കളിയിലില്‍ കളരിയില്‍ നിന്ന് കളിത്തട്ടിലേക്കുള്ള ചന്ദ്രശേഖരന്‍ പിള്ളയുടെ യാത്രയ്‌ക്ക് പിന്നില്‍ ഒരു തപസ്സുണ്ട്. ചമയത്തോടുള്ള കടുത്ത ആരാധനയുണ്ട്. അരങ്ങില്‍ തിമിര്‍ത്താടുന്ന കൃഷ്ണനും ഭീമനും നളനും ദമയന്തിയുമൊക്കെ ആരാധകരില്‍ ആവേശമായി പടരുന്നതിന് പിന്നില്‍ മുതുപിലാക്കാട് ചന്ദ്രശേഖരന്‍പിള്ളയെന്ന ചുട്ടി ചന്ദ്രശേഖരപിള്ളയുടെ കരവിരുതുണ്ട്. അമ്പത് വര്‍ഷത്തിലേറെയായി രംഗത്ത് അമ്പതിനായിരത്തോളം കഥാപാത്രങ്ങള്‍ക്ക് ഈ കലാകാരന്‍ ചമയം അണിയിച്ചു.
പാര്‍ത്ഥസാരഥിയുടെ മണ്ണാണ് തട്ടകം ശാസ്താംകോട്ട മുതുപിലാക്കാട് ദേശത്ത് ശ്രീകൃഷ്ണന്‍ പാര്‍ത്ഥസാരഥി ഭാവത്തില്‍ വിളങ്ങുന്ന മണ്ണ്. സര്‍ഗധനരായ അനേകം കഥകളി കലാകാരന്മാരുടെ ജന്മദേശം. പുതിയ വീട്ടില്‍ ബാലകൃഷ്ണ പിള്ളയുടേയും പങ്കജാക്ഷി അമ്മയുടേയും മകനായി 1948 ലായിരുന്നു ചന്ദ്രശേഖരന്‍ പിള്ളയുടെ ജനനം. മുതുപിലാക്കാട് കളിയിലില്‍ രാമന്‍ നായര്‍ നടത്തിയിരുന്ന കഥകളി കളരിയില്‍ ചെറുപ്പത്തില്‍ നിത്യ സന്ദര്‍ശകനായിരുന്നു. പുത്തന്‍ വീട്ടില്‍ നാരായണപിള്ളയും അമ്പലത്തുംഭാഗം പുതുവിള കുഞ്ഞന്‍പിള്ളയും ചേര്‍ന്ന് തുടങ്ങിയ പുത്തന്‍വീട്ടില്‍ കഥകളിയോഗത്തില്‍ പഠിച്ച് പ്രസിദ്ധനായ പരമേശ്വരന്‍കുട്ടിയാശാനായിരുന്നു കഥകളില്‍ ആദ്യ ഗുരു.
പോരുവഴി നീലമന ഈശ്വരന്‍ പോറ്റിയാണ് ചുട്ടി രംഗത്തേക്ക് ചന്ദ്രശേഖരന്‍ പിള്ളയെ വഴി കാണിച്ചത്. പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ബലിക്കല്‍ പുരയിലായിരുന്നു ആദ്യ ശിക്ഷണം. പിന്നീട് നെടുവത്തൂര്‍ രാമചന്ദ്രന്‍ പിള്ളയുടെ ശിക്ഷണം നേടി പതിനേഴാം വയസ്സില്‍ മണപ്പള്ളി തൃപ്പാവുമ്പാ ക്ഷേത്രത്തില്‍ ചുട്ടി അരങ്ങേറി.
കരവിരുതിന്റെ നിറച്ചാര്‍ത്തുകള്‍
അന്‍പത് വര്‍ഷത്തിലേറെയായി കഥകളി രംഗത്ത് പ്രവര്‍ത്തിക്കുന്ന ചന്ദ്രശേഖരന്‍ പിള്ള അന്‍പതിനായിരത്തോളം കഥാപാത്രങ്ങള്‍ക്ക് വേഷപകര്‍ച്ച നല്‍കിയിട്ടുണ്ട്. അക്കൂട്ടത്തില്‍ അതികായകന്മാരായ അനേകം പേരുമുണ്ട്. പത്മശ്രീ കലാമണ്ഡലം കൃഷ്ണന്‍ നായരുടെ നളന്‍, പള്ളിപ്പുറം ഗോപാലന്‍ നായരുടെ കത്തിയും പച്ചയും ദക്ഷന്‍ വേഷങ്ങളും, ഹരിപ്പാട് രാമകൃഷ്ണ പിള്ള ആശാന്റെ കത്തി വേഷങ്ങള്‍, രാവണന്‍, കീചകന്‍, ദുര്യോധനന വേഷങ്ങളിലും ചന്ദ്രശേഖരന്‍ പിള്ളയുടെ കരവിരുത് പ്രകടം.
