തിരുവനന്തപുരം: തനിക്കെതിരെയുള്ള പോക്‌സോ കേസ് രാഷ്‌ട്രീയപ്രേരിതമെന്ന് മുന്‍ ഡിജിപിയും തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലറുമായ ആര്‍. ശ്രീലേഖ. രാഷ്‌ട്രീയ പ്രവേശനം മുതല്‍ തനിക്കെതിരെ നിരവധി വ്യക്തിഹത്യകള്‍ നടക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ ഇത്തരമൊരു പരാതി ഉയര്‍ന്നതെന്നും ശ്രീലേഖ പറഞ്ഞു.
2021ല്‍ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയെന്നാണ് പരാതി. കുട്ടിക്ക് മരണസമയത്ത് 20 വയസിനോട് അടുത്ത് പ്രായമുണ്ടായിരുന്നു. കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത് ഞാനായിരുന്നു. ആ കുട്ടി പ്രായപൂര്‍ത്തിയായ ആളാണെന്ന് വ്യക്തമായതാണെന്നും ശ്രീലേഖ പറഞ്ഞു.
എഫ്‌ഐആറില്‍ മൈനര്‍ എന്ന് രേഖപ്പെടുത്തിയെങ്കിലും കുട്ടിക്ക് പ്രായപൂര്‍ത്തിയായതിനാല്‍ തനിക്കെതിരെയുള്ള കേസില്‍ പോക്‌സോ നിലനില്‍ക്കില്ല. 2022ലെ സംഭവം ആയതിനാല്‍ ഭാരതീയ ന്യായ സംഹിത ബാധകമല്ലെന്നും അവര്‍ പറഞ്ഞു. കുട്ടിയുടെ പേര് വെളിപ്പെടുത്തിയതില്‍ മാതാപിതാക്കള്‍ക്കും പരാതിയില്ല. മാധ്യമങ്ങളും പേരു വെളിപ്പെടുത്തിയിട്ടുണ്ട്.
സര്‍വീസില്‍ ഇരുന്നപ്പോള്‍ വരാത്ത കേസ് ഇപ്പോള്‍ വരുന്നതിന് പിന്നില്‍ രാഷ്‌ട്രീയ താത്പര്യങ്ങളുണ്ട്. കിളിരൂര്‍ കേസിലെ പെണ്‍കുട്ടിയുടെ പേര് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. നിലവില്‍ യൂട്യൂബില്‍ സജീവമല്ലാത്തതിനാല്‍ പല വീഡിയോകളും താന്‍ ഒഴിവാക്കിയിട്ടുണ്ടെന്നും ശ്രീലേഖ അറിയിച്ചു.
മുപ്പത്തിമൂന്നര വര്‍ഷം പോലീസ് ഉദ്യോഗസ്ഥയായിരുന്ന ആളാണ് താന്‍. എന്നും ഇരകള്‍ക്കൊപ്പമാണെന്നും പോക്‌സോ നിയമം വന്നപ്പോള്‍ ഏറെ സന്തോഷിച്ച വ്യക്തിയാണെന്നും ശ്രീലേഖ പറഞ്ഞു.
















