ആത്മഹര്‍ഷഭരിതമായ ആറ്റുകാല്‍പൊങ്കാല കേരളീയതയുടെ അദ്ധ്യാത്മ സൗന്ദര്യം ആവാഹിച്ച അനന്തപുരിയെ ഹര്‍ഷപുളകിതമാക്കുന്നു. സുദൃഢമായ വിശ്വാസഭക്ത്യാനുഭൂതിയുടെയും ആത്മനിര്‍ഭരമായ മാതൃഭാവത്തിന്റെയും സമഭാവനയുടെയും പരസ്പര ഐക്യത്തിന്റെയും ഉദാത്തമായ ദൃശ്യവിസ്മയമാണ് ആറ്റുകാല്‍ പൊങ്കാല. മനസ്സില്‍നിന്നും കഠിനദുഃഖങ്ങളുടെ കെട്ടിറക്കി, സങ്കടങ്ങള്‍ക്കു പ്രതിവിധി തേടി നിറഞ്ഞമനസ്സോടെ അമ്മയെ വണങ്ങി, തിരിച്ചു പോകുന്ന ഭക്തര്‍ വീണ്ടും ഒരുപൊങ്കാലയ്‌ക്കായി നൊയമ്പുനോറ്റിരിയ്‌ക്കുന്നു. പൊങ്കാലയിടുന്ന ഓരോരുത്തരുടെയും ഹൃദയഭാരങ്ങളിറക്കി, മഹാമായയുടെ മഹനീയ സാന്നിധ്യം അനുഭവവേദ്യമാക്കുന്നു.
സംഘകാലത്ത് കേരളവും തമിഴ്നാടും ഒറ്റ രാജ്യമായിരുന്നു. ചേര രാജാവായ ചേരന്‍ ചെങ്കുട്ടവന്റെ അനുജനും കേരളീയനുമായ ഇളങ്കോവടികള്‍ ഇരിങ്ങാലക്കുടയിലെ തൃക്കണാമതിലകത്തിരുന്നാണ് ചിലപ്പതികാരം രചിച്ചത്.
ചിലപ്പതികാരത്തിന്റെ ചിലമ്പൊലിയും കണ്ണകിയെ ആവാഹിച്ച ആറ്റുകാലമ്മയും ഒരു കാലഘട്ടത്തിന്റെ ചരിത്രവും സംസ്‌കാരവും പാരമ്പര്യവും നമുക്ക് പരിചയപ്പെടുത്തുന്ന വഴിവിളക്കുകളാണ്.
ജീവിതത്തിലെ നന്മ തിന്മകളെക്കുറിച്ച് തിരിച്ചറിവ് നല്‍കുന്ന കോവലന്റെ ജീവിതപാഠവും കണ്ണകിയുടെ പാതിവ്രത്യത്തിന്റെ മഹത്വവും ഓരോ ദര്‍ശന വേളയിലും ആറ്റുകാലമ്മ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു!
ഇപ്രകാരം അനുഗ്രഹവര്‍ഷിണിയായ ദേവിയെ ആത്മരഥത്തിലിരുത്തി വ്രതശുദ്ധിയോടെ ക്ഷേത്രസന്നിധിയിലെത്തി പ്രണമിച്ചശേഷം ദേവിയുടെ ശ്രീകോവിലില്‍ നിന്നും പണ്ടാരയടുപ്പില്‍ മുഖ്യപൂജാരി അഗ്‌നി പകര്‍ന്നശേഷം നിറനിറഞ്ഞ പ്രാര്‍ത്ഥനയോടെ നാടിന്റെ അധിവാസ ചൈതന്യമായ അമ്മയുടെ മഹാസന്നിധിയെ സാക്ഷിനിര്‍ത്തി നേദ്യമൊരുക്കുന്നു. വെള്ളനിവേദ്യം, മണ്ടപ്പുറ്റ്, തെരളി, പാല്‍പ്പായസം തുടങ്ങിയ വിശിഷ്ടഭോജ്യങ്ങള്‍ ദേവിയ്‌ക്കായി ഭക്തജനങ്ങള്‍ കാഴ്‌ച്ച വെയ്‌ക്കുന്നു.
