ടെഹ്‌റാന്‍: ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇസ്രായേലും അമേരിക്കയും സംയുക്ത ആക്രമണം നടത്തിയതിനു പിന്നാലെ തിരിച്ചടിച്ച് ഇറാൻ. ഇസ്രായേലിന്റെ വിവിധ ഭാഗങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) സ്ഥിരീകരിച്ചു. ഇസ്രായേലിലുടനീളം അപായ സൈറണുകള്‍ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്.
ഇപ്പോള്‍ നിങ്ങളൊരു പാത തുറന്നിരിക്കുകയാണ്. അതിന്റെ അവസാനം നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കില്ലെന്ന് ഇറാന്‍ ദേശീയ സുരക്ഷാ കമ്മീഷന്‍ തലവന്‍ ഇബ്രാഹിം അസീസി പറഞ്ഞു. ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈലുകളെ ആകാശത്തുവെച്ച് തന്നെ തകര്‍ക്കാന്‍ ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതായി ഐഡിഎഫ് അറിയിച്ചു.
അതേസമയം ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനിയെ സുരക്ഷിത താവളത്തിലേക്ക് മാറ്റി. ശനിയാഴ്ച പുലര്‍ച്ചെയാണ് ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടത്. ആക്രമണത്തെത്തുടര്‍ന്ന് ടെഹ്‌റാന്‍ നഗരത്തിലുടനീളം ശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടായി. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഖത്തറിലെ യുഎസ് എംബസി എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഷെല്‍ട്ടര്‍ഇന്‍പ്ലേസ് നടപ്പിലാക്കി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ എല്ലാ പൗരന്‍മാരും ഇതു പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
