മാങ്കുളം വിഷ്ണു നമ്പൂതിരിയുടെ ശ്രീകൃഷ്ണ വേഷം, പന്തളം കേരള വര്‍മ്മ രാജ, കലാമണ്ഡലം ഗോപിയാശാന്‍, ഓയൂര്‍ കൊച്ചു ഗോവിന്ദപിള്ള, വൈക്കം കരുണാകരന്‍, മകള്‍ രജ്ഞിനി, കലാമണ്ഡലം രാമന്‍ കുട്ടിനായര്‍, കീഴ്പടം കുമാരന്‍ നായര്‍, വെള്ളിനേഴി നാണു നായര്‍, ചമ്പക്കുളം പാച്ചുപിള്ള, മയ്യനാട് കേശവന്‍ നമ്പൂതിരി, പത്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍, മാര്‍ഗ്ഗി കഥകളി സ്‌കൂളിന്റെ പ്രിന്‍സിപ്പലായിരുന്ന ഇഞ്ചക്കാട് രാമചന്ദ്രന്‍ പിള്ള, തോന്നയ്‌ക്കല്‍ പീതാംബരന്‍, ചെന്നിത്തല ചെല്ലപ്പന്‍ പിള്ള, മങ്കൊമ്പ് ശിവശങ്കരപ്പിളള, കുടമാളൂര്‍ കരുണാകരന്‍ നായര്‍, മുതുപിലാക്കാട് കുട്ടന്‍പിള്ളയാശാന്‍ ഇങ്ങനെ പ്രമുഖരുടെയെല്ലാം കഥകളിവേഷം വേദിയില്‍ നിറഞ്ഞാടുമ്പോള്‍ അവയ്‌ക്കെല്ലാം മുഖത്ത് കരവിരുതിന്റെ നിറച്ചാര്‍ത്ത് ഒരുക്കിയത് ചന്ദ്രശേഖരന്‍ പിള്ളയായിരുന്നു.
താന്‍ ആത്മാവിഷ്‌ക്കാരത്തിന്റെ മുഖത്തെഴുത്തുകള്‍ ചാര്‍ത്തിയവരുടെ പേരുകള്‍ എഴുപത്തിയെട്ടാം വയസ്സിലും ഈ ചുട്ടി കലാകാരന്റെ തളര്‍ച്ചയില്ലാത്ത ഓര്‍മ്മകളില്‍ നിറയുന്നു.
ചുട്ടി, കരവിരുതിന്റെയും ശ്രദ്ധയുടേയും കലയാണ്. ആഹാര്യ രംഗത്തെ ഈ കലാകാരന് അത് വേണ്ടുവോളമുണ്ട്. അരിമാവും ചുണ്ണാമ്പും കൊണ്ടോ പേപ്പര്‍ കൊണ്ടോ പാളിപാളിയായി നിര്‍മ്മിക്കുന്ന വെളുത്ത അര്‍ദ്ധ വൃത്താകൃതിയിലുള്ള ഒരലങ്കാര വേഷമാണ് ചുട്ടി. ഇത് കഥാപാത്രങ്ങള്‍ക്ക് നാടകീയവും അമാനുഷികവുമായ പരിവേഷം നല്‍കുന്നു. പ്രത്യേകിച്ച് ഉയര്‍ന്ന ചുട്ടികള്‍. മുഖത്തിനിരുവശവും ചുട്ടികളുടെ അളവുകള്‍ തുല്യമായിരിക്കണം. എള്ളിട വ്യത്യാസം വരുവാന്‍ പാടില്ല. കഥകളി കലാകാരന്‍ അരങ്ങിലെത്തി കഴിഞ്ഞാല്‍ മുഖത്തു നിന്നും ചുട്ടി ഇളകി വീഴാതെ ശ്രദ്ധിക്കണം. എല്ലാം ചുട്ടി ചെയ്യുന്നയാളുടെ കഴിവു തന്നെയാണ്.
കഥകളിയില്‍ ചുട്ടിയുള്ളതും ചുട്ടിയില്ലാത്തതുമായ വേഷങ്ങളുണ്ട്. പച്ച, കത്തി വെള്ളത്താടി, ചുവന്നതാടി, കാട്ടാളന്‍, നരസിംഹം എന്നിവയ്‌ക്കും കത്തിയുടെ അവാന്തര വിഭാഗമായ നെടുംകത്തിക്കും ചുവന്നതാടിയുടെ വിഭാഗമായ ബാലിക്കും സുഗ്രീവനും ചുട്ടിയുണ്ട്. കരി, കൃത്തിക, സുദര്‍ശനം എന്നിവയ്‌ക്ക് ഉയര്‍ന്ന ചുട്ടിയില്ല. പകരം അരിചുട്ടികൊണ്ട് അണിയിക്കുക മാത്രമാണ് ചെയ്യുന്നത്.
