകയാണ്. ഇങ്ങനെ ചെയ്യുന്നവര്‍ സാഹിത്യചിന്തകരല്ല. അടിമുടി ആക്ടിവിസ്റ്റുകള്‍ മാത്രമാണ്.
”സാഹിത്യചിന്തകര്‍ക്ക് അങ്ങനെ വിമര്‍ശിക്കാനാവില്ല. കുട്ടിക്കൃഷ്ണമാരാര്‍ ആദ്യകാലത്ത് ഇത്തരത്തില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. പക്ഷെ പിന്നീട് കൂടുതല്‍ ചിന്തിച്ചപ്പോള്‍ അദ്ദേഹം തിരുത്തി. യുക്തിവാദത്തില്‍ ആകൃഷ്ടനായ കാലത്ത്, രാമന്‍ അധികാരത്തോട് ആര്‍ത്തിയുള്ള ആളാണെന്നെഴുതിയ മാരാര്‍, പില്‍ക്കാലത്ത് ‘വാല്മീകിയുടെ രാമന്‍’ എന്ന ലേഖനമെഴുതി ആ ആരോപണം സ്വയം നിഷേധിച്ചു. രാമനെക്കുറിച്ച് വിലയിരുത്താന്‍ ഞാനാരാണ് എന്നാണ് ‘സാഹിത്യശേഷം’ എന്ന ലേഖനത്തില്‍ അദ്ദേഹം വിനയനാവുന്നത്.
”രാമായണത്തെക്കുറിച്ചും മഹാഭാരതത്തെക്കുറിച്ചും ഇംഗ്ലീഷിലുള്ളത് മാത്രം വായിച്ചുപരിചയമുള്ള സുനില്‍ പി.ഇളയിടത്തിന്റെ ഒരു ലേഖനത്തില്‍ മഹാഭാരതം ബ്രാഹ്‌മണിക്കല്‍ ആണെന്ന ആരോപണം വായിച്ചു. ബ്രാഹ്‌മണിസത്തെ പ്രോത്സാഹിപ്പിക്കുന്ന ടെക്സ്റ്റ് ആണ് മഹാഭാരതമെന്നാണ് ഇദ്ദേഹത്തിന്റെ വാദം. മഹാഭാരതത്തിലെ ബ്രാഹ്‌മണകഥാപാത്രങ്ങള്‍ ആരൊക്കെയാണെന്ന് ഇദ്ദേഹം പരിശോധിച്ചിരുന്നെങ്കില്‍ അങ്ങനെ പറയാന്‍ കഴിയില്ല. ദ്രോണരും കൃപരും അശ്വഥാമാവും മാത്രമാണ് അതിലെ ബ്രാഹ്‌മണ കഥാപാത്രങ്ങള്‍. ആ കഥാപാത്രങ്ങളെ വ്യാസന്‍ ചിത്രീകരിച്ചത് മഹത്വത്തിന്റെ മൂര്‍ത്തരൂപങ്ങളായിട്ടാണോ! അസ്ത്രവിദ്യ വില്‍ക്കാന്‍ നടക്കുന്ന ആളായിരുന്നു ദ്രോണര്‍. ശിഷ്യരെ അതു പഠിപ്പിച്ച ശേഷം ദ്രുപദനോടുള്ള തന്റെ പക തീര്‍ക്കാന്‍ ആ വിദ്യ ഉപയോഗിക്കാനാണ് അദ്ദേഹം അര്‍ജുനനോട് ആവശ്യപ്പെട്ടത്. ശിഷ്യനെ ഉപയോഗിച്ച് തന്റെ പക വീട്ടുന്ന ഒരാള്‍ ഒരിക്കലും ഗുരു എന്ന സ്ഥാനത്തിന് അര്‍ഹനല്ല. ബ്രാഹ്‌മണ്യത്തെ മഹത്വവത്ക്കരിക്കുകയാണോ ഇവിടെ വ്യാസന്‍ ചെയ്തത്!
