കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ പ്രതിയായ തിരുവാഭരണം മുൻ കമ്മീഷണർ കെ.എസ്. ബൈജുവും സ്വാഭാവിക ജാമ്യം കിട്ടി പുറത്തേയ്‌ക്ക്. ദ്വാരപാലക ശില്പകേസിലാണ് ജാമ്യം. നേരത്തെ കട്ടിള പാളി കേസിൽ ഇദ്ദേഹത്തിന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. രണ്ട് കേസിലും ജാമ്യം കിട്ടിയതോടെ ഇന്ന് വൈകുന്നേരത്തോടെ ബൈജു പുറത്തിറങ്ങും.
കൊല്ല വിജിലൻസ് കോടതിയാണ് ദ്വാരപാലക ശില്പ കേസിലെ സ്വാഭാവിക ജാമ്യത്തിനായുള്ള അപേക്ഷ പരിഗണിച്ചത്. അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് കാട്ടിയാണ് ബൈജു ജാമ്യഹർജി നൽകിയത്. ഇന്നലെ വാദം കേട്ട കോടതി ഇന്ന് വിധി പറയാൻ മാറ്റുകയായിരുന്നു.
ഇതിനോടകം 6 പ്രതികള്‍ പുറത്തിറങ്ങി കഴിഞ്ഞു. പത്മകുമാർ കട്ടിളപ്പാളി കേസിൽ ജാമ്യം നേടിയിരിക്കുകയാണ്. ദ്വാരപാലക കേസ് ഉളളത് കൊണ്ടാണ് റിമാൻഡിൽ തുടരുന്നത്. ഈ കേസിൽ പത്മകുമാറിനെ അറസ്റ്റ് ചെയ്ത് 90 ദിവസം ഈ ആഴ്ച പൂർത്തിയാകും. ഇതോടെ സ്വാഭാവിക ജാമ്യത്തിനുള്ള ഹർജിയുമായി കോടതിയെ സമീപിക്കാനും നീക്കം.
















