ടെഹ്‌റാൻ: അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത സൈനിക നീക്കത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതായി ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ശനിയാഴ്ച പുലർച്ചെ നടന്ന വ്യോമാക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്. ഖമനയിയുടെ വിയോഗത്തെത്തുടർന്ന് രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം സർക്കാർ പ്രഖ്യാപിച്ചു. ഇതിനൊപ്പം എഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്
ടെഹ്‌റാനിലെ ഖമേനിയുടെ ഔദ്യോഗിക വസതിക്ക് നേരെ നടന്ന അതിശക്തമായ ബോംബാക്രമണത്തിൽ കെട്ടിടം പൂർണ്ണമായും തകർന്നു. അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ഖമനയിയുടെ മൃതദേഹം കണ്ടെടുത്തതെന്ന് ഇസ്രായേൽ മാധ്യമമായ കാൻ റിപ്പോർട്ട് ചെയ്തു. ഖമനയിയുടെ മൃതദേഹത്തിന്റെ ചിത്രം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും കൈമാറിയതായി ഇസ്രായേലിന്റെ ചാനൽ 12 വെളിപ്പെടുത്തി.
