”സ്വന്തം മകനായ അശ്വത്ഥാമാവിനാണ് ദ്രോണര്‍ ആദ്യമായി ബ്രഹ്‌മാസ്ത്രം പഠിപ്പിച്ചുകൊടുത്തത്. പിന്നെ മാത്രമേ അര്‍ജുനനെ അതു പഠിപ്പിച്ചുള്ളൂ. ആയുധവിദ്യ ഒരിക്കലും പഠിക്കാന്‍ യോഗ്യതയില്ലാത്തവനായിരുന്നു അശ്വത്ഥാമാവ്. അശ്വത്ഥാമാവ് ആ അസ്ത്രം പ്രയോഗിച്ചപ്പോള്‍ എത്തിയത് ഗര്‍ഭാവസ്ഥയിലിരിക്കുന്ന, പാണ്ഡവവംശത്തിലെ അവസാനശിശുവിലേക്കാണ്. ഭ്രൂണഹത്യയേക്കാള്‍ വലിയ പാപമില്ല. മാത്രമല്ല ഉറങ്ങിക്കിടക്കുന്നവരെ വെട്ടിവെട്ടി കൂട്ടക്കൊല ചെയ്ത ബ്രാഹ്‌മണന്‍കൂടിയാണ് അശ്വത്ഥാമാവ്. ബ്രാഹ്‌മണനായ കൃപരും അതിന് കൂട്ടുനിന്നു. ഇങ്ങനെ ഹീനകൃത്യം ചെയ്തവരാണ് മഹാഭാരതത്തിലെ ബ്രാഹ്‌മണകഥാപാത്രങ്ങള്‍. ഇതു തിരിച്ചറിയാതെ ആ കൃതിയുടെ ഇംഗ്ലീഷ് വ്യാഖ്യാനങ്ങള്‍ മാത്രം വായിച്ച് അത് ബ്രാഹ്‌മണിക്കല്‍ അജണ്ടയാണ് എന്നു വിമര്‍ശിക്കുന്നയാളെ സാഹിത്യചിന്തകനെന്ന് വിളിക്കാനാവില്ല. ദുഷ്ടലാക്കുള്ള ആക്ടിവിസ്റ്റ് മാത്രമാണയാള്‍. അത്തരക്കാരെ ആ നിലയിലേ ട്രീറ്റ് ചെയ്യാവൂ. ഇതൊക്കെ അച്ചടിച്ചിറക്കുന്ന സ്ഥാപനങ്ങളും അത്തരം ആക്ടിവിസ്റ്റുകളുടേതാണ്.
”മതപരമെന്നതിലപ്പുറം വളരെ ശക്തമായ രാഷ്‌ട്രീയലക്ഷ്യങ്ങള്‍ ഇത്തരം നീക്കങ്ങള്‍ക്ക് പിറകിലുള്ളതായി തോന്നിയിട്ടുണ്ട്. അബ്രഹാമികമതങ്ങള്‍ പിന്തുടരുന്ന ആന്തരികവും ബാഹ്യവുമായ ജാഗ്രതയെ, അവരുടെ മതഘടനയെ വിശകലനം ചെയ്യാന്‍ ഹിന്ദുക്കള്‍ ഒരിക്കലും തയാറായിട്ടില്ല. ഭാരത്തിലുടനീളം നാശം വിതച്ച ഇസ്ലാമിക ആക്രമണങ്ങളെക്കുറിച്ച് നമുക്കറിയാം. ഇതേ കാലത്തുതന്നെ ഉപനിഷത്തും ഭഗവദ്ഗീതയും പഠിച്ച് പുസ്തകമെഴുതിയ പണ്ഡിതന്മാരും അവര്‍ക്കിടയിലുണ്ടായിരുന്നു. ഔറംഗസേബിന്റെ പുത്രന്‍ ദാരാഷിക്കോ തന്നെ ഏറ്റവും നല്ല ഉദാഹരണം. ക്രിസ്ത്യന്‍ മിഷനറിമാരും പാശ്ചാത്യപണ്ഡിതരും തൊട്ടറിയാത്ത ശ്രുതിയും സ്മൃതിയും ഭാരതത്തിലുണ്ടോ! സ്വന്തം വിശ്വാസത്തെ വികസിപ്പിക്കാന്‍ വേണ്ടിയല്ല ഇവര്‍ ഇതിന് മുതിര്‍ന്നത്. പ്രതിയോഗിയെ മനസ്സിലാക്കുന്നതിനുള്ള പ്രതിരോധതന്ത്രമായിരുന്നു അവ. സ്വന്തം കോട്ടകളെ ഭദ്രമാക്കാനും എതിര്‍ചേരിയുടെ പഴുത് കണ്ടെത്താനും ഈ അറിവ് അവര്‍ക്ക് തുണയായി. ഇസ്ലാമും ക്രിസ്തുമതവും തമ്മിലുള്ള ഹിന്ദുക്കളുടെ ഇടപഴകലിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഈ രണ്ടു മതക്കാരെയും ഗഹനമായി വിലയിരുത്തുന്ന ഗ്രന്ഥങ്ങള്‍, മതപരിവര്‍ത്തനഭീഷണിയെ തുറന്നുകാട്ടുന്ന പഠനങ്ങള്‍ എന്തുകൊണ്ട് ഹിന്ദുക്കള്‍ എഴുതിയില്ല? കൃസ്ത്യന്‍ ഉപദേശികളുടെ ശല്യം സഹിക്കാതെ ചട്ടമ്പിസ്വാമികള്‍ ഒരു ഖണ്ഡനഗ്രന്ഥമെഴുതി. അച്ചടിച്ച ഗ്രന്ഥമെല്ലാം പാതിരിമാര്‍ വിലകൊടുത്തു വാങ്ങി ചുട്ടുകരിക്കുകയോ കിണറ്റിലെറിയുകയോ ചെയ്തു. ഉത്തരേന്ത്യയിലെ ആര്യസമാജക്കാര്‍ പരിമിതമായ രീതിയില്‍ സെമിറ്റിക് മതങ്ങള്‍ക്ക് മറുപടി പറയാന്‍ ശ്രമിച്ചിട്ടുണ്ട്. പുസ്തകങ്ങള്‍ക്കുള്ള മറുപടി പുസ്തകങ്ങള്‍ കൊണ്ടായിരിക്കണം. വായിക്കുകയും ചിന്തിക്കുകയും എഴുതുകയും ചെയ്യുക എന്നതാണ് അതിനുള്ള ഏറ്റവും വലിയ പോംവഴി.
”യഥാര്‍ഥ സ്രോതസ്സില്‍നിന്നല്ലാതെ, ഇംഗ്ലീഷ് തര്‍ജമകളിലൂടെ ഇതിഹാസങ്ങളെ വായിച്ച് വികലമായി വ്യാഖ്യാനിച്ച് പ്രചരിപ്പിക്കന്നവരെ നേരിടാന്‍ അതിന്റെ ശരിയായ വായനയിലൂടെ മറുപുസ്തകങ്ങള്‍ രചിക്കുക. അത്തരം ശ്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ നമുക്ക് കഴിയുന്നുണ്ടാ. അത്തരം പുസ്തകങ്ങള്‍ ഉണ്ടാക്കിയാല്‍ മാത്രം പോര. അത് വായനക്കാരില്‍ എത്തിക്കാനും ചര്‍ച്ചയാക്കി പ്രചരിപ്പിക്കാനും കഴിയണം.
ഭക്തിയില്‍ ശക്തി നിറച്ച തുഞ്ചത്തെഴുത്തച്ഛന്‍
ഓരോ കാലഘട്ടത്തില്‍ കേരളത്തിലുണ്ടായ സാംസ്‌കാരികപ്രതിസ്ന്ധികളെ നാം തരണം ചെയ്തത് ഭാരതീയതയിലൂന്നിയ പരിഹാരശ്രമങ്ങളിലൂടെയായിരുന്നു എന്ന തിരിച്ചറിഞ്ഞുകൊണ്ടാവണം അത്തരം രചനാശ്രമങ്ങളില്‍ ഏര്‍പ്പെടാനെന്ന് പ്രൊഫ. ശശിധരന്‍ ഓര്‍മ്മിപ്പിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തുഞ്ചത്തെഴുത്തച്ഛനെക്കുറിച്ച് അദ്ദേഹമെഴുതിയ ലേഖനം അതിന് ഉദാഹരണമായി എടുക്കാവുന്നതാണ്. ‘ശക്തിയും ഭക്തിയും’ എന്നാണ് അതിന് അദ്ദേഹം നല്‍കിയ തലവാചകം.
