ശരീരത്തിലെ ചെറിയ മുറിവിൽ വളർത്തുനായ നക്കിയതിനെ തുടർന്ന് 56 കാരിക്ക് നഷ്ടമായത് രണ്ട് കാലുകളും കൈപത്തിയും. ബ്രിട്ടനിലെ ഫാർമസി ജീവനക്കാരിയായ മഞ്ജിത് സംഘയ്‌ക്കാണ് ഈ ദുരനുഭവം .
ചെറിയ മുറിവാണ് മഞ്ജിത്തിന് ഉണ്ടായിരുന്നത്. ലാളിക്കുന്നതിനിടെ നായ മുറിവ് നക്കിത്തുടച്ചു. ഇതുവഴി നായ്‌ക്കളുടെ ഉമിനീരിൽ കാണപ്പെടുന്ന കാപ്നോസൈറ്റോഫാഗ കനിമോർസസ് (Capnocytophaga canimorsus) എന്ന ബാക്ടീരിയ മഞ്ജിത്തിന്റെ മുറിവിലൂടെ രക്തത്തിൽ കലരുകയായിരുന്നു.
മഞ്ജിത്തിന് വൈകാതെ കൈകാലുകൾ തണുക്കുകയും ചുണ്ടുകൾ നീലനിറമാവുകയും ചെയ്തു. അബോധാവസ്ഥയിലായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ് തവണ ഹൃദയസ്തംഭനം ഉണ്ടാവുകയും അവയവങ്ങളുടെ പ്രവർത്തനം നിലയ്‌ക്കുകയും ചെയ്തിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
ശരീരത്തിലുടനീളം അണുബാധ പടർന്നതിനാൽ ജീവൻ രക്ഷിക്കാൻ മുട്ടിന് താഴെ രണ്ട് കാലുകളും രണ്ട് കൈപത്തികളും മുറിച്ചുമാറ്റി. കൂടാതെ പ്ലീഹ (Spleen)യും നീക്കം ചെയ്യേണ്ടി വന്നു.
ബാക്ടീരിയ മൃഗങ്ങൾക്ക് ഹാനീകരമല്ലെങ്കിലും മനുഷ്യരിലെത്തിയാൽ മാരകമായ സെപ്സിസ് (Sepsis) എന്ന അവസ്ഥയ്‌ക്ക് കാരണമാകും.അണുബാധയെ തടയാൻ പ്രതിരോധ സംവിധാനം അമിതമായി പ്രതികരിക്കുകയും ഇതുവഴി സ്വന്തം കോശങ്ങളെയും അവയവങ്ങളെയും നശിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്.
32 ആഴ്ചയോളം ആശുപത്രിയിൽ കഴിഞ്ഞശേഷം ഇപ്പോൾ വീട്ടിലെത്തിയിരിക്കുകയാണ്. റോബോട്ടിക്ക് കാലുകളും കൈകളും ഘടിപ്പിക്കുന്നതിനായി പണം സമാഹരിക്കാനുള്ള ശ്രമത്തിലാണ് കുടുംബം.