ആത്മസ്വരൂപിണിയായ ആറ്റുകാലമ്മയുടെ , ശ്രീജഗദംബയുടെ പൊങ്കല മഹോത്സവ വേളയിലാണ് നാം ഹൃദയം സമപ്പിച്ചു നില്‍ക്കുന്നത്. പ്രപഞ്ചത്തിന്റെ നിലനില്‍പ്പിന് ആധാരമായ ദേവിയുടെ മഹത്വത്തെ പ്രകീത്തിയ്‌ക്കുന്ന ദിവ്യമുഹൂര്‍ത്തത്തിന്റെ ആത്മ നിര്‍വൃതിയിലൂടെയാണ് നാം കടന്നുപോകുന്നത്.
ദേവീസന്നിധിയിലെ നേദ്യത്തില്‍ തീര്‍ത്ഥം തളിച്ചശേഷം തുടര്‍ന്ന് ഓരോയിടങ്ങളിലുമുള്ള അടുപ്പുകളില്‍ ഒരുക്കിവെച്ചിരിയ്‌ക്കുന്ന നേദ്യം പൂക്കുലയാല്‍ തളിച്ച തീര്‍ത്ഥം കൊണ്ട് അനുഗ്രഹീതമാക്കി, ആഗ്രഹപൂര്‍ത്തിവരുത്തി മനസ്സാ പ്രണമിച്ചു ധന്യതയുള്‍ക്കൊള്ളുന്നു.
നിറഞ്ഞു തുളുമ്പുന്ന ഐശ്വര്യത്തിന്റെ പ്രതീകമെന്നോണമാണ് പൊങ്കാലനേദ്യം പതഞ്ഞുപൊങ്ങി നിറഞ്ഞു തുളുമ്പുന്നത്! ആത്മ സമര്‍പ്പണത്തിന്റെ സാക്ഷാത്ക്കാരം. ശരണ്യ, സരസ്വതി, ശ്രീലക്ഷ്മി, ശ്രീപാര്‍വ്വതി,ശ്രീഭദ്ര, ഭദ്രകാളി, ദുര്‍ഗ്ഗാ എന്നിങ്ങനെ നാനാവിധത്തില്‍ പ്രകീര്‍ത്തിതയാണ് ദേവി.
കേരളത്തിലെ ദേവീപൂജയ്‌ക്ക് നാലായിരത്തിലേറെ വര്‍ഷം പഴക്കമുണ്ട്. ഭക്തരില്‍ സൗമ്യരൂപത്തില്‍ പാര്‍വ്വതിയും രൗദ്രരൂപത്തില്‍ കാളിയും പ്രഭാമയമായ ജ്ഞാന സ്വരൂപിണിയായ സരസ്വതിയുമായൊക്കെ ഹൃദയത്തിന്റെ വിളക്കാകുന്ന ആദിപരാശക്തിയായ ദേവി പ്രപഞ്ച നായിക യായി വിരാജിയ്‌ക്കുന്നു.
നന്മയുടെ രക്ഷകയും തിന്മയുടെ ശിക്ഷകയുമാണ് ദേവി. സത്യത്തിന്റെ വാത്സല്യനിധിയും അധാര്‍മ്മികതയുടെ ശത്രുവുമാണ് പരാശക്തി. പ്രാചീന സംസ്‌കൃതിയോളം പഴക്കമുണ്ട് ഈ മാതൃസങ്കല്‍പ്പത്തിന്. പൊങ്കലും പൊങ്കാലയുമെല്ലാം ദിവ്യാരാധനയുടെ ഭാഗമാണ്. ആരാധനയുടെ ഉദാത്തഭാവമാണ്.
കാര്‍ത്തിക നക്ഷത്രത്തില്‍ കാപ്പുകെട്ടി കുടിയിരുത്തി കുംഭമാസത്തിലെ പൂരംനക്ഷത്രവും പൗര്‍ണമിയും കൂടിച്ചേരുന്ന ശുഭദിനത്തില്‍ പുറത്തെഴുന്നള്ളത്തും കുരുതി( ഗുരുസി) സമര്‍പ്പണവും കഴിയുന്നതോടെയാണ് പൊങ്കാല മഹോത്സവത്തിനു ശുഭപര്യവസാനമാകുന്നത്.
നാടിന്റെ യശസ്സെന്നോണം, നാനാത്വത്തില്‍ ഏകത്വമെന്നോണം നാനാജാതി മതസ്ഥരായ അംഗനമാരുടെ ഭക്തിസംപൂര്‍ണ്ണമായ ഒത്തുചേരലാണ് നമ്മുടെ സംസ്‌കൃതിയുടെ വരദാനമായ ആറ്റുകാല്‍ പൊങ്കാല മഹോത്സവം എന്നത് ്പറഞ്ഞേ മതിയാകൂ.
