ജനീവ: കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ കുപ്രചരണങ്ങള്‍ നടത്തുന്നെന്ന് ഭാരതം. യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് പാകിസ്ഥാന്‍ പ്രചരിപ്പിക്കുന്നതെന്നും അവര്‍ ലാ ലാ ലാന്‍ഡിലാണ് (സ്വപ്‌നലോകം) ജീവിക്കുന്നതെന്നും ഭാരതം വ്യക്തമാക്കി.
ജനീവയില്‍ നടന്ന യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ 55-ാമത് സെഷനില്‍ പാകിസ്ഥാനും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ- ഓപറേഷനും (ഒഐസി) കശ്മീര്‍ പ്രശ്‌നം ഉന്നയിച്ചതിന് മറുപടി നല്‍കുകയായിരുന്നു ഭാരതത്തിന്റെ ഫസ്റ്റ് സെക്രട്ടറി അനുപമ സിങ്. കാശ്മീരിലെ വികസനത്തെപ്പറ്റിയായിരുന്നു പാകിസ്ഥാന്റെ ആരോപണം. എന്നാല്‍ അതിന് മറുപടിയായി പാകിസ്ഥാന്‍ ഐഎംഎഫില്‍ നിന്ന് കടമെടുത്ത പണത്തെക്കാള്‍ വലുതാണ് ജമ്മു കശ്മീരിലെ ബജറ്റ് എന്ന് അനുപമ തിരിച്ചടിച്ചു.
പാകിസ്ഥാന്റെ ആരോപണത്തിന് മറുപടി നല്‍കാന്‍ ഭാരതം നിര്‍ബന്ധിതരായിരിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് അനുപമ തന്റെ പ്രസംഗം ആരംഭിച്ചത്. പാകിസ്ഥാനും ഒഐസിയും ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം ഭാരതം നിരസിക്കുന്നതായും അനുപമ കൂട്ടിച്ചേര്‍ത്തു. അവര്‍ കൈവശപ്പെടുത്തിയ ഭാരതത്തിന്റെ പ്രദേശങ്ങള്‍ മാത്രമാണ് പരിഹരിക്കപ്പെടാത്ത പ്രശ്‌നമെന്നും അവര്‍ പറഞ്ഞു.












