ഹുബ്‌ളി: ചരിത്രത്തില്‍ ആദ്യമായി രഞ്ജി ട്രോഫി ഫൈനല്‍ കളിച്ച ജമ്മു കശ്മീര്‍ കിരീടം നേടിക്കൊണ്ട് പുതുചരിത്രം രചിച്ചു. മത്സരം നാലാം ദിവസം പിരിയുമ്പോള്‍ തന്നെ കര്‍ണാടകയ്‌ക്കെതിരെ ജമ്മു കിരീടം ഉറപ്പാക്കിയതാണ്. അഞ്ചാം ദിവസമായ ഇന്നലെ മത്സരം അവസാനിക്കേണ്ട താമസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. സമനില ഉറപ്പായതോടെ ഇരു ടീമുകളും പരസ്പരം സമ്മതിച്ച് പിരിഞ്ഞു. ആദ്യ ഇന്നിങ്‌സില്‍ നേടിയ ലീഡിന്റെ ബലത്തില്‍ ജമ്മു കശ്മീര്‍ പുതിയ ജേതാക്കളായി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ജമ്മു കശ്മീര്‍ 584 റണ്‍സെടുത്തു. ഇതിനെതിരെ കര്‍ണാടക 293 റണ്‍സില്‍ എല്ലാവരും പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ ജമ്മു നാല് വിക്കറ്റ് നഷ്ടത്തില്‍ 342 റണ്‍സെടുത്തു നില്‍ക്കെയാണ് കളി അവസാനിപ്പിക്കാന്‍ ധാരണയായത്.
നാലിന് 184 റണ്‍സ് എന്ന നിലിയല്‍ മത്സരത്തിന്റെ അവസാന ദിവസമായ ഇന്നലെ ബാറ്റിങ് പുനരാരംഭിച്ചു. അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഓപ്പണര്‍ ഖമ്രാന്‍ ഇഖ്ബാലും(160) സഹില്‍ ലോത്ര(101)യും വിക്കറ്റ് കളയാതെ മുന്നേറി. ഇരുവരും ചേര്‍ന്ന കൂട്ടുകെട്ട് 150 റണ്‍സ് പിന്നിട്ടതോടെ മത്സരത്തില്‍ സമനിലയ്‌ക്കപ്പുറം ഒരു ഫലം ഉണ്ടാവനുള്ള എല്ലാ സാധ്യതയും അവസാനിച്ചു. ഇതോടെ സഹില്‍ ലോത്ര സെഞ്ചുറി തികച്ച ഉടന്‍ മത്സരം അവസാനിപ്പിക്കാന്‍ ഇരു ടീമുകളും ധാരണയിലെത്തുകയായിരുന്നു. 226 പന്തുകള്‍ നേരിട്ട ലോത്ര എട്ട് ബൗണ്ടറികളും മൂന്ന് സിക്‌സറും പായിച്ചു.
