കാളീസങ്കല്പമാണ് അനന്തപുരിയിലെ ആറ്റുകാലമ്മ. പാതിവ്രത്യത്തിന്റെ പ്രതീകമായ കണ്ണകിയുടെ കാളീരൂപത്തിലുള്ള അവതാരമായാണ് ആറ്റുകാലമ്മയെ ആരാധിക്കുന്നത്.
സംഘകാലത്ത്, അതായത് ഏകദേശം രണ്ടായിരം വര്‍ഷം മുമ്പ് ഇളങ്കോവടികള്‍ രചിച്ച ചിലപ്പതികാരം എന്ന തമിഴ് ഇതിഹാസ കാവ്യത്തിലാണ് വീരനായികയായ കണ്ണകിയുടെ കഥ പറയുന്നത്. കേരളത്തിലെ ദേവീപൂജയ്‌ക്ക് നാലായിരത്തിലധികം വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഭക്തരില്‍ സൗമ്യരൂപത്തില്‍ പാര്‍വ്വതിയും രൗദ്രരൂപത്തില്‍ കാളിയും പ്രഭാമയമായ ജ്ഞാനസ്വരൂപിണിയായ സരസ്വതിയുമായൊക്കെ ഹൃദയത്തിന്റെ വിളക്കാകുന്ന ദേവി ആദിപരാശക്തി പ്രപഞ്ചനായികയായി വിരാജിയ്‌ക്കുന്നു.
നാടിന്റെ യശസ്സെന്നോണം, നാനാത്വത്തില്‍ ഏകത്വമെന്നോണം നാനാജാതി മതസ്ഥരായ അംഗനമാരുടെ ഭക്തിസംപൂര്‍ണ്ണമായ ഒത്തുചേരലാണ് നമ്മുടെ സംസ്‌കൃതിയുടെ വരദാനമായ ആറ്റുകാല്‍ പൊങ്കാലമഹോത്സവം.
കണ്ണകിയുടെ കഥ കോവലന്റേയും
കാവേരീപട്ടണത്തിലെ ധനിക വ്യാപാരിയുടെ മകനായ കോവലന്‍ അതി സുന്ദരിയും സമ്പന്നയുമായ കണ്ണകിയെ വിവാഹം ചെയ്യുന്നു. എന്നാല്‍ മാധവിയെന്ന ഒരു നര്‍ത്തകിയുമായി പിന്നീട് അടുപ്പത്തിലായ കോവലന്‍ കണ്ണകിയെ മറന്ന് തന്റെ സമ്പത്ത് മുഴുവന്‍ മാധവിക്കായി ചെലവഴിച്ചു. അങ്ങനെ ദരിദ്രനായി മാറിയ കോവലനെ ഒരു ദിവസം മാധവി തെരുവിലേക്ക് ഇറക്കിവിട്ടു.
തനിക്ക് സംഭവിച്ച തെറ്റ് തിരിച്ചറിഞ്ഞ കോവലന്‍ കണ്ണകിയുടെ അടുത്തേക്ക് തിരികെയെത്തുന്നു. പവിത്രയും പതിവ്രതയുമായ കണ്ണകി കോവലനെ സ്വീകരിക്കുകയും രണ്ടുപേരും കാവേരീപട്ടണം വിട്ട് പാണ്ഡ്യ രാജധാനിയായ മധുരയിലേക്ക് കുടിയേറുകയും ചെയ്യുന്നു.
വ്യാപാരം ചെയ്യുന്നതിന് പണം കണ്ടെത്താന്‍ തന്റെ കൈവശമുണ്ടായിരുന്ന ആകെ സമ്പാദ്യമായ രണ്ട് ചിലമ്പുകളില്‍ ഒരെണ്ണം കണ്ണകി കോവലന് വില്‍ക്കാനായി നല്‍കി.
എന്നാല്‍ ആയിടയ്‌ക്ക് പാണ്ഡ്യ രാജ്ഞിയുടെ മുത്തുകള്‍ നിറച്ച ഒരു ചിലമ്പ് കൊട്ടാരത്തില്‍ നിന്നും മോഷണം പോയിരുന്നു. കണ്ണകിയുടെ ചിലമ്പ് വില്‍ക്കാന്‍ ശ്രമിച്ച കോവലന്‍, രാജ്ഞിയുടെ മോഷണം പോയ ചിലമ്പന്വേഷിച്ച് നടന്ന പട്ടാളക്കാരുടെ പിടിയിലകപ്പെട്ടു. തുടര്‍ന്ന് രാജസദസ്സിലെത്തിച്ച കോവലനെ രാജാവ് ഇല്ലാത്ത കുറ്റം ചുമത്തി വധശിക്ഷക്ക് വിധേയനാക്കി.