പാര്‍ത്ഥസാരഥിയുടെ അനുഗ്രഹം
കൊല്ലം കഥകളി ക്ലബ്ബും, വര്‍ക്കല ജനാര്‍ദ്ദന വിലാസം കഥകളിയോഗവുമാണ് ചന്ദ്രശേഖരന്‍ പിള്ളയുടെ കഥകളി ജീവിത്തെ മാറ്റി മറിച്ചത്. അനേകം കലാകാരന്‍മാരെ പരിചയപ്പെടുന്നതും, പ്രവര്‍ത്തന മികവുണ്ടായതും ഇവിടെ വച്ചുതന്നെ. കെ. രവീന്ദ്രനാഥന്‍ നായര്‍ (അച്ചാണി രവി) പ്രസിഡന്റായിരിക്കുമ്പോഴാണ് കൊല്ലം കഥകളി ക്ലബ്ബിന്റെ തിരുവല്ല രാമകൃഷ്ണ പണിക്കര്‍ പുരസ്‌കാരം ചന്ദ്രശേഖരന്‍ പിള്ളയ്‌ക്ക് ലഭിക്കുന്നത്. അതിനുശേഷം അവാര്‍ഡുകളുടെ പെരുമഴയായിരുന്നു. കേരള കലാമണ്ഡലം അവാര്‍ഡ്, കേരള നാട്യധര്‍മ്മി പുരസ്‌കാരം, തകഴി മാധവക്കുറുപ്പ് സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് അവാര്‍ഡ്, കേരള സംഗീത നാടക അക്കാഡമി ഗുരുപൂജാ പുരസ്‌കാരം, കേരള കല്‍പ്പിത സര്‍വ്വകലാശാലാ ആദരവ്, കെ.വി ഇറവങ്കര പുരസ്‌കാരം, പന്നിശ്ശേരി നാണുപിളള അവാര്‍ഡ്, ഓച്ചിറ ഓര്‍ക്കാസ് കഥകളി ക്ലബ്ബിന്റെ പുരസ്‌കാരം, കൊല്ലം കഥകളി ക്ലബ്ബിന്റെ പത്മശ്രീ കൃഷ്ണന്‍ നായര്‍ നൂറാം ജന്മശതാബ്ദി ആദര ഉപഹാരം തുടങ്ങി നിരവധി അവാര്‍ഡുകളും ബാലഗോകുലം, തപസ്യ തുടങ്ങിയ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ള വിവിധങ്ങളായ സംഘടനകളുടെ ആദരവുകളും ലഭിച്ചിട്ടുണ്ട്.
ജീവിത വഴികളില്‍ നിയതിയുടെ നിയോഗമായി സ്വധര്‍മ്മവും അന്നവുമായിരുന്നു ചന്ദ്രശേഖരന്‍ പിള്ളയ്‌ക്ക് ചുട്ടികുത്തല്‍ എന്ന കലയോടുള്ള അര്‍പ്പണബോധം. അതോടൊപ്പം തന്നെ ജീവിതത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിച്ചുകൊണ്ട് ആത്മസമര്‍പ്പണത്തിന്റെ ഹൃദയതാളമായി സംഘജീവിതവും എടുത്തുപറയേണ്ടതാണ്. വളരെ ചെറുപ്പത്തില്‍ തന്നെ രാഷ്‌ട്രീയ സ്വയംസേവക സംഘവുമൊത്ത് തുടങ്ങിയ ജീവിതവും സംഘ ബന്ധങ്ങളും ചിട്ടയുള്ള ഒരു ജീവിതക്രമത്തെ വാര്‍ത്തെടുക്കുവാന്‍ സഹായിച്ചു. എന്നാല്‍ ഇതിന്റെ പേരില്‍ പലപ്പോഴും തൊഴില്‍ തന്നെ നിഷേധിക്കപ്പെടുന്ന അനുഭവങ്ങളുണ്ടായി.
എളിമയാണ് ഈ കലാകാരന്റെ മുഖമുദ്ര. തന്നെ വളര്‍ത്തിയതും, കലാകാരനാക്കിയതും, ജീവിത വിജയങ്ങള്‍ നേടിതന്നതും പാര്‍ത്ഥസാരഥിയുടെ അനുഗ്രഹം തന്നെയാണെന്ന് ചന്ദ്രശേഖരന്‍ പിള്ള പറയുന്നു.













