ആലുവ : പുത്തൻകുരിശ് പത്താംമൈലിൽ വൻ മയക്കുമരുന്ന് വേട്ട. 30 കിലോ കഞ്ചാവുമായി അഞ്ച് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ അഷറഫ് മണ്ഡൽ (56), നുഹുനാബി മണ്ഡൽ (45), റോഫിഖുൽ (26), റിപൻ മണ്ഡൽ (41), യാനുസ് അലി മൊല്ല (42) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസ് ടീമും പുത്തൻകുരിശ് പോലീസും ചേർന്ന് പിടികൂടിയത്.
വെസ്റ്റ് ബംഗാളിൽ നിന്നാണ് സംഘം കഞ്ചാവ് കൊണ്ടുവന്നത്. ആലുവയിൽ തീവണ്ടിയിറങ്ങി അവിടെ നിന്ന് ഓട്ടോയിലാണ് പത്താം മൈലിൽ എത്തിച്ചത്. വെയ്റ്റിംഗ് ഷെഡിൽ നിൽക്കുമ്പോഴാണ് കസ്റ്റഡിയിലെടുത്തത്. അഞ്ചു പേരുടേയും ഷോൾഡർ ബാഗിൽ പ്രത്യേക പായ്‌ക്കറ്റിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇതര സംസ്ഥാനക്കാർക്കിടയിലായിരുന്നു വിൽപ്പന.മയക്കുമരുന്ന് കടത്ത് സംഘം പോലീസ് നിരീക്ഷണത്തിലായിരുന്നു.
ഡാൻസാഫ് ടീമിനെ കൂടാതെ നർക്കോട്ടിക് സെൽ ഡിവൈഎസ്പി ജെ. ഉമേഷ് കുമാർ, പുത്തൻകുരിശ് ഡിവൈഎസ്പി നിഷാദ് മോൻ, ഇൻസ്പെക്ടർ ടി.എൽ ജയൻ സബ് ഇൻസ്പെക്ടർമാരായ ജിതിൻ കുമാർ, മനോജ് കുമാർ, കെ.കെ കുമാർ, ബിജുമോൻ, കെ.ജി ബിനോയി, സീനിയർ സി പി ഒ റിതേഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
രണ്ടാഴ്ചയ്‌ക്കുള്ളിൽ റൂറൽ പോലീസ് പെരുമ്പാവൂർ വാഴക്കുളത്ത് നിന്ന് 51 കിലോഗ്രാമും, കാലടി ശ്രീമൂലനഗരത്ത് 16 കിലോയും, കാഞ്ഞൂരിൽ 6 കിലോയും, രാമമംഗലത്ത് നിന്ന് 10 കാലോയും, ആലുവ റയിൽവേ സ്റ്റേഷനിൽ നിന്ന് 5 കിലോയും കഞ്ചാവ് പിടികൂടിയിരുന്നു.
















