വാഷിങ്ടൺ: പാകിസ്ഥാനെ ആണവായുധ മുക്തമാക്കാൻ ഇന്ത്യ ഇടപെടണമെന്ന് അഫാഗാനിസ്ഥാനിലെ മുൻ എംപി. താലിബാൻ അഫ്ഗാനിൽ ഭരണം പിടിച്ചതിന് പിന്നാലെ അമേരിക്കയിൽ പ്രവാസജീവിതം നയിക്കുന്ന മറിയം സോളൈമാൻഖിൽ ആണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. പാകിസ്ഥാൻ ദശകങ്ങളായി ഭീകരവാദത്തിന് പിന്തുണ നൽകിവരുന്നുണ്ടെന്നും അവരുടെ കയ്യിൽ ആണവായുധം ഉള്ളത് ലോകത്തിനു തന്നെ ഭീഷണിയാണെന്നും അവർ കുറ്റപ്പെടുത്തി. പാകിസ്ഥാന്റെ ആണവശേഖരം അന്താരാഷ്‌ട്ര സുരക്ഷയ്‌ക്ക് ഭീഷണിയാകുന്നതുമെന്ന ആരോപണങ്ങൾ അന്താരാഷ്‌ട്ര വേദികളിൽ ശക്തമായി ഉയർത്തണമെന്നും മറിയം സോളൈമാൻഖിൽ ഇന്ത്യയോട് ആവശ്യപ്പെട്ടു.
പാകിസ്താനെതിരെ ആഗോള ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളിൽ ഇന്ത്യ നിർണായക പങ്ക് വഹിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.താലിബാൻ ഭരണകൂടത്തിന്റെ കടുത്ത വിമർശകയായ മറിയം സോളൈമാൻഖിൽ നിലവിൽ യുഎസിലെ ലോസ് ആഞ്ജലീസ് നഗരത്തിലാണ് പ്രവാസ ജീവിതം നയിക്കുന്നത്. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇടയിൽ പുതിയ സംഘർഷങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് അഫ്ഗാനിസ്ഥാനിലെ മുൻ എംപിയുടെ പ്രതികരണം.പാകിസ്ഥാന്റെ “ഭീകരവാദപരമായ ഭരണനയങ്ങൾ” മൂലം ദശലക്ഷക്കണക്കിന് ആളുകൾ ദുരിതമനുഭവിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അവർ, അഫ്ഗാനിസ്ഥാനിലെ നിലവിലെ ഏകാധിപത്യ ഭരണരീതിയെയും ശക്തമായി വിമർശിച്ചു.
താലിബാൻ ഭരണകൂടത്തോടുള്ള എതിർപ്പ് വീണ്ടും ആവർത്തിച്ച മറിയം, പ്രാദേശിക സമാധാനം തകർക്കുന്ന ശക്തികളോട് അന്താരാഷ്‌ട്ര സമൂഹം കടുത്ത നിലപാട് സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ജനാധിപത്യം ഇല്ലാത്ത ഒരു സൈനിക ഏകാധിപത്യമാണ് പാകിസ്ഥാനെന്നും, യുദ്ധത്തെ തന്നെ ഒരു “ബിസിനസ് മോഡലായി” മാറ്റിയിരിക്കുന്നവർ റാവൽപിണ്ടി ആസ്ഥാനമായുള്ള ജനറൽമാരാണെന്നും അവർ ആരോപിച്ചു.
