ഈ വിവരമറിഞ്ഞ് ക്രുദ്ധയായ കണ്ണകി തന്റെ കൈവശമുണ്ടായിരുന്ന മറ്റേ ചിലമ്പുമായി രാജസദസ്സിലെത്തുകയും കോവലന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ഒരു തെളിവായി ആ ചിലമ്പിനെ രാജാവിന്റെ മുന്നിലേക്ക് വലിച്ചെറിയുകയും ചെയ്തു.
കണ്ണകിയുടെ ചിലമ്പുടഞ്ഞ് വിലയേറിയ മാണിക്യരത്‌നങ്ങള്‍ ചിതറിവീണു. അതുകണ്ട് പശ്ചാത്താപവിവശരായി രാജാവും രാജ്ഞിയും തല്‍ക്ഷണം മരണപ്പെട്ടു. കാരണം രാജ്ഞിയുടെ മോഷ്ടിക്കപ്പെട്ട ചിലമ്പിലുണ്ടായിരുന്നത് കേവലം വിലകുറഞ്ഞ മുത്തുകളായിരുന്നു.
എന്നാല്‍ നിരപരാധിയായ തന്റെ ഭര്‍ത്താവിനെ വധിച്ചതിലുള്ള കോപാഗ്‌നിയില്‍ പ്രതികാരമൂര്‍ത്തിയായി മാറിയ കണ്ണകി തന്റെ ഒരു മാറിടം അറുത്തെറിയുകയും സംഹാരരുദ്രയായി മധുരാനഗരം ചുട്ടെരിക്കുകയും ചെയ്തു.
മധുരയെ ചുട്ടെരിച്ച കണ്ണകി അവിടം ഉപേക്ഷിച്ച് ചേര രാജധാനിയായ കൊടുങ്ങല്ലൂരിലേക്ക് പോകുംവഴി ആറ്റുകാല്‍ ദേശത്തെത്തിയെന്നും അവിടത്തെ മുല്ലവീട്ടില്‍ കാരണവര്‍ക്ക് ബാലികാരൂപത്തില്‍ ദര്‍ശനം നല്‍കിയെന്നും അദ്ദേഹത്തിന് സ്വപ്‌നത്തില്‍ ലഭിച്ച നിര്‍ദ്ദേശാനുസരണം തെക്കത് നിര്‍മ്മിച്ച് ദേവിയെ കുടിയിരുത്തിയെന്നുമാണ് ഐതിഹ്യം.
കാലാന്തരത്തില്‍ തെക്കത് മുടിപ്പുരയായും പിന്നീടത് പഞ്ച പ്രകാരങ്ങളോടുകൂടിയ മഹാക്ഷേത്രമായും പരിണമിച്ചു.
സ്ത്രീത്വത്തിന്റെ മഹനീയത നിറഞ്ഞു തുളുമ്പുന്ന ശാക്തേയ സങ്കല്പങ്ങളായ കാളീ, ഭഗവതീ ക്ഷേത്രങ്ങളിലെ പുരോഹിതന്മാര്‍ക്ക് ഒരിക്കലും ജാതി, വര്‍ണ്ണ വ്യത്യാസങ്ങള്‍ ബാധകമായിരുന്നില്ല.
തെക്കന്‍ ഭാരത സംസ്‌കാരത്തിന്റെ സവിശേഷമായ ആചാരങ്ങളിലൊന്നായ പൊങ്കാല ഉത്സവത്തിന് ആയിരം വര്‍ഷത്തിലേറെ പഴക്കമുണ്ട്.
തമിഴര്‍ ഇതിനെ പൊങ്കല്‍ എന്നാണ് വിളിക്കുന്നത്. കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവമാണ് ആറ്റുകാല്‍ പൊങ്കാല. ഉത്സവകാലത്തുള്ള തോറ്റംപാട്ടില്‍ ചിലപ്പതികാരവും പാടാറുണ്ട്. കൂടാതെ ക്ഷേത്രത്തിലെ ഗോപുരങ്ങളില്‍ കണ്ണകിയുടെ കഥ ശില്പങ്ങളായി ജ്വലിച്ചു നില്‍ക്കുന്നതും കാണാം.
















