തിരുവനന്തപുരം: ശബരിമല കൊടിമര പുനഃപ്രതിഷ്ഠാ ക്രമക്കേടിൽ നടന്മാരായ മോഹൻലാലിന്റെയും ദിലീപിന്റെ മൊഴി രേഖപ്പെടുത്തി വിജിലൻസ്. മോഹൻലാലിന്റെ തിരുവനന്തപുരത്തേയും ദിലീപിന്റെ കൊച്ചിയിലേയും വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. സ്വർണം സംഭാവന നൽകിയതിന്റെ വിവരങ്ങളാണ് താരങ്ങളിൽ നിന്ന് വിജിലൻസ് പ്രത്യേക സംഘം ചോദിച്ചറിഞ്ഞത്.
കൊടിമരത്തിന് ആവശ്യമായ സ്വർണം സംഭാവനയായി നൽകാമെന്ന് ഒരു കമ്പനി വാഗ്ദാനം ചെയ്തിരുന്നു. ഇതിനു പുറമേ 29 ഓളം ആളുകൾ സ്വർണം സംഭാവന ചെയ്തിരുന്നു. 2017ൽ നടന്ന കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട് സ്വർണം സ്വീകരിച്ചതിൽ ഗുരുതരമായ ചട്ടലംഘനം നടന്നതായി നേരത്തെ ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. സ്വർണം സംഭാവന നൽകണമെന്ന് അഭ്യർത്ഥിച്ചത് സുഹൃത്തും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയാണെന്ന് മോഹൻലാൽ മൊഴി നൽകി. തിരുവനന്തപുരത്തെ ജുവലറിയിൽ നിന്ന് രണ്ട് പവൻ സ്വർണം വാങ്ങി സുഹൃത്ത് മുഖേന പമ്പയിലെത്തിച്ചുവെന്നാണ് അദ്ദേഹത്തിന്റെ മൊഴി.
ദിലീപ് നൽകിയ സ്വർണത്തെക്കുറിച്ചുള്ള കണക്കുകൾ വ്യക്തമല്ല. നേരത്തെ കൊടിമര നിര്‍മാണത്തിന് സ്വര്‍ണം സംഭാവന നൽകിയ സംവിധായകൻമാരായ ഷാജി കൈലാസ്, രഞ്ജി പണിക്കര്‍, നിര്‍മാതാവ് സുരേഷ്‍ കുമാര്‍ എന്നിവരുടെ മൊഴിയും ശേഖരിച്ചിരുന്നു.
















