തിരുവനന്തപുരം: നഗരൂരിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ പോലീസ് ജീപ്പ് തടഞ്ഞ് എസ്ഐയടക്കമുള്ളവർക്ക് നേരെ അസഭ്യവർഷം നടത്തിയ സംഭവത്തിൽ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. രതീഷ്, വിഷ്ണു എന്നിവരെയാണ് പിടികൂടിയത്. സംഭവത്തില്‍ ഒന്‍പത് പേരെ പ്രതി ചേർത്തു. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
വിഷ്‌ണു, ഫൈസൽ, രതീഷ്, തിരിച്ചറിയാൻ കഴിയുന്ന മറ്റ് ആറുപേർ എന്നിവർക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിഷ്ണു, രതീഷ് എന്നിവരെയാണ് ആറ്റിങ്ങൽ ഡിവൈഎസ്‌പിയുടെ സ്‌ക്വാഡും, ആറ്റിങ്ങൽ സിഐയും ചേർന്ന് നടത്തിയ അന്വേഷണത്തിൽ പിടികൂടിയത്. ഇവർ നിലവിൽ ആറ്റിങ്ങൽ ഡിവൈഎസ്‌പി ഓഫീസിലാണുള്ളത്. നഗരൂര്‍ എസ് ഐ ഉള്‍പ്പടെയുള്ള പോലീസ് സംഘത്തെയാണ് തടഞ്ഞു നിര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ചത്.
കഴിഞ്ഞദിവസം കോൺഗ്രസിന്റെ ഫ്‌ളക്‌സ് ബോർഡ് തകർത്ത സംഭവത്തിൽ ഉൾപ്പെട്ട ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് പോലീസ് നോട്ടീസ് നൽകിയതാണ് പ്രകോപനത്തിനു കാരണം. രണ്ട് പ്രതികളുടെ വീട്ടില്‍ നോട്ടീസ് നല്‍കിയ ശേഷം മൂന്നാമത്തെ പ്രതിയുടെ വീട്ടിലേക്ക് നോട്ടീസ് നല്‍കാന്‍ പോകവെയാണ് സംഭവം. ഇതില്‍ പ്രകോപിതരായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടുറോഡില്‍ പോലീസ് വാഹനം തടയുകയായിരുന്നു. ആള്‍ട്ടോ കാറിലെത്തിയ സംഘം പോലീസ് ജീപ്പിനെ ഓവർടേക്ക് ചെയ്ത് തടയുകയായിരുന്നു.
കാറില്‍ നിന്നിറങ്ങിയ സംഘം എസ്.എച്ച്.ഒ അടക്കമുള്ള ഉദ്യോഗസ്ഥരെ പരസ്യമായി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ദൃശ്യങ്ങളില്‍ ആദ്യം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസിനെ തടഞ്ഞു നിര്‍ത്തി അസഭ്യം വിളിക്കുന്നതും വ്യക്തമാണ്. എന്നാല്‍ പോലീസ് അസഭ്യം വിളിച്ചുവെന്നാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പരാതി.
