”കേരളത്തെ സംബന്ധിച്ചിടത്തോളം കീര്‍ത്തനപ്രസ്ഥാനത്തിന്റ ആചാര്യനായി ചില പണ്ഡിതര്‍ എഴുത്തച്ഛനെ പരിഗണിക്കുന്നുണ്ട്. ഇത് ഒരര്‍ധസത്യം മാത്രമാണ്. ഉത്തരഭാരതത്തിലും മറ്റും ഭക്തിപ്രസ്ഥാനത്തിന്റെ വേലിയേറ്റത്തില്‍ രൂപംകൊണ്ട കീര്‍ത്തനപ്രസ്ഥാനത്തിന് ഭക്തിയുടെ പാരമ്യതയിലൂടെ ആത്യന്തികമായ ഒരു ദൈവികതേജസ്സുമായി താദാത്മ്യം പ്രാപിക്കുക എന്ന ഏകോപാധി മാത്രമാണ് ഉണ്ടായിരുന്നത്. മീരാബായിയും സൂര്‍ദാസും ഈ കാര്യമാണ് വ്യക്തമാക്കുന്നത്. അപൂര്‍വം ചില അപവാദങ്ങളും ഇതില്‍ ഇല്ലാതില്ല. എന്നാല്‍ എഴുത്തച്ഛനാകട്ടെ തന്റെ ഭക്തിയെ ശക്തിയില്‍ അധിഷ്ഠിതമാക്കിയാണ് വളര്‍ത്തിയെടുത്തത്. ശക്തനായ ശ്രീരാമനോടും ശക്തനായ ശ്രീകൃഷ്ണനോടുമുള്ള ഭക്തിയായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. അധ്യാത്മരാമായണം കിളിപ്പാട്ടിലും, മഹാഭാരതം കിളിപ്പാട്ടിലും നാം കാണുന്നത് അതാണ്. എഴുത്തച്ഛന് അദ്ദേഹത്തിന്റെ സമകാലീന ജീവിതത്തില്‍ കേന്ദ്രീകൃതമായ ഒരു ഭരണകൂടത്തിന്റെയും ശക്തനായ ഒരു രാജാവിന്റെയും അഭാവം പ്രകടമായി അനുഭവപ്പെട്ടിരിക്കണം. ആത്മവിസ്മൃതിപൂണ്ട രീതിയില്‍ ശ്രീരാമനേയും ശ്രീകൃഷ്ണനേയും അദ്ദേഹം സ്തുതിക്കുന്നത് അധ്യാത്മരാമായണത്തിലെ യുദ്ധകാണ്ഡത്തിലും മഹാഭാരതത്തിലെ യുദ്ധപര്‍വങ്ങളിലുമാണ്. ഏറ്റവും അധികം സ്തുതികള്‍ ഇവിടെ എങ്ങനെയാണു കാണപ്പെടുന്നത്? എന്താണിതിന്നു കാരണം? അധര്‍മ്മത്തിന്റെ ശക്തികള്‍ക്കുനേരെ, ധര്‍മ്മത്തിന്റെ ആത്യന്തികമായ വിജയമാണ് ഈ സന്ദര്‍ഭങ്ങളില്‍ കാണപ്പെടുന്നത്. ഏററവും അധികം പൗരുഷശാലിയും തേജസ്വിയുമായ ശ്രീരാമനേയും, ശ്രീകൃഷ്ണനേയും വര്‍ണിക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങളാണിവ. ഇവിടെ ഭക്തി, ശക്തിയോടും പൗരുഷഭാവത്തോടുമുള്ള ആഭിമുഖ്യത്തില്‍നിന്ന് രൂപം കൊണ്ടിട്ടുള്ളതായി കാണാന്‍കഴിയും. എഴുത്തച്ഛന്റെ ഏറ്റവും നല്ല വര്‍ണനതന്നെ ചമ്മട്ടിയും കയ്യിലേന്തി മണിരഥത്തില്‍ അധര്‍മ്മധ്വംസനത്തിന്നായി നില്‍ക്കുന്ന പാര്‍ഥസാരഥിയെപ്പറ്റിയാണ്. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലൊക്കെ നാം കാണുന്നത് വ്യക്തിസത്തയില്‍ ഒതുങ്ങിനില്‍ക്കുന്ന, ആത്മീയനിര്‍വൃതിയുടെ പരിവേഷം പൂണ്ട ഭക്തിയല്ല. മറിച്ച് ദുഷ്ടനിഗ്രഹത്തിന് തയാറെടുക്കുന്ന ശക്തിയോടുള്ള ഉപാസന മാത്രമാണ്. ഈയൊരു കാരണംകൊണ്ടുതന്നെ അധ്യാത്മരാമായണത്തിലെ യുദ്ധകാണ്ഡവും, മഹാഭാരതത്തിലെ ഭീഷ്മ- ദ്രോണ-കര്‍ണ്ണ-ശല്യ പര്‍വങ്ങളും എഴുത്തച്ഛന്റെ കാവ്യജീവിതത്തിലെ ഏററവും ഉജ്ജ്വലമായ അദ്ധ്യായങ്ങളായി മാറ്റപ്പെട്ടിട്ടുണ്ട്.”
(അടുത്തത്: എഴുത്തിന്റെ പരാജയവും വായനക്കാരുടെ വിധിയും)
















